Tuesday, March 23, 2021

പൂരം കഥ

" നേരത്തെ കാലത്തേ വരണേ കാമാ.. കുഞ്ഞാങ്ങലത്താറാട്ടിനു പോലേ കാമാ..... തെക്കൻ ദിക്കില് പോലേ കാമാ തെക്കത്തി പെണ്ണുങ്ങള് ചതിക്കുമേ കാമാ...വരും കൊല്ലം നേരത്തെ കാലത്തെ വരണേ കാമാ.... "

 

മീനമാസത്തിലെ പൂരം നക്ഷത്രത്തിലെ സന്ധ്യവേളകളിൽ വടക്കൻ കേരളത്തിലെ ചന്ദ്രഗിരി പുഴയ്ക്കും കണ്ണൂർ വളപട്ടണം പുഴയ്ക്കുമിടയിലെ നാട്ടിൻപുറങ്ങളിലെ പ്ലാവുകളുടെ ചോട്ടിൽ കത്തിച്ചു വച്ച നിലവിളക്കുകളുടെയും ഉപ്പു തൊടാത്ത ശർക്കരയും തേങ്ങയും ഉരുക്കിയൊഴിക്കുന്ന ഓട്ടടയുടെയും അകമ്പടിയോടെ വീട്ടുകാർ ഈ വാമൊഴി ഉറക്കെ ചൊല്ലുന്നുണ്ടാകും.... പ്ലാവിൻ ചോട്ടിൽ ചാണകം കൊണ്ടും മണ്ണ് കൊണ്ടും മീനത്തിലെ കാർത്തിക മുതൽ  ഒൻപതു നാളുകളിലായി ഉണ്ടാക്കിയ കാമദേവന്റെ രൂപങ്ങൾ അവരുടെ യാത്രമൊഴി കേട്ട് നില വിളക്കിന്റെ വെട്ടത്തിൽ നിൽക്കുന്നുണ്ടാകും...." നേരത്തെ കാലത്തെ വരണേ കാമാ... "എന്ന ഇടറിയ സ്വരം രാത്രിയുടെ ഗൂഢതയ്ക്കിടയിലും സൗന്ദര്യത്തോടെ മുഴങ്ങിക്കൊണ്ടേയിരിക്കും.... കാമദേവന്മാർ ആ യാത്രമൊഴി കേട്ട് പതിയെ രാത്രിയിലേക്ക് ഇറങ്ങുന്നുണ്ടാകും... ഒൻപതു നാളുകളായി തങ്ങൾക്ക് വെള്ളവും പൂക്കളും ശർക്കരയടയും അർപ്പിച്ച വീട്ടുകാർക്ക് നന്ദി ഓതിക്കൊണ്ട് അവർ ഇരുട്ടിലേക്ക് യാത്രയാകും....

വല്ലാത്തൊരു മാസ്മരിക സൗന്ദര്യമാണ് ഗ്രാമങ്ങൾക്കും ഗ്രാമങ്ങളുടേതായ ഉത്സവങ്ങൾക്കും ചടങ്ങുകൾക്കും...നാട്ടിൻപുറങ്ങളിൽ ജനിച്ചു വളർന്നവർക്ക് മാത്രം ലഭിക്കുന്ന മധുരമുള്ള അനുഭവങ്ങൾ.....വളർച്ച രുചിക്കുന്ന കാലത്ത് ഒരു പുഞ്ചിരിയോടെ പഴയ ബാല്യത്തിലേക്ക് പോകാൻ കൊതിപ്പിക്കുന്ന ഓർമകൾ...

തരകാസുരനെ വധിക്കാൻ വേണ്ടി പരമശിവന്റെ തപസ്സു ഉണർത്താൻ ദേവന്മാർ കാമദേവനെ നിയോഗിച്ചു. എന്നാൽ തപസ്സിന് ഭംഗം നേരിട്ട ശിവൻ തന്റെ തൃക്കണ്ണ് തുറന്നു കാമദേവനെ ഭസ്മമാക്കി.പതിയുടെ ജീവൻ തിരികെ നൽകാൻ കാമദേവന്റെ പത്നി ശിവനോട് അപേക്ഷിക്കുകയും. മീനമാസത്തിലെ കാർത്തിക നാൾ തൊട്ട് പൂരം നാൾ വരെയുള്ള നാളുകളിൽ കാമദേവന്റെ രൂപം പൂക്കൾ കൊണ്ടും പശുവിന്റെ ചാണകം കൊണ്ടും മണ്ണ് കൊണ്ടും ഉണ്ടാക്കി പൂജിക്കണമെന്നും. ഒൻപതാം നാൾ പൂരം നാളിൽ രാത്രിയിൽ കാമദേവൻ പുനർജീവിക്കും എന്ന് ശിവൻ വാക്ക് നൽകി. കാമദേവന്റെ പത്നി രതിദേവിയും മറ്റുള്ള അപ്സരസ്സുകളും അപ്രകാരം ചെയ്തു എന്നും. കാമദേവൻ പുനർജനിച്ചു എന്നുമാണ് ഐതിഹ്യം.

എന്റെ ബാല്യത്തിൽ ഏറെ കാത്തിരുന്ന നാളുകളാണ് പൂരക്കാലം. വേനലവധി തുടങ്ങിയ നാളുകളായതിനാൽ കാർത്തിക നാൾ രാവിലെ മുതൽ കൂട്ടുകാരോടൊപ്പം പൂക്കൾ തേടി ഇറങ്ങും. ചെമ്പകം, അതിരാണി പൂക്കൾ, മുരിക്കും പൂക്കൾ.. തുടങ്ങി നാട്ടിൻപുറങ്ങളിൽ മീനമാസങ്ങളിൽ സുലഭമായി ലഭിക്കുന്ന പൂക്കളൊക്കെ രാവിലെ തന്നെ പറിച്ചെടുത്തു കവുങ്ങിൻ പാളയിൽ വെള്ളം തളിച്ച് വയ്ക്കും. വൈകിട്ട് കുളി കഴിഞ്ഞു കിണറിനടുത്തായി നിലത്ത് ചാണകം കുടഞ്ഞു, കാഞ്ഞിരത്തിന്റെ ഇലകളിൽ ഭസ്മം എടുത്തു വയ്ക്കും. വിളക്ക് കത്തിച്ചു അതുമെടുത്തു കിണറ്റിനടുത്തേക്ക്...പാളയിലെ പൂക്കൾ കിണ്ണത്തിലേക്ക് എടുത്തു വച്ചു അതും കയ്യിൽ പിടിച്ചു മൂന്നു പ്രദക്ഷിണം... കയ്യിലുള്ള പൂക്കൾ നിലത്തേക്ക് അർപ്പിക്കും. ചെമ്പകം കൊണ്ട് മൂന്നു വട്ടം പൂക്കൾക്ക് വെള്ളം നൽകും... രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും പൂക്കൾക്ക് വെള്ളം നൽകണം... നാലം നാൾ മുതൽ പൂക്കൾ നടുമുറ്റത്തു ചാണകം കൊണ്ട് ഉണ്ടാക്കിയ കാമദേവന്റെ രൂപങ്ങളോടൊപ്പം അർപ്പിക്കണം... ചാണകം ഉരുട്ടിയിരുട്ടി കാമദേവന്റെ രൂപങ്ങൾ ഉണ്ടാക്കുന്നത് ആക്കാലങ്ങളിൽ ഏറെ ഇഷ്ട്ടമുള്ള ഒന്നാണ്....തലയുടെ രൂപത്തിൽ ഒരു കുഞ്ഞു ചാണക ഉരുള ഉണ്ടാക്കി, കുന്നിക്കുരു കൊണ്ട് കണ്ണുകൾ വച്ച്, ചെമ്പകം കൊണ്ട് കിരീടം വച്ച് കൊടുത്തു..... പിന്നീടുള്ള നാളുകളിൽ നിത്യേന കാമരൂപങ്ങൾ മുറ്റത്തു നിറയും....

ഒൻപതാം നാൾ രാവിലെ മുതൽ മണ്ണ് തേടിയുള്ള യാത്രയാണ്.... അന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.  അരിപ്പൊടിയും ശർക്കരയും തേങ്ങയും കൂട്ടി ഉണ്ടാക്കുന്ന "പൂരട" യ്ക്കും... ഉപ്പിടാത്ത പാൽക്കഞ്ഞിക്കുമായുള്ള കാത്തിരിപ്പ്.... ഇഷ്ട്ടമുള്ള വിഭവങ്ങളിൽ ഒന്നാമനാണ് ചമത ഇലകളിലോ, പ്ലാവിലകളിലോ, ഉപ്പില ഇലകളിലോ വച്ച് ആവിയിൽ ഉണ്ടാകുന്ന  " പൂരട.. " പൂരട കഴിക്കാനായി മാത്രം പൂരത്തിന്റെ പിറ്റേന്നാൾ ബന്ധു വീടുകളിൽ കയറിയിറങ്ങും.... അത്രത്തോളം പ്രിയപ്പെട്ടതും രുചിയേറിയതുമായിരുന്നു എനിക്ക് പൂരട.

ഒൻപതാം നാൾ രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചു മണ്ണ് കൊണ്ട് അത്യാവശ്യം വലുപ്പത്തിൽ കാമദേവന്റെ രൂപങ്ങളെ ഉണ്ടാക്കും. അമ്മാമ ഉണ്ടാക്കുന്ന കാമദേവന്റെ രൂപങ്ങൾ എന്തൊരു മനോഹരമായിരുന്നു...! ചെമ്പകമൊട്ടുകൾ വാഴയിലയുടെ നാരുകളിൽ കോർത്തെടുക്കുന്ന മാലയും.. മുരിക്കിന് പൂവും ചെമ്പകവും കൊണ്ട് ഈർക്കിലിൽ കോർത്തു എടുക്കുന്ന വലിയ കിരീടം... അരിമണികൾ കൊണ്ട് പല്ല്... മുരിക്കിന് പൂവിന്റെ ഇതളുകൾ കൊണ്ട് ചുണ്ടുകൾ.... കുന്നിക്കുരു കൊണ്ട് കണ്ണ്...ഇത്തരം ആഭരണങ്ങൾ അണിഞ്ഞു കൈ കൂപ്പി നിൽക്കുന്ന കാമരൂപങ്ങൾ... അവരുടെ മുന്നിൽ കത്തുന്ന നിലവിളക്ക്... വാഴയിൽ പ്ലാവില കൊണ്ടുള്ള കുമ്പിളുകളിൽ ഉപ്പിടാത്ത പാൽക്കഞ്ഞി... ഓരോ പ്ലാവില കുമ്പിളിലും ഓരോ തിരി കത്തിച്ചു വച്ചിട്ടുണ്ടാകും.... കാമനും ചുറ്റിലും പൂക്കൾ... അന്ന് ഏറ്റവും പ്രധാനം കാടുകളിൽ മാത്രം ലഭിക്കുന്ന ജട പൂവുകളാണ്....തോട്ടു വക്കത്തും കാടുകളിലും കയറിയിറങ്ങി ജടപൂക്കൾ പറിക്കാൻ കൂട്ടുകാർ മത്സരിക്കും... കാമദേവനെ വച്ച് കഴിഞ്ഞാൽ പിന്നെ ഓട്ടമാണ് അയൽവക്കത്തുള്ള .. ഏതു വീട്ടിലാണ് ഏറ്റവും കൂടുതൽ ജടപ്പൂക്കൾ.... എവിടെയാണ് വലുപ്പം കൂടുതലുള്ള കാമനുള്ളത് എന്നൊക്കെ അന്വേഷിക്കാൻ..... ഓരോ വീട്ടിലും മുറ്റത്തോ ഇറയത്തോ ആയി പൂക്കൾക്ക് നടുവിൽ കാമൻ തല ഉയർത്തി നിൽക്കുന്ന കാഴ്ച എന്തൊരു ഐശ്വര്യം ഏറിയതാണ്...

രാത്രിയായാൽ എല്ലാ വീടുകളിലെയും സ്ത്രീകൾ മുഴുവൻ അടുക്കളയിൽ "പൂരട" ഉണ്ടാക്കുന്ന തിരക്കിലായിരിക്കും... ഉപ്പു ചേർക്കാത്ത രണ്ടോ മൂന്നോ അടകൾ പ്ലാവിലയിൽ ചുരുട്ടി തീയിൽ ചുട്ടെടുക്കും... ഇറയത്തും മുറ്റത്തും ഉള്ള കഴിഞ്ഞ ഒൻപതു നാളുകളിലായി അർപ്പിച്ച പൂക്കളും കാമന്റെ രൂപങ്ങളും തടുപ്പയിൽ കോരിയെടുക്കും.... വിളക്കിന്റെയും കിണ്ടിയുടെയും അകമ്പടിയോടെ അവരെയും കൊണ്ട് പ്ലാവില ചോട്ടിലേക്ക്....അപ്പോഴൊക്കെ ഓരോ വീട്ടിൽ നിന്നും ഉറക്കെയുറക്കെ കൂക്കുന്നുണ്ടാകും... ആ കൂവൽ കേൾക്കുമ്പോഴാണ് കാമനെ കൊണ്ടാക്കാൻ ആയി എന്ന് അടുത്ത വീട്ടുകാർ അറിയുന്നത്.... ശേഷം അവരും അവരുടെ കാമനെയും കൊണ്ടാക്കും...

നിലത്ത് കാമന്മാരെ വച്ചതിനു ശേഷം അരിയെറിഞ്ഞു പ്രാർത്ഥിക്കും...... പിന്നീട് ഇടറുന്ന സ്വരത്തോടെ... ചിലപ്പോഴൊക്കെ കണ്ണുകൾ നിറയും... അമ്മയുടെയും അമ്മാമയുടെയും അടക്കം... നാട്ടിൻപുറത്തെ നിഷ്കളങ്കതയുടെ... വിശ്വാസത്തിന്റെ കണ്ണുനീർ... കഴിഞ്ഞ ഒൻപതു ദിനങ്ങൾ നമ്മൾ വെള്ളം കൊടുത്തു പോറ്റിയ കാമന്മാരെയാണ് യാത്രയാക്കുന്നത്.... പ്ലാവിന്റെ ചോട്ടിൽ നിന്നും തിരികെ വരുമ്പോൾ കണ്ണീരോടെ ആ വായ്മൊഴി വീണ്ടും....

" നേരത്തെ കാലത്തേ വരണേ കാമാ..... വരും കൊല്ലം നേരത്തെ വരണേ കാമാ...."

ഇന്നും പ്ലാവിന്റെ ചോട്ടിൽ പോയി നിന്നാൽ എത്രയോ വർഷങ്ങൾ മുൻപുള്ള കുന്നിക്കുരുകൾ ഉണ്ടാകും...വർഷങ്ങളായി ഞാൻ കൊണ്ടാക്കിയ കാമന്റെ കണ്ണുകൾ.....

മനസ്സ് വീണ്ടും കൊതിക്കുന്നു പഴയ പൂരക്കുട്ടിയാകാൻ.... എത്രയൊക്കെ ആവർത്തിക്കാൻ ശ്രമിച്ചാലും... ബാല്യത്തിലെ പൂരത്തിന്റെ സൗന്ദര്യം..ആഹ്ലാദവും തിരികെ വരുന്നതേയില്ല എന്ന നോവ് മനസ്സിനെ നൊമ്പരപ്പെടുത്തുന്നു....ഇത്തരം ആഘോഷങ്ങളൊക്കെ പുതു തലമുറകൾക്ക് അന്യമാകുമ്പോഴും ഓർമകളിൽ ഇവയ്ക്കെന്നും പത്തരമാറ്റ് തിളക്കമാണ്..... നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ സൗന്ദര്യങ്ങളിൽ ഒന്നായി പൂരവും മാറുന്നു....

Tuesday, March 16, 2021

തിരുവിഴ മഹാദേവൻ

*💥തിരുവിഴ ശ്രീമഹാദേവ ക്ഷേത്രം💥*
⚜️🔱⚜️🔱⚜️
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല തെക്ക്‌ പഞ്ചായത്തിലാണ്‌ ചിരപുരാതനമായ തിരുവിഴ മഹാദേവ ക്ഷേത്രം.

ലോകക്ഷേമാര്‍ത്ഥം കാളകൂട വിഷം കഴിച്ച സങ്കല്‍പ്പത്തില്‍, ഭഗവാന്‍ ശ്രീപരമശിവന്‍ സ്വയംഭൂ ലിംഗത്തില്‍ കിഴക്ക് ദര്‍ശനമായി ഇവിടെ വാഴുന്നു.. അതുകൊണ്ട് തന്നെ ക്ഷേത്രം "കൈവിഷം" ഛര്‍ദ്ദിപ്പിക്കുന്ന ചടങ്ങിലൂടെ പ്രസിദ്ധമാണ് .

ക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച്‌ ഒരു ഐതിഹ്യമുണ്ട്‌:-
പണ്ട്‌ ഇവിടം കാടുപിടിച്ചുകിടന്നിരുന്ന പ്രദേശമായിരുന്നു. കാടിനകത്ത്‌ ഒരു കുളവും, കുളത്തില്‍ എപ്പോഴും ആമകളുമുണ്ടായിരുന്നു. ആമകളെ പിടിക്കുക എന്നത്‌ കുളത്തിന്‌ ചുറ്റും അധികം അകലത്തിലല്ലാതെ താമസിച്ചിരുന്ന ഉള്ളാളന്മാര്‍ പതിവാക്കിയിരുന്നു.

അതിന്‌ പറ്റിയ കമ്പും അവര്‍ ഉപയോഗിച്ചുപോന്നു. ഒരു ദിവസം ഉള്ളാള സ്ത്രീ കുളത്തിലിറങ്ങി ആമകളെ പിടിക്കാന്‍ വേണ്ടി കൈയിലുണ്ടായിരുന്ന കമ്പ്‌ ഉപയോഗിച്ച്‌ കുത്തി. അപ്പോഴതാ കുത്തേറ്റ ഭാഗത്തുനിന്നും രക്തം ചീറ്റി വരുന്നു. അതുകണ്ട്‌ ഭയന്നോടിയ ഉള്ളാള സ്ത്രീ, സ്ഥല ഉടമയായ അറയ്ക്കല്‍ പണിക്കരുടെ അടുത്തെത്തി. പണിക്കര്‍ പരിവാര സമേതം എത്തിയപ്പോള്‍ അതാ കുളം നിറയെ രക്തം കലര്‍ന്ന വെള്ളം. അത്‌ നിശ്ശേഷം വറ്റിക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും നടന്നില്ല. പിന്നെ കുളത്തിലിറങ്ങി പരിശോധിച്ചപ്പോള്‍ രക്തം വാര്‍ന്നൊഴുകുന്ന സ്വയംഭൂലിംഗം കണ്ടു.. അതിന്‍റെ നാലാം നാള്‍ അവിടെ വന്നുചേര്‍ന്ന ഒരു സിദ്ധന്‍റെ നിര്‍ദ്ദേശപ്രകാരം കുളം നികത്തുകയും അവിടെ ക്ഷേത്രം നിര്‍മ്മിച്ച്‌ സ്വയംഭൂലിംഗം പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം.

ഈ ഐതീഹ്യത്തെ ബലപ്പെടുത്തുന്നതാണ്‌ ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം. ഗര്‍ഭഗൃഹം ഭൂനിരപ്പില്‍ നിന്നും താഴെയാണ്‌., മഴ പെയ്താല്‍ ഇവിടെ വെള്ളം കയറും.

മാറാരോഗങ്ങള്‍ക്ക്‌ മരുന്നു നല്‍കുന്ന രീതി ക്ഷേത്രത്തിലുണ്ട്‌..,...
വളരെ പുരാതനകാലം മുതല്‍ നടന്നുവരുന്ന ഈ ചികിത്സാ രീതി ഫലപ്രദമാണെന്ന്‌ അനുഭവസ്ഥര്‍. സാക്ഷ്യം ചെയ്യുന്നു. കൈവിഷ ബാധിതരും മനോരോഗികളുമായി നിരവധി പേര്‍ നിത്യവും ക്ഷേത്രത്തിലെത്താറുണ്ട്‌..

മരുന്നു സേവിക്കുന്നവര്‍ ചില പ്രത്യേക ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. മരുന്ന് സേവിക്കുന്നതിന് മൂന്നു ദിവസം മുമ്പ് ഒരു ലഹരിപദാര്‍ത്ഥവും ഉപയോഗിക്കരുത്. ഗര്‍ഭിണികളും ഹൃദ്രോഗമുള്ളവരും മറ്റും ഈ മരുന്ന് കഴിക്കാന്‍ പാടില്ല. മരുന്ന് കഴിക്കാനെത്തുന്നവരുടെ കൂടെ നിര്‍ബന്ധമായും രക്ഷിതാക്കള്‍ ഉണ്ടായിരിക്കണം.

മരുന്ന് കഴിക്കുന്നവര്‍ തലേദിവസം ദീപാരാധനയ്ക്ക് മുമ്പ് ക്ഷേത്രത്തിലെത്തിച്ചേരണമെന്നും ,രാത്രിയിലെ നാഗയക്ഷി ഗുരുതിയില്‍ പങ്കെടുത്ത് പ്രസാദം കഴിച്ചിരിക്കണമെന്നും വ്യവസ്ഥ ഉണ്ട്..

പിറ്റേ ദിവസം ക്ഷേത്രപരിസരത്തുള്ള ഒരുതരം ചെടിയുടെ നീരെടുത്ത്‌ പാലും മരുന്നും കൂട്ടിക്കലര്‍ത്തി പന്തീരടിപൂജാ സമയത്ത്‌ മേല്‍ശാന്തി അകത്ത്‌ നിവേദിച്ച ശേഷം രോഗിക്ക് കൊടുക്കുന്നു. മരുന്നുകുടിച്ചശേഷം ക്ഷേത്രപ്രദക്ഷിണം വയ്ക്കുമ്പോള്‍ കൈവിഷം ഛര്‍ദ്ദിക്കും. അതിനുശേഷം ഭൂതകാല നാഗയക്ഷിക്ക്‌ നിവേദിച്ച പാല്‍പ്പായസം രോഗി കഴിക്കുന്നതോടെ മരുന്ന്‌ ഉപയോഗിക്കുന്നതിന്‍റെ ചടങ്ങുകള്‍ അവസാനിക്കും.

ഛര്‍ദ്ദിപ്പിക്കുന്നതിന് വേണ്ട മരുന്നുണ്ടാക്കുന്നത് ക്ഷേത്രത്തില്‍ തന്നെ വളരുന്ന ഒരു കാട്ടുചെടിയില്‍ നിന്നാണ്. ഇതിന്‍റെ നീര് ദേവനു നേദിച്ച പാലില്‍ ചേര്‍ത്ത് കിണ്ടിയില്‍ ഒഴിച്ചാണ് നല്‍കുന്നത്. മരുന്നുണ്ടാക്കുന്നത് ക്ഷേത്രത്തിനടുത്തുള്ള പാലോടത്തു കുടുംബക്കാരാണ്. ക്ഷേത്രത്തിലെ ആറാട്ട് ദിവസം ചികിത്സയില്ല ..

ഈ ചടങ്ങ് ആരംഭിച്ചതിനെപ്പറ്റി വ്യക്തമായ ഐതിഹ്യങ്ങളൊന്നുമില്ല. വില്വമംഗലം സ്വാമിയാണ് ഇത് ആരംഭിച്ചതെന്നും അതല്ല ക്ഷേത്രം പണ്ട് ബുദ്ധഭിക്ഷുക്കളുടേതായിരുന്നുവെന്നും അവരാണ് ഈ ചടങ്ങ് തുടങ്ങിയതെന്നുമുളള അഭിപ്രായ ഭേദങ്ങളുണ്ട്. തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ ഔഷധസേവയ്ക്കും "നാഗാര്‍ജ്ജുനന്‍" എന്ന ഒരു ബുദ്ധപണ്ഡിതനുമായും ബന്ധം പറഞ്ഞുവരാറുണ്ട്.
പഴയ തറവാടുകളുടേയും ക്ഷേത്രങ്ങളുടേയും വാസ്തു ശില്പ മാതൃകകളും പേരുകളും ബുദ്ധ ജൈനമത പാരമ്പര്യത്തെ ഓര്‍മ്മിപ്പിക്കുന്നത് ഈ വാദങ്ങള്‍ക്ക് ബലം നല്‍കുന്നു.

ശ്രീകോവിലിനോട്‌ ചേര്‍ന്ന്‌ കന്നിമൂലയില്‍ ഗണപതി,
വിഷ്ണു, ശാസ്താവ്‌, ഉഗ്രമൂര്‍ത്തിയായ യക്ഷി, ഗണപതി, രക്ഷസ്‌ എന്നീ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്.

മീനമാസത്തില്‍ തിരുവാതിര ആറാട്ടായി വരത്തക്കവിധം പത്തുദിവസത്തെ ഉത്സവം. ചതയത്തിനാണ്‌ കൊടിയേറ്റം. കളിയനാട്ടു കുടുംബക്കാരുടെ വക കോടിക്കയര്‍ വരവ്‌ വിശേഷ ചടങ്ങാണ്‌.

ആലപ്പുഴ ജില്ലയില്‍ തെക്കുംമുറി പഞ്ചായത്തില്‍ ചേര്‍ത്തല - ആലപ്പുഴ റൂട്ടില്‍ കണിച്ചുകുളങ്ങര തിരുവിഴ സ്റ്റോപ്പില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ്‌ ക്ഷേത്രം.🙏🏻

*ഹരി ഓം*

*ഓം നമ:ശിവായ*
🔥🙏🔥

Thursday, March 11, 2021

ഭസ്മധാരണം

ഭസ്മം ശരീരത്തിന്റെ ഓരോ ഭാഗത്തും ധരിക്കുമ്പോൾ വ്യത്യസ്ത ഫലങ്ങൾ; അറിയാം

ഭസ്മധാരണം മഹേശ്വരപ്രീതികരമാണ് . ഭസ്മധാരണത്തോടുള്ള ശിവക്ഷേത്ര ദർശനം അതീവ ഫലദായകവുമാണ്.  നിത്യേനയുള്ള ഭസ്മധാരണം സർവ പാപശമനത്തിനും ശിവകടാക്ഷത്തിനും കാരണമാകും എന്നാണ് വിശ്വാസം . ഭഗവാനെ അഭിഷേകം ചെയ്ത ഭസ്മം ധരിക്കുന്നത് അത്യുത്തമം. 

എല്ലാ ഭൗതികവസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണു ഭസ്മം. ഭസ്മത്തോടൊപ്പം കുങ്കുമം തൊടുന്നത് ശിവശക്തി പ്രതീകമാണ് .സന്ധ്യക്ക്‌ വിളക്ക് തെളിയിച്ചുകഴിയുമ്പോൾ ഭസ്മധാരണ ശേഷം ഭക്തിയോടെ നാമം ജപിക്കാൻ പ്രായമായവർ ഉപദേശിക്കാറുണ്ട് .ഇതിനു പിന്നിലൊരു ശാസ്ത്രീയ വശം ഉണ്ട് . സായം സന്ധ്യയിൽ അന്തരീക്ഷം വിഷാണുക്കൾ നിറഞ്ഞിരിക്കും .ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. 

ഭസ്മം ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും ധരിക്കുന്നതിനു ഓരോ ഫലങ്ങളാണ്. നെറ്റിത്തടം, കഴുത്ത്‌, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്‌, വയര്‍ഭാഗം, കണങ്കാലുകള്‍ എന്നീ ഭാഗങ്ങളിലാണു സാധാരണയായി ഭസ്മധാരണം നടത്തുന്നത്. ശരീരത്തിന്റെ പ്രധാന ഭാഗവും ജ്ഞാനത്തിന്റെ കേന്ദ്രസ്ഥാനവുമായ നെറ്റിത്തടത്തിൽ ഭസ്മക്കുറി തൊടുന്നത് ഈശ്വരചൈതന്യം വർധിപ്പിക്കുന്നു. ഉച്ചിയിലും നെറ്റിയിലും തൊട്ടാൽ ആലസ്യമകലും. കൈകളിലും കഴുത്തിലും  നെഞ്ചിലും ധരിച്ചാൽ സകല പാപങ്ങളും നീങ്ങും. ആർത്തവം, പുല, വാലായ്മ എന്നീ കാലങ്ങളിൽ ഭസ്മക്കുറി തൊടുന്നത്‌ ഒഴിവാക്കണം.

രാവിലെ കുളി കഴിഞ്ഞ ശേഷം ഭസ്മം നനച്ചും സന്ധ്യാ നേരങ്ങളിൽ നനയ്ക്കാതെയും വേണം ഭസ്മം തൊടാൻ. നനഞ്ഞ  ഭസ്മത്തിന് ശരീരത്തിൽ അമിതമായുള്ള ഈർപ്പത്തെ വലിച്ചെടുക്കാനും നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനും ഉള്ള കഴിവുണ്ട്. ചുരുക്കത്തിൽ പവിത്രമായ ഭസ്മത്തിന് ഔഷധഗുണവുമുണ്ട്‌. പ്രഭാതസ്നാനത്തിനു ശേഷം മാത്രമേ ഭസ്മം നനച്ചു തൊടാവുള്ളു. പുരുഷൻമാർ രാവിലെ നനച്ചും വൈകിട്ട് നനയ്ക്കാതെയും വേണം ഭസ്മം തൊടാൻ . എന്നാൽ, സ്ത്രീകൾ ഭസ്മം നനച്ചു തൊടാൻപാടില്ല .

ശരിയായവണ്ണം നിർദിഷ്ട ശരീരഭാഗങ്ങളിൽ  ഭസ്മം ധരിക്കുന്നതു ശരീരത്തിനും മനസ്സിനും ബുദ്ധിക്കുണർവിനും ഉത്തമമത്രേ. ചൂണ്ടുവിരല്‍ ഉപയോഗിച്ച് തൊടാൻ പാടില്ല. നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചാണു ഭസ്മം തൊടേണ്ടത്. ഒറ്റ ഭസ്മക്കുറി എല്ലാവര്‍ക്കുമണിയാം. സന്യാസിമാര്‍ മാത്രമേ മൂന്നു ഭസ്മക്കുറി അണിയാന്‍ പാടുള്ളൂ. ഓരോ ഭസ്മരേഖയും തനിക്കു കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ഗൃഹസ്ഥാശ്രമങ്ങളുടെ സൂചനയാണ്‌. 
ഭസ്മധാരണ ശ്ലോകം

ശ്രീകരം ച പവിത്രം ച ശോക നിവാരണം

ലോകേ വശീകരം പുംസാം ഭസ്മം ത്രൈലോക്യ പാവനം

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...