*നവരാത്രിയുടെ ആറാംദിവസമായ ഇന്ന്, ക്രിയാശക്തിയുടെ അവസാനദിനവുംകൂടിയാണ്. ഈ ദിവസത്തെ ആരാധ്യദേവീനാമം കാത്യായനിയെന്നാണു്! ശ്രദ്ധിക്കുക,* *കാത്യായനിയെന്നാണു് നാമം;* *കാർത്ത്യായനിയല്ലാ!*
*അതിവിശിഷ്ടമായ മറ്റൊരാഖ്യാനത്തിലേക്കാണ് നാമിന്നു പ്രയാണം ചെയ്യുന്നത്; കുലത്തിന്റെ പുത്രിയായി അറിയപ്പെടാനാഗ്രഹിച്ച ദേവീചൈതന്യത്തിന്റെ കഥ!*
*കാത്യവംശത്തിലെ അവസാനകണ്ണിയായ മഹർഷി കാത്യായനനും പത്നി ഹൈമവതിയും അനപത്യതാദു:ഖത്തിൽ നീറുന്ന കാലം..* *ബാലാദേവിയുടെ അകമഴിഞ്ഞ ഭക്തരായിരുന്ന ആ ദമ്പതികൾ, തങ്ങളുടെ ദുഃഖം പക്ഷേ ഭക്തിയോടു കാണിച്ചില്ലാ. അതനുദിനം ജ്വലിച്ചുകൊണ്ടേയിരുന്നു! വേദാദ്ധ്യയനം ദാനമായി ചെയ്തായിരുന്നു അവർ ആ പർണ്ണശാലയിൽ വസിച്ചിരുന്നത്.* *കാലംചെല്ലേ വയസ്സും അവശതയുമെല്ലാം അനുഭവപ്പെടാൻതുടങ്ങിയപ്പോൾ അവർ അവരുടെ ശിഷ്ടകാലം ഹിമാലയസാനുക്കളിൽ ചെലവഴിക്കാൻനിശ്ചയിച്ചു. തദനന്തരം തങ്ങളുടെ വസ്തുവകകളെല്ലാം ദാനംചെയ്ത് പോകാൻതുനിയുമ്പോഴതാ ഹൈമവതി തന്റെ ഉദരത്തിലെ ആ തുടിപ്പറിയുന്നു!!*
*കാലനിർണ്ണയം ആരാനും അറിഞ്ഞതുണ്ടോ, ആരാനും തഴഞ്ഞതുണ്ടോ!*
*പിന്നീടവർക്ക് ആനന്ദത്തിന്റെ നാളുകളായിരുന്നു! അങ്ങനെ കോടിസൂര്യപ്രഭയോടെ അവർക്കൊരു മകളവതരിച്ചു; ലാവണ്യത്തിടമ്പായ ആ പൊന്നുമോൾക്ക് കാത്യായനി എന്നു നാമകരണം നിർദ്ദേശിച്ചത് ഹൈമവതിയാണ്. കാത്യായനി ഏവരുടെയും അരുമയായി അവളങ്ങനെ വളർന്നുവരുകയാണ്. സകലചരാചരങ്ങളോടും രമ്യതയോടെയാണു് അവളുടെ നീക്കം.*
*ഇതേ അവസരത്തിലാണ് ദനുപുത്രനായ കാലകേയന്റെ ദുർവാഴ്ച അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയത്! മൂന്നുലോകങ്ങളും ശ്വസിക്കാൻപോലും അനുവാദം ആരായേണ്ട ഗതികേടിൽ!*
*ഒരിക്കൽ ആ ദാനവൻ ഇവിടെയുമെത്തി! വേദാദ്ധ്യയനം നടത്തുന്ന മുനിമാരെ, രക്തച്ചൊരിച്ചിലിലേർപ്പെടാതെ തന്റെ മന്ത്രശക്തിയുടെ അധീനതയിലാക്കുകയായിരുന്നു അയാൾ ചെയ്തത്! അതിൽ കാത്യായനർഷിയും പെട്ടുപോയി! പിന്നീടെല്ലാം കീഴ്മേൽമറിഞ്ഞു. മുനിമാരും നികൃഷ്ടരായിമാറി! തന്റെ പിതാവിന്റെ ആ മാറ്റം കാത്യായനിക്ക് സഹിക്കാനാവുമായിരുന്നില്ലാ! അവളിലെ ദൈവികത്വം ഉണർന്നു. ചന്ദ്രഹാസം കൈയിലേന്തി അവൾ അസുരന്മാരെ നേരിട്ടു. അവളെ സഹായിക്കാൻ സമാനകളായ അനവധി പെൺകുട്ടികളും ഒന്നുചേർന്നു. ആ ദൈവികത്വത്തിൽ കാലകേയന്റെ നീചശക്തികൾ പരാജയം സമ്മതിക്കാതെതരമില്ലല്ലോ! പ്രജ്ഞയിലേക്കു തിരിച്ചുവന്ന മഹർഷിമാർ തങ്ങൾക്കു സംഭവിച്ച ഭാവമാറ്റമോർത്ത് വിഹ്വലരായ്!*
*കാലകേയൻ അറ്റകൈക്ക് മാറാവ്യാധിദായകനായ ജ്വരാസുരനെ അവതരിപ്പിച്ചു; വസൂരിഎന്ന ഭീകരവ്യാധിയുടെ അധിപൻ!!* *അന്നുമുതലാണത്രേ വസൂരിയുടെ അണുക്കൾ തങ്ങളുടെ ആസുരികശക്തികളുമായി ജൈത്രയാത്ര തുടങ്ങിയത്! പക്ഷേ ദേവി വിടുമോ.. ഉടനേ പ്രതിവിധിയും കണ്ടെത്തി.*
*തന്റേതന്നെ മറ്റൊരു അംശത്തെ സൃഷ്ടിച്ചായിരുന്നു പ്രതിവിധി; ശീതളാദേവി!*
*ശീതളാദേവിയാണ് വസൂരിനിർമ്മാർജ്ജനത്തിനായവതരിക്കുന്നത്.* *അതിന്റെ സിദ്ധൌഷധമായ ആര്യവേപ്പെന്ന വൃക്ഷത്തിന്റെ പിറവിയും ഈ സമയത്തുതന്നെ!* *കഴുതവാഹനയാണ് ശീതളാദേവി.* *അദ്ധ്വാനത്തിന്റെ പ്രതീകമാണ് കഴുത. മാത്രവുമല്ല രോഗപ്രതിരോധശേഷി ഏറ്റവും കൂടുതലുള്ള മൃഗവും കഴുതതന്നെ.*
*പിന്നെ കാലകേയനെ നിഗ്രഹിക്കുന്നത്, ഈ വസൂരിവ്യാധി അയാൾക്കുതന്നെ തിരിച്ചുകൊടുത്താണ്!!* *'വാളെടുത്തവൻ വാളാൽ' എന്നത് ഇവിടെ അന്വർത്ഥമായിബ്ഭവിച്ചു!*
*കാര്യങ്ങളിങ്ങനെ മംഗളമായിക്കൊണ്ടിരിക്കുമ്പോൾ ഇവിടെ കാത്യായനർഷി ആകെ തകർന്നുപോയിരുന്നു!!* *ഒരു മുനിയായിരുന്നിട്ടും താൻ അധമനായ ഒരു ദാനവന്റെ മായാജാലത്തിൽ അകപ്പെട്ടുപോയത് അദ്ദേഹത്തെ കുറച്ചൊന്നുമല്ല നിരാശനാക്കിയത്! കാത്യായനർഷിയെ ഉദ്ധരിക്കുന്ന കർമ്മം പിന്നെ ആ മകളേറ്റെടുത്തു!*
*അന്നേരം അദ്ദേഹം തന്റെ മകളെ അറിയുകയായിരുന്നു..* *ആ ചൈതന്യത്തെ സ്വാംശീകരിക്കുകയായിരുന്നു..*
*ജ്ഞാനത്തിന്റെ പാരമ്യത്തിൽ തൊണ്ടയിടറിക്കൊണ്ട് വിറയാർന്ന ഹൃത്തോടെ അദ്ദേഹം മകളിലെ ആ ചൈതന്യത്തെ സ്തുതിച്ചു.. അദ്ദേഹവും പത്നിയും അങ്ങനെ മോക്ഷഗതിപ്രാപിക്കുന്നനേരം, അച്ഛനോടുള്ള സ്നേഹത്തിന്റെ പ്രതീകമായി താൻ ആ കുലപ്പേരിൽത്തന്നെ ജഗത്തിൽ പൂജിതയാകുമെന്ന് ദേവി അരുളിച്ചെയ്തു! ആ കൌമാരാവസ്ഥയിൽത്തന്നെ ദേവി അന്തർധാനംചെയ്‌തുവത്രേ!*
*ഇങ്ങനെയാണ് കാത്യായനീദേവിയുടെ ധ്യാനശ്ലോകം:*
*ചന്ദ്രഹാസോജ്ജ്വലകരാ ശാർദ്ദൂലവരവാഹനാ।*
*കാത്യായനീ ശുഭം ദദ്യാദ് ദേവീ ദാനവഘാതിനീ॥*
*അർത്ഥം:- ഉജ്ജ്വലമായ ചന്ദ്രഹാസം കൈയിലേന്തിയ, ദാനവന്മാരെ ഹനിച്ച സിംഹവാഹനയായ കാത്യായനിദേവി ശുഭമരുളട്ടേ!*
*ഈ ദേവിയെ പിന്നെ കാണുന്നത് വിന്ധ്യാചലത്തിലാണ്;* *മഹിഷവാഴ്ച അതിന്റെ ഉച്ചകോടിയിലെത്തിയസമയം, ചിതറിമാറിപ്പോയ ദേവകളുടെ ഒന്നുചേർന്ന പ്രാർത്ഥനയാലും സാധനയാലും കാത്യായനി വിന്ധ്യാചലത്തിൽ ബ്രഹ്മവിഷ്ണുരുദ്രാദി ദേവചൈതന്യത്തിൽ നിന്നുരുവപ്പെട്ട് പൂർണ്ണദർശനയാകുന്നു! അനന്തരം മഹിഷാസുരവധത്തിനായി പുറപ്പെടുന്ന ദേവിക്ക് സമസ്തദേവകളും ചേർന്നാണ് ആയുധങ്ങളും വാഹനവും സമ്മാനിക്കുന്നത്.*
*അത്യധികം സാധനയാലും തപ:ശക്തിയാലും രംഭാസുരന് ജനിച്ച പുത്രനാണ് മഹിഷൻ. ശക്തിമാനായിരുന്നിട്ടും ആ മഹിഷൻ തപസ്സിനുപോയി;* *എന്തിനെന്നോ? മരണമില്ലാത്ത അവസ്ഥ നേടാൻ! പക്ഷേ ജനിച്ചാൽ മരിക്കണമെന്ന തത്ത്വമുദ്ഘോഷിച്ച് വിധാതാവ് അവനെ കൈയൊഴിഞ്ഞു.*
*അവൻ നിരാശനായില്ലാ, ഉടനേതന്നെ ബുദ്ധിപൂർവ്വം(അതോ ബുദ്ധിശൂന്യതയോ?) മറ്റൊന്നു വരമായാവശ്യപ്പെട്ടു. അതെന്താണെന്നോ..'യുദ്ധത്തിലാവണം അന്ത്യമെന്നും, ആണായിപ്പിറന്നൊരു വർഗ്ഗവും തന്നെ കൊല്ലുവാൻപ്രാപ്തരാവരുതുമെന്നായിരുന്നു ആ വരം!' അന്നു സ്ത്രീകള്‍ ആയുധമെടുത്ത ചരിത്രമില്ലല്ലോ.. സസന്തോഷം വിധാതാവ് അതു നല്കുകയുംചെയ്തു.*
*ദേവീമഹിഷസംവാദം അത്യന്തം രസകരമാണ്;*
*തന്റെ സൈന്യങ്ങളെല്ലാം നാമാവശേഷമായിട്ടും ദേവിയെ കണ്ടപ്പോൾ, ആ സൗന്ദര്യത്തിൽ മറ്റെല്ലാം മറന്നുപോകുന്ന വിടനായ മഹിഷനെക്കാണാം!* *കർമ്മങ്ങൾ മറന്ന ആ മഹിഷം പിന്നീട് തന്റെ മഹേന്ദ്രജാലത്തിലൂടെ ദേവിയോട് പൊരുതാൻ ബാദ്ധ്യസ്ഥനാകുകയും ചെയ്യുന്നു!*
*അപ്പോഴും "അബലേ..അബലേ.."* *എന്നുവിളിച്ച് അപഹസിക്കുന്നു..*
*അപ്പോഴാണ് മധുപാനം മധുരമായി നടത്തി ദേവി മൊഴിയുന്നത്*
*"മൂഢാ.. സ്ത്രീകളെ നിസ്സാരകളായി കാണാൻമാത്രം നീയിത്ര വിഡ്ഢിയോ! ആ നിനക്കൊന്നും ജീവിക്കാനേ അർഹതയില്ലാ!" പറയലും പ്രവൃത്തിയും ഒരുമിച്ചുകഴിഞ്ഞു!!*
*തന്റെ കപടമായാവേഷത്തിൽനിന്ന് പൂർവ്വസ്ഥിതിയിലാവാൻപോലും ആ പോത്തിനു കഴിഞ്ഞില്ലാ, അപ്പോഴേക്കും അറുക്കപ്പെട്ടു ആ തല!!*
*ഇതിന്റെയെല്ലാം സത്തകൾ അനിർവ്വചനീയമാണ്; എല്ലാം ഓരോരോ ഗുപ്തതത്ത്വങ്ങള്‍! വിസ്താരഭയത്താൽ ഓരോന്നും എടുത്തെടുത്തു പ്രസ്താവിക്കുന്നില്ലാ. എന്നിരുന്നാലും സ്ത്രീശാക്തീകരണത്തിന്റെ മകുടോദാഹരണമായി ഈ കഥകളെ കാണാം!*
*കാത്യായനി:- കാത്യ എന്നാൽ ശുദ്ധമെന്നർത്ഥം. ശുദ്ധതയിലേക്കുള്ള പ്രയാണത്തിൽ കാത്യായനീദേവിയും അനുഗ്രഹദായിനി! കന്യകമാരുടെ സ്വയംവരദേവതകൂടിയാണ് കാത്യായനി. വൃശ്ചികമാസത്തിലെ കാത്യായനീവ്രതം പ്രസിദ്ധമാണല്ലോ!*
*ക്രിയാശക്തിയുടെ ഈയവസാനദിനത്തിൽ അനവധി ചിന്തകൾ സരണികളായി ഒഴുകുന്നുണ്ട്..*
*'താൻ കുഴിച്ച കുഴിയിൽ താൻതന്നെ' എന്ന ബോധം, അറിവില്ലായ്‌മയുടെമേല്‍ തിരിച്ചറിവുകള്‍ നേടുന്ന വിജയം. മൂഢതയാകുന്ന മഹിഷത്തിനുമേല്‍ ജ്‌ഞാനമാകുന്ന സിംഹത്തിന്റെ വിജയം; സ്വാര്‍ത്ഥതയെന്ന തിന്മയുടെ മീതെ നിസ്വാര്‍ത്ഥതയെന്ന നന്മയുടെ ഉയർച്ച; ചിതറിമാറപ്പെട്ടവയിൽനിന്ന് ഒരുമിച്ചുനിന്നവയുടെ മഹത്ത്വം..* *അങ്ങനെയങ്ങനെ പോകുന്നു.*
*ഇതിൽനിന്നെല്ലാം ചിതറിത്തെറിച്ച ദേവകളെല്ലാം* *ദേവീസൃഷ്ടിക്കായി ഒന്നുചേർന്ന ചിന്തയാണ്* *ഞാൻ സ്വാംശീകരിക്കുന്നത്!*
*യാ ദേവീ സർവ്വഭൂതേഷു* *വിഷ്ണുമായേതി ശബ്‌ദിതാ*
*നമസ്തസ്യൈ നമസ്തസ്യൈ* *നമസ്തസ്യൈ നമോ നമ:*
*ഒരുമയുടെ മൂല്യമറിയുന്നതിലാവട്ടെ ഈ ദിവസത്തിന്റെ മേന്മ!*
*ഔത്സുക്യപൂർവ്വം.*
🙏🙏🙏🙏🙏🙏🙏🙏🙏🙏
No comments:
Post a Comment