Tuesday, March 23, 2021

പൂരം കഥ

" നേരത്തെ കാലത്തേ വരണേ കാമാ.. കുഞ്ഞാങ്ങലത്താറാട്ടിനു പോലേ കാമാ..... തെക്കൻ ദിക്കില് പോലേ കാമാ തെക്കത്തി പെണ്ണുങ്ങള് ചതിക്കുമേ കാമാ...വരും കൊല്ലം നേരത്തെ കാലത്തെ വരണേ കാമാ.... "

 

മീനമാസത്തിലെ പൂരം നക്ഷത്രത്തിലെ സന്ധ്യവേളകളിൽ വടക്കൻ കേരളത്തിലെ ചന്ദ്രഗിരി പുഴയ്ക്കും കണ്ണൂർ വളപട്ടണം പുഴയ്ക്കുമിടയിലെ നാട്ടിൻപുറങ്ങളിലെ പ്ലാവുകളുടെ ചോട്ടിൽ കത്തിച്ചു വച്ച നിലവിളക്കുകളുടെയും ഉപ്പു തൊടാത്ത ശർക്കരയും തേങ്ങയും ഉരുക്കിയൊഴിക്കുന്ന ഓട്ടടയുടെയും അകമ്പടിയോടെ വീട്ടുകാർ ഈ വാമൊഴി ഉറക്കെ ചൊല്ലുന്നുണ്ടാകും.... പ്ലാവിൻ ചോട്ടിൽ ചാണകം കൊണ്ടും മണ്ണ് കൊണ്ടും മീനത്തിലെ കാർത്തിക മുതൽ  ഒൻപതു നാളുകളിലായി ഉണ്ടാക്കിയ കാമദേവന്റെ രൂപങ്ങൾ അവരുടെ യാത്രമൊഴി കേട്ട് നില വിളക്കിന്റെ വെട്ടത്തിൽ നിൽക്കുന്നുണ്ടാകും...." നേരത്തെ കാലത്തെ വരണേ കാമാ... "എന്ന ഇടറിയ സ്വരം രാത്രിയുടെ ഗൂഢതയ്ക്കിടയിലും സൗന്ദര്യത്തോടെ മുഴങ്ങിക്കൊണ്ടേയിരിക്കും.... കാമദേവന്മാർ ആ യാത്രമൊഴി കേട്ട് പതിയെ രാത്രിയിലേക്ക് ഇറങ്ങുന്നുണ്ടാകും... ഒൻപതു നാളുകളായി തങ്ങൾക്ക് വെള്ളവും പൂക്കളും ശർക്കരയടയും അർപ്പിച്ച വീട്ടുകാർക്ക് നന്ദി ഓതിക്കൊണ്ട് അവർ ഇരുട്ടിലേക്ക് യാത്രയാകും....

വല്ലാത്തൊരു മാസ്മരിക സൗന്ദര്യമാണ് ഗ്രാമങ്ങൾക്കും ഗ്രാമങ്ങളുടേതായ ഉത്സവങ്ങൾക്കും ചടങ്ങുകൾക്കും...നാട്ടിൻപുറങ്ങളിൽ ജനിച്ചു വളർന്നവർക്ക് മാത്രം ലഭിക്കുന്ന മധുരമുള്ള അനുഭവങ്ങൾ.....വളർച്ച രുചിക്കുന്ന കാലത്ത് ഒരു പുഞ്ചിരിയോടെ പഴയ ബാല്യത്തിലേക്ക് പോകാൻ കൊതിപ്പിക്കുന്ന ഓർമകൾ...

തരകാസുരനെ വധിക്കാൻ വേണ്ടി പരമശിവന്റെ തപസ്സു ഉണർത്താൻ ദേവന്മാർ കാമദേവനെ നിയോഗിച്ചു. എന്നാൽ തപസ്സിന് ഭംഗം നേരിട്ട ശിവൻ തന്റെ തൃക്കണ്ണ് തുറന്നു കാമദേവനെ ഭസ്മമാക്കി.പതിയുടെ ജീവൻ തിരികെ നൽകാൻ കാമദേവന്റെ പത്നി ശിവനോട് അപേക്ഷിക്കുകയും. മീനമാസത്തിലെ കാർത്തിക നാൾ തൊട്ട് പൂരം നാൾ വരെയുള്ള നാളുകളിൽ കാമദേവന്റെ രൂപം പൂക്കൾ കൊണ്ടും പശുവിന്റെ ചാണകം കൊണ്ടും മണ്ണ് കൊണ്ടും ഉണ്ടാക്കി പൂജിക്കണമെന്നും. ഒൻപതാം നാൾ പൂരം നാളിൽ രാത്രിയിൽ കാമദേവൻ പുനർജീവിക്കും എന്ന് ശിവൻ വാക്ക് നൽകി. കാമദേവന്റെ പത്നി രതിദേവിയും മറ്റുള്ള അപ്സരസ്സുകളും അപ്രകാരം ചെയ്തു എന്നും. കാമദേവൻ പുനർജനിച്ചു എന്നുമാണ് ഐതിഹ്യം.

എന്റെ ബാല്യത്തിൽ ഏറെ കാത്തിരുന്ന നാളുകളാണ് പൂരക്കാലം. വേനലവധി തുടങ്ങിയ നാളുകളായതിനാൽ കാർത്തിക നാൾ രാവിലെ മുതൽ കൂട്ടുകാരോടൊപ്പം പൂക്കൾ തേടി ഇറങ്ങും. ചെമ്പകം, അതിരാണി പൂക്കൾ, മുരിക്കും പൂക്കൾ.. തുടങ്ങി നാട്ടിൻപുറങ്ങളിൽ മീനമാസങ്ങളിൽ സുലഭമായി ലഭിക്കുന്ന പൂക്കളൊക്കെ രാവിലെ തന്നെ പറിച്ചെടുത്തു കവുങ്ങിൻ പാളയിൽ വെള്ളം തളിച്ച് വയ്ക്കും. വൈകിട്ട് കുളി കഴിഞ്ഞു കിണറിനടുത്തായി നിലത്ത് ചാണകം കുടഞ്ഞു, കാഞ്ഞിരത്തിന്റെ ഇലകളിൽ ഭസ്മം എടുത്തു വയ്ക്കും. വിളക്ക് കത്തിച്ചു അതുമെടുത്തു കിണറ്റിനടുത്തേക്ക്...പാളയിലെ പൂക്കൾ കിണ്ണത്തിലേക്ക് എടുത്തു വച്ചു അതും കയ്യിൽ പിടിച്ചു മൂന്നു പ്രദക്ഷിണം... കയ്യിലുള്ള പൂക്കൾ നിലത്തേക്ക് അർപ്പിക്കും. ചെമ്പകം കൊണ്ട് മൂന്നു വട്ടം പൂക്കൾക്ക് വെള്ളം നൽകും... രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും പൂക്കൾക്ക് വെള്ളം നൽകണം... നാലം നാൾ മുതൽ പൂക്കൾ നടുമുറ്റത്തു ചാണകം കൊണ്ട് ഉണ്ടാക്കിയ കാമദേവന്റെ രൂപങ്ങളോടൊപ്പം അർപ്പിക്കണം... ചാണകം ഉരുട്ടിയിരുട്ടി കാമദേവന്റെ രൂപങ്ങൾ ഉണ്ടാക്കുന്നത് ആക്കാലങ്ങളിൽ ഏറെ ഇഷ്ട്ടമുള്ള ഒന്നാണ്....തലയുടെ രൂപത്തിൽ ഒരു കുഞ്ഞു ചാണക ഉരുള ഉണ്ടാക്കി, കുന്നിക്കുരു കൊണ്ട് കണ്ണുകൾ വച്ച്, ചെമ്പകം കൊണ്ട് കിരീടം വച്ച് കൊടുത്തു..... പിന്നീടുള്ള നാളുകളിൽ നിത്യേന കാമരൂപങ്ങൾ മുറ്റത്തു നിറയും....

ഒൻപതാം നാൾ രാവിലെ മുതൽ മണ്ണ് തേടിയുള്ള യാത്രയാണ്.... അന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.  അരിപ്പൊടിയും ശർക്കരയും തേങ്ങയും കൂട്ടി ഉണ്ടാക്കുന്ന "പൂരട" യ്ക്കും... ഉപ്പിടാത്ത പാൽക്കഞ്ഞിക്കുമായുള്ള കാത്തിരിപ്പ്.... ഇഷ്ട്ടമുള്ള വിഭവങ്ങളിൽ ഒന്നാമനാണ് ചമത ഇലകളിലോ, പ്ലാവിലകളിലോ, ഉപ്പില ഇലകളിലോ വച്ച് ആവിയിൽ ഉണ്ടാകുന്ന  " പൂരട.. " പൂരട കഴിക്കാനായി മാത്രം പൂരത്തിന്റെ പിറ്റേന്നാൾ ബന്ധു വീടുകളിൽ കയറിയിറങ്ങും.... അത്രത്തോളം പ്രിയപ്പെട്ടതും രുചിയേറിയതുമായിരുന്നു എനിക്ക് പൂരട.

ഒൻപതാം നാൾ രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചു മണ്ണ് കൊണ്ട് അത്യാവശ്യം വലുപ്പത്തിൽ കാമദേവന്റെ രൂപങ്ങളെ ഉണ്ടാക്കും. അമ്മാമ ഉണ്ടാക്കുന്ന കാമദേവന്റെ രൂപങ്ങൾ എന്തൊരു മനോഹരമായിരുന്നു...! ചെമ്പകമൊട്ടുകൾ വാഴയിലയുടെ നാരുകളിൽ കോർത്തെടുക്കുന്ന മാലയും.. മുരിക്കിന് പൂവും ചെമ്പകവും കൊണ്ട് ഈർക്കിലിൽ കോർത്തു എടുക്കുന്ന വലിയ കിരീടം... അരിമണികൾ കൊണ്ട് പല്ല്... മുരിക്കിന് പൂവിന്റെ ഇതളുകൾ കൊണ്ട് ചുണ്ടുകൾ.... കുന്നിക്കുരു കൊണ്ട് കണ്ണ്...ഇത്തരം ആഭരണങ്ങൾ അണിഞ്ഞു കൈ കൂപ്പി നിൽക്കുന്ന കാമരൂപങ്ങൾ... അവരുടെ മുന്നിൽ കത്തുന്ന നിലവിളക്ക്... വാഴയിൽ പ്ലാവില കൊണ്ടുള്ള കുമ്പിളുകളിൽ ഉപ്പിടാത്ത പാൽക്കഞ്ഞി... ഓരോ പ്ലാവില കുമ്പിളിലും ഓരോ തിരി കത്തിച്ചു വച്ചിട്ടുണ്ടാകും.... കാമനും ചുറ്റിലും പൂക്കൾ... അന്ന് ഏറ്റവും പ്രധാനം കാടുകളിൽ മാത്രം ലഭിക്കുന്ന ജട പൂവുകളാണ്....തോട്ടു വക്കത്തും കാടുകളിലും കയറിയിറങ്ങി ജടപൂക്കൾ പറിക്കാൻ കൂട്ടുകാർ മത്സരിക്കും... കാമദേവനെ വച്ച് കഴിഞ്ഞാൽ പിന്നെ ഓട്ടമാണ് അയൽവക്കത്തുള്ള .. ഏതു വീട്ടിലാണ് ഏറ്റവും കൂടുതൽ ജടപ്പൂക്കൾ.... എവിടെയാണ് വലുപ്പം കൂടുതലുള്ള കാമനുള്ളത് എന്നൊക്കെ അന്വേഷിക്കാൻ..... ഓരോ വീട്ടിലും മുറ്റത്തോ ഇറയത്തോ ആയി പൂക്കൾക്ക് നടുവിൽ കാമൻ തല ഉയർത്തി നിൽക്കുന്ന കാഴ്ച എന്തൊരു ഐശ്വര്യം ഏറിയതാണ്...

രാത്രിയായാൽ എല്ലാ വീടുകളിലെയും സ്ത്രീകൾ മുഴുവൻ അടുക്കളയിൽ "പൂരട" ഉണ്ടാക്കുന്ന തിരക്കിലായിരിക്കും... ഉപ്പു ചേർക്കാത്ത രണ്ടോ മൂന്നോ അടകൾ പ്ലാവിലയിൽ ചുരുട്ടി തീയിൽ ചുട്ടെടുക്കും... ഇറയത്തും മുറ്റത്തും ഉള്ള കഴിഞ്ഞ ഒൻപതു നാളുകളിലായി അർപ്പിച്ച പൂക്കളും കാമന്റെ രൂപങ്ങളും തടുപ്പയിൽ കോരിയെടുക്കും.... വിളക്കിന്റെയും കിണ്ടിയുടെയും അകമ്പടിയോടെ അവരെയും കൊണ്ട് പ്ലാവില ചോട്ടിലേക്ക്....അപ്പോഴൊക്കെ ഓരോ വീട്ടിൽ നിന്നും ഉറക്കെയുറക്കെ കൂക്കുന്നുണ്ടാകും... ആ കൂവൽ കേൾക്കുമ്പോഴാണ് കാമനെ കൊണ്ടാക്കാൻ ആയി എന്ന് അടുത്ത വീട്ടുകാർ അറിയുന്നത്.... ശേഷം അവരും അവരുടെ കാമനെയും കൊണ്ടാക്കും...

നിലത്ത് കാമന്മാരെ വച്ചതിനു ശേഷം അരിയെറിഞ്ഞു പ്രാർത്ഥിക്കും...... പിന്നീട് ഇടറുന്ന സ്വരത്തോടെ... ചിലപ്പോഴൊക്കെ കണ്ണുകൾ നിറയും... അമ്മയുടെയും അമ്മാമയുടെയും അടക്കം... നാട്ടിൻപുറത്തെ നിഷ്കളങ്കതയുടെ... വിശ്വാസത്തിന്റെ കണ്ണുനീർ... കഴിഞ്ഞ ഒൻപതു ദിനങ്ങൾ നമ്മൾ വെള്ളം കൊടുത്തു പോറ്റിയ കാമന്മാരെയാണ് യാത്രയാക്കുന്നത്.... പ്ലാവിന്റെ ചോട്ടിൽ നിന്നും തിരികെ വരുമ്പോൾ കണ്ണീരോടെ ആ വായ്മൊഴി വീണ്ടും....

" നേരത്തെ കാലത്തേ വരണേ കാമാ..... വരും കൊല്ലം നേരത്തെ വരണേ കാമാ...."

ഇന്നും പ്ലാവിന്റെ ചോട്ടിൽ പോയി നിന്നാൽ എത്രയോ വർഷങ്ങൾ മുൻപുള്ള കുന്നിക്കുരുകൾ ഉണ്ടാകും...വർഷങ്ങളായി ഞാൻ കൊണ്ടാക്കിയ കാമന്റെ കണ്ണുകൾ.....

മനസ്സ് വീണ്ടും കൊതിക്കുന്നു പഴയ പൂരക്കുട്ടിയാകാൻ.... എത്രയൊക്കെ ആവർത്തിക്കാൻ ശ്രമിച്ചാലും... ബാല്യത്തിലെ പൂരത്തിന്റെ സൗന്ദര്യം..ആഹ്ലാദവും തിരികെ വരുന്നതേയില്ല എന്ന നോവ് മനസ്സിനെ നൊമ്പരപ്പെടുത്തുന്നു....ഇത്തരം ആഘോഷങ്ങളൊക്കെ പുതു തലമുറകൾക്ക് അന്യമാകുമ്പോഴും ഓർമകളിൽ ഇവയ്ക്കെന്നും പത്തരമാറ്റ് തിളക്കമാണ്..... നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ സൗന്ദര്യങ്ങളിൽ ഒന്നായി പൂരവും മാറുന്നു....

No comments:

Post a Comment

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...