#സ്കന്ദമാതാ
" ദുഃഖമൊക്കെയകറ്റീടാന്‍
സിംഹവാഹിനിയാം ദേവീ
സ്കന്ദമാതാവിനു വന്ദനം "
ഒരു മാതാവിന്റെ പൂർണ്ണഭാവം. എന്നും പുത്രന് തുണയായി അവന്‍റെ പേരില്‍ അറിയപ്പെടാൻ ആഗ്രഹിക്കുന്ന മാതൃഭാവം.
സ്കന്ദമാതാ - സ്കന്ദന്‍റെ അമ്മ ---സുബ്രഹ്മണ്യന്‍റെ അമ്മ.
ബാലസുബ്രഹ്മണ്യനെ മടിയിലിരുത്തി അനുഗ്രഹം തൂകുന്ന ദിവ്യ രൂപമാണ് അഞ്ചാം ദിനത്തിലെ ആരാധനാ മൂർത്തി. സ്കന്ദൻ അഥവാ സുബ്രഹ്മണ്യന്‍റെ മാതാവായതിനാൽ ദേവിയെ സ്കന്ദമാതാ എന്ന് വിളിക്കുന്നു. ചതുര്ഭുജയും തൃനേത്രയുമാണ് ഈ ദേവി. രണ്ടു കൈകളിലും താമരപ്പൂവും താഴത്തെ ഒരു കൈ പുത്രനെ വാത്സല്യപൂര്‍വ്വം തഴുകുന്ന തരത്തിലും, മറ്റേ കൈയില്‍ വരദമുദ്രയും ധരിച്ചിരിക്കുന്നു. സത്യത്തില്‍ സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സ്കന്ദനെ പൂജിക്കുന്ന ഫലം കൂടി ലഭിക്കുന്നു. സുബ്രഹ്മണ്യപ്രീതിക്കും സ്കന്ദമാതാരാധന ഫലപ്രദമാകുന്നു.
.
ശിവശക്തിക്ക് യോഗശക്തിയാല്‍ ഉണ്ടായ പുത്രനാണ് സുബ്രഹ്മണ്യൻ. സ്കന്ദന്‍ ഊർജ്ജരൂപത്തിലവതരിച്ച സമയം ശിവശക്തി പ്രഭാവമറിയാതെ താരകാസുരനില്‍നിന്നു രക്ഷിക്കാനായി അഗ്നി ആ ഊർജ്ജത്തെ ആവാഹിച്ചു; പക്ഷേ താപം താങ്ങാനാവാതെ ആ ഊർജ്ജത്തെ ഗംഗയില്‍ നിക്ഷേപിച്ചു. ഗംഗയ്ക്കും ആ താപം ഉൾകൊള്ളാൻ സാധിച്ചില്ല. ഗംഗ അത് ശരവണ പൊയ്കയിലൊഴുക്കി. അവിടെ നിന്നാണ് ആറ് താമര പൂക്കളിൽ ആറു കുമാരന്മാരായി ആ ശക്തി രൂപപ്പെടുന്നത്. സംരക്ഷിച്ചത് കാർത്തിക നക്ഷത്രത്തിന്റെ ദേവതമാരും.
ഈ സമയം ധ്യാനത്തിലായിരുന്ന പാർവ്വതി ധ്യാനസമാപ്തിയില്‍ തന്റെ പുത്രനെ കാണാതെ അതീവ ദു:ഖിതയായി. ആ ദു:ഖം ഒരു കരിനിഴലായി അഗ്നിയിലാഴ്ന്നു. അതിനുശേഷമത്രേ അഗ്നിക്കു പുകയും അഗ്നി സ്പർശിക്കുന്നതെല്ലാം ചാരവുമായി ഭവിക്കാന്‍ തുടങ്ങിയത്. പിന്നീട് ദേവീ ദർശനത്താല്‍ ആ ആറു കുമാരന്മാരും ഒന്നായി സ്കന്ദനായി തീർന്നു. ആറ് താമരപ്പൂക്കളിലെ ശക്തികൾ ഒരേ ക്ഷണത്തിൽ ഒന്നായതു കൊണ്ട് സ്കന്ദ നാമം.
ഒരമ്മവാത്സല്യത്തിനു തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ സാധിക്കുന്നത്ര മറ്റൊരു വാത്സല്യത്തിനും സംരക്ഷിക്കാൻ സാധിക്കുകയില്ലെന്നും അതുപോലെ അമ്മ നല്കുന്ന പ്രാഥമിക ശിക്ഷണമാണു മറ്റേതു ശിക്ഷണത്തിന്റെയും അടിത്തറയെന്ന പരമമായ സത്യം ഈ അവസരത്തിലാണ് പാർവ്വതീദേവി അഗ്നിയേയും മറ്റു ദേവകളേയും ബോധ്യപ്പെടുത്തിക്കൊടുക്കുന്നത്.
ശേഷം തന്റെ പുത്രനെ ഏറ്റെടുത്ത് താരകാസുര നിഗ്രഹത്തിനായി ആ കുമാരനെ തയ്യാറാക്കുന്നിടത്ത് സ്കന്ദജനനീ ഭാവം ദർശനമാകുന്നു. അതുകൊണ്ടുതന്നെ ആറുമുഖങ്ങളുള്ള കുമാരനെ മടിയിലിരുത്തി ശക്തിയാകുന്ന സിംഹത്തിന്റെ പുറത്താസനസ്ഥയായാണ് സ്കന്ദമാതാരാധന. ഈ ആറു മുഖങ്ങള്‍ ആറു ഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആറു ഗുണങ്ങള്‍. കുഞ്ഞുങ്ങള്‍ക്കു സമ്മാനിക്കുന്ന മാതാവു പരാശക്തി തന്നെ.
ദേവിയെ സ്കന്ദമാതാ ഭാവത്തിൽ പ്രാർത്ഥിക്കുവാനുള്ള മന്ത്രം
“സിംഹാസനഗതാ നിത്യം
പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ
സ്കന്ദമാതാ യശസ്വിനീ “
ഈ മന്ത്രം കൊണ്ട് ദേവീ ഉപാസന നടത്തുന്നവര്‍ക്ക് ദേവിയുടെയും ശ്രീ മുരുകന്റെയും അനുഗ്രഹം ലഭിക്കും. ജീവിതത്തിലെ ദുഃഖങ്ങളും യാതനകളും ഉപേക്ഷിച്ച് പരമമുക്തി പ്രാപിക്കുവാനായി സ്കന്ദമാതയെ ഭജിക്കാം. മോക്ഷപ്രദയാനിയായ ശക്തിസ്വരുപിണി നിർവൃതിയും സമാധാനവും പ്രധാനം ചെയ്യുന്നു...
.
"യാ ദേവി സർവ്വ ഭൂതേഷു
മാതൃ രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ"
No comments:
Post a Comment