Sunday, July 18, 2021

കർക്കിടക സംക്രാന്തി വിശേഷം

കർക്കിടക സംക്രാന്തി 
പുതിയ തലമുറയ്ക്ക് പരിചിതമല്ലാത്ത ചില സമ്പ്രദായങ്ങൾ ഇന്നും ചില നാട്ടിൻപുറങ്ങളിൽ അവശേഷിക്കുന്നുണ്ട്.  ഗതകാലസംസ്കൃതിയുടെ ശേഷിപ്പുകളാണവ.  അവയെക്കുറിച്ചു അറിയുന്നത് ഉന്മേഷപ്രദമായ ഒരു അനുഭവമായിരിക്കും.

കർക്കിടകത്തിലെ തോരാത്ത മഴയും ജോലിയൊന്നും ഇല്ലാത്തതുകൊണ്ടുള്ള പഞ്ഞവും (ക്ഷാമം) കാരണം കർക്കിടകം ദുര്ഘടമാണെന്നു പറയാറുണ്ട്.  എന്നാൽ ഇത് ഒരു പുണ്യമാസമാണെന്നതാണ് വാസ്തവം.  

കർക്കിടകം പിറക്കുന്നതിന്റെ തലേന്ന് സന്ധ്യയ്ക്കു ചേട്ടയെ കളയുക എന്നൊരു ആചാരമുണ്ട്.  വീടിന്റെ പരിസരങ്ങളിലെ കാടും പടലും വെട്ടിക്കളഞ്ഞു വൃത്തിയാക്കുന്നു. വീടിന്റെ അകവും സാധാരണത്തെക്കാൾ ശ്രദ്ധയോടെ അടിച്ചു തളിക്കുന്നു.  വാതിലുകളും ജനലുകളും തുടച്ചു ചളികളയുന്നു.  പണ്ട് പാറകം (പാറോത്തില) എന്ന ചെടിയുടെ ഇലകളാണ് ഇതിനു ഉപയോഗിക്കുക.  ചളി നീക്കാൻ പറ്റിയ രീതിയിൽ പരുപരുത്ത ഇലകളാണിവ.

അടിച്ചുകൂട്ടിയ വൃത്തികേടുകളും ഒരു കുറ്റിച്ചൂലും ഉപയോഗശൂന്യമായ  ഒരു വട്ടിയിലോ മുറത്തിലോ നിറയ്ക്കുന്നു.  പിന്നെ വട്ടി എടുത്തു വീടിനെ പ്രദക്ഷിണം വെച്ച് ദൂരെ കൊണ്ടുപോയികളഞ്ഞു കുളിച്ചുവരുന്നു.  "ചേട്ടെ പോ, ശീവോതി വാ" എന്ന വായ്ത്താരിയുമായി വീട്ടിലുള്ളവരെല്ലാം ചേട്ട മുറത്തിന്റെ പിന്നാലെ നടക്കും.  ചേട്ട ദാരിദ്ര്യത്തിന്റെ പ്രതീകമാണ്.  അതിനെ ആട്ടിപ്പുറത്താക്കി ഐശ്വര്യത്തെ സാഗതം ചെയ്യുന്ന ആചാരമാണ് ഇത്. ഒരു സമഗ്രശുചീകരണ പരിപാടിയാണിത്.

വീടും പരിസരവും മാത്രമല്ല മനുഷ്യമനസ്സും ശുദ്ധീകരിക്കപ്പെടുന്നു എന്ന ഒരു വലിയ തത്വവും ഇതിൽ അന്തർലീനമായിട്ടുണ്ട്.  എല്ലാ മാലിന്യങ്ങളും അലിഞ്ഞില്ലാതായി അനസ്‌ ഈശ്വരനിലേയ്ക്ക്, നന്മകളിലേയ്ക്ക് നയിയ്ക്കപ്പെടുന്നു. 
(Cleanliness is next to Godliness)       എന്ന് പറയാറുണ്ടല്ലോ.
മനസ്സിന്റെ വിശുദ്ധിക്കുമാത്രമല്ല, ചിട്ടയായ ദിനചര്യക്കും ഔഷധസേവക്കും ഈ കർക്കിടകക്കുളിരു അനുയോജ്യമാണ്.  വരാനിരിക്കുന്ന ഒരു വർഷത്തെ ആരോഗ്യസംരക്ഷണം കണക്കിലെടുത്തു ഔഷധക്കഞ്ഞിയും മരുന്നുകളും സേവിയ്ക്കേണ്ടത് ഈ സമയത്താണ് എന്ന് നമ്മുടെ കാരണവന്മാർ ഉപദേശിക്കുകയും ചെയ്യുന്നു.

ഈ ദിവസം മൈലാഞ്ചിയില അരച്ച് സ്ത്രീകളും കുട്ടികളും കൈകാലുകളിലിടുക എന്ന സമ്പ്രദായവും ഉണ്ടായിരുന്നു.  മഴക്കാലത്തെ ചേറിലും ചെളിയിലും പകരാവുന്ന അസുഖങ്ങൾക്കു പ്രതിവിധിയാണിത്.  ഇന്ന് മൈലാഞ്ചി അരച്ചെടുക്കേണ്ട ആവശ്യമില്ല.  ഭംഗിയുള്ള പായ്ക്കറ്റുകളിൽ അങ്ങാടിയിൽ ലഭിക്കുമല്ലോ.

വെളികുത്തൽ   
കർക്കിടകം ഒന്നിന് പുലർച്ചെ വെളികുത്തൽ എന്നൊരു ചടങ്ങുണ്ട്.  ദശപുഷ്പങ്ങളും മഞ്ഞൾതൈയും താളും ഒരു മണ്ണുരുളയിൽ കുത്തിനിർത്തി പുരപ്പുറത്തേക്കു എറിയുന്നു.  വെളികുത്തുമ്പോൾ പൂ വിളിയ്ക്കണം - അതായത് 'പൂവേ പൊലി പൂവേ പൊലി" എന്ന് ഉച്ചത്തിൽ ഉരുവിട്ടുകൊണ്ടിരിയ്ക്കണം.  പൂ വിളിയ്ക്കാൻ കുട്ടികൾക്ക് വലിയ ഉത്സാഹമാണ്.  ഐശ്വര്യത്തെ വരവേൽക്കുന്ന ആശംസയാണിത്.
വെളി ഉണങ്ങിയാൽ ചിറി (വായ) ഉണങ്ങും എന്നൊരു ചൊല്ലുണ്ട് - അതായത് മഴ പെയ്തില്ലെങ്കിൽ പുരപ്പുറത്തിട്ട വെളി ഉണങ്ങും - മഴ ഇല്ലെങ്കിൽ കൃഷി പിഴയ്ക്കും - കൃഷി പിഴച്ചാൽ വിളവ് കുറയും - ആഹാരം ഇല്ലാതാവും - അങ്ങനെ ചിറി ഉണങ്ങും.

ശീവോതി വെക്കൽ   
വെളികുത്തിക്കഴിഞ്ഞാൽ ശീവോതിയെ (ശ്രീഭഗവതിയെ) കുടിവെയ്ക്കുക എന്നൊരു ചടങ്ങുണ്ട്.  പഴയ കാലത്തു മച്ചിലാണ് ദേവിയെ കുടിവെയ്ക്കുക.  എണ്ണയും സാംബ്രാണിയും മണക്കുന്ന മച്ചു മണ്മറഞ്ഞ കാരണവന്മാരുടെ സാന്നിധ്യമുള്ളതുമാണെന്ന ഒരു സങ്കല്പവുമുണ്ട്.        

Thursday, July 1, 2021

കർക്കിടകം

*രാമായണമാസമെന്ന കര്‍ക്കടകം* 

 രാമായണത്തെപ്പോലെ ജനസാമാന്യം ഇത്രയേറെ നെഞ്ചിലേറ്റിയിട്ടുള്ള മറ്റൊരു പുരാണഗ്രന്ഥമുണ്ടെന്ന് തോന്നുന്നില്ല. മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്‍, ഓരോരുത്തരുടെയും രാജാവും സംരക്ഷകനും ആദര്‍ശപുരുഷനുമാണ്.

 രാമായണത്തിലെ ഓരോ കഥാപാത്രവും സ്വന്തം കുടുംബത്തിലെയും സമൂഹത്തിലെയും അംഗങ്ങളാണെന്നു കരുതാന്‍ യോഗ്യമാണ്. ഇത്രയേറെ അച്ചടി നടത്തിയിട്ടുള്ള മറ്റൊരു പുരാണമോ ഇതിഹാസമോ വേറെയില്ല.

കാലഗണനപ്രകാരവും കര്‍ക്കടക മാസത്തിന് ചില പ്രത്യേകതകളുണ്ട്. ഉത്തരായനത്തിന്റെ അവസാനമാണ് കര്‍ക്കടകം. മനുഷ്യരുടെ 12 മാസങ്ങളടങ്ങുന്ന ഒരു വര്‍ഷം ദേവന്മാര്‍ക്ക് ഒരു ദിവസമാണ് (24 മണിക്കൂര്‍). അപ്പോള്‍ നമ്മുടെ ഒരു മാസം ദേവന്മാരുടെ രണ്ട് മണിക്കൂറാണ്.

 ഉത്തരായനകാലം ദേവകള്‍ക്കു പകലാണ്. നമ്മുടെ കര്‍ക്കടകമാസം ദേവന്മാരുടെ ത്രിസന്ധ്യയായ രണ്ട് മണിക്കൂറാണ്. മനുഷ്യര്‍ നല്ലകാര്യങ്ങളൊക്കെ, ദേവകളുടെ പകലായ ഉത്തരായനത്തിലാണ് നടത്തുക.

 ക്ഷേത്രപ്രതിഷ്ഠകള്‍, കലശങ്ങള്‍, ഉത്സവങ്ങള്‍, യാഗങ്ങള്‍, ഹോമങ്ങള്‍ എന്നിവയൊക്കെയും ഉത്തരായനകാലത്തു നടത്തുന്നു. സന്ധ്യാസമയം മനുഷ്യരെപ്പോലെ തന്നെ ദേവകള്‍ക്കും പ്രധാനമാണ്.

മനുഷ്യരെ പകല്‍ സമയം സൂര്യന്‍ രക്ഷിക്കുന്നു. പല രോഗാണുക്കളുടെയും ആക്രമണങ്ങളില്‍ നിന്നും സൂര്യപ്രകാശം നമ്മെ രക്ഷിക്കുന്നു. ഇരുള്‍ വ്യാപിക്കുന്നതിന് മുമ്ബായി, നാം ഭവനങ്ങളില്‍ നിലവിളക്കു കത്തിക്കുന്നു. 

എണ്ണ വിളക്കു തെളിയിക്കുന്നതോടെ എരിഞ്ഞടങ്ങുന്ന സൂര്യന്റെ പ്രകാശത്തിലെ ചില ഘടകങ്ങളുമായി വിളക്കിലെ അഗ്നി പലവിധത്തിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അതില്‍നിന്നും അനുകൂലമായ പലവിധ തരംഗങ്ങളും അനുകൂലോര്‍ജ്ജവും സൃഷ്ടിക്കപ്പെടുമെന്നും ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു.

 സൂര്യപ്രകാശമില്ലാത്ത രാത്രിയില്‍ ഈ അനുകൂല ഊര്‍ജ്ജങ്ങള്‍ സഹായകരമാകുന്നതാണ്.ഇതോടൊപ്പം 'രാമ' നാമമുള്‍പ്പെടെയുള്ള മന്ത്രോച്ചാരണവും അതിന്റെ 'വൈഖരിയും' അന്തരീക്ഷ ശുദ്ധീകരണത്തിലും സൂക്ഷ്മശരീര-പ്രപഞ്ച ശരീരങ്ങളില്‍ ഗുണകരമായ സ്പന്ദന തരംഗം സൃഷ്ടിയ്ക്കിടയാക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

 ആധുനികശാസ്ത്രം സൂക്ഷ്മ-പ്രപഞ്ച ശരീരങ്ങളെപ്പറ്റി വളരെ വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അനുകൂല ഊര്‍ജ്ജത്തെ സിംബലുകളിലൂടെയും ആയതിന്റെ മന്ത്രങ്ങളിലൂടെയും സൃഷ്ടിച്ച്‌ രോഗ ചികിത്സയ്ക്കും കാര്യസാധ്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുന്ന 'റെയ്കി'പ്പോലെയുള്ള ഊര്‍ജ്ജചികിത്സകള്‍ നിലവിലുണ്ട്.

'രാമ'ശബ്ദംതന്നെ മഹാമന്ത്രമാണ്. ഏകാക്ഷരീ മന്ത്രമായ 'ഓം'കാരം (പ്രണവം) കഴിഞ്ഞാല്‍ രണ്ടാമത്തേതായ ദ്വയാക്ഷരീ മന്ത്രമാണ് രാമമന്ത്രം. രാമായണത്തിന്റെ പ്രാരംഭഭാഗത്ത് പാര്‍വ്വതീ ദേവി പരമേശ്വരനോട് 'അങ്ങെപ്പോഴും ജപിച്ചുകൊണ്ടിരിക്കുന്ന രാമമന്ത്രത്തിന്റെ പൊരുള്‍, അതു കേള്‍ക്കാനുള്ള യോഗ്യത എനിക്കുണ്ടെങ്കില്‍ പറഞ്ഞുതരണമേയെന്നു പ്രാര്‍ത്ഥി ക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

 പരമേശ്വരനായ (പരം, പരമം=ഇതിനപ്പുറം മറ്റൊന്നില്ലാത്തത്- പരമേശ്വരനും പരാശക്തിയും മാത്രം ഈ പേരിനര്‍ഹര്‍) ഭഗവാന്‍ എപ്പോഴും ജപിച്ചുകൊണ്ടിരിക്കുന്ന മന്ത്രമാകുമ്ബോള്‍ 'രാമ' മന്ത്രം എത്രയോ മഹത്തരമാണെന്നു കാണാം. രാ മ = രാമ -ഇതില്‍ 'രാ' എന്ന അക്ഷരം, ബ്രഹ്മപ്രതീകമായ പരമേശ്വരനിലെ അഗ്നിയുടെ ബീജാക്ഷരമായ - 'രം'നെ പ്രതിനിധാനം ചെയ്യുന്നു. 'മ' എന്ന അക്ഷരം 'മാതാവ്' എന്ന പരാശക്തിയേയും പ്രതിനിധാനം ചെയ്യുന്നു. 

അര്‍ദ്ധനാരീശ്വരനായ ശിവന്‍, ബ്രഹ്മത്തിന്റെ ആദ്യഭാവങ്ങളായ, പരമേശ്വര-പരാശക്തിയെ മുഴുവനായി ഉള്‍ക്കൊള്ളുന്നു. കൂടാതെ ബ്രഹ്മ പ്രതീകമായ അഗ്നിയെ (ബ്രഹ്മവും അഗ്നിയും എല്ലാറ്റിനെയും അവസാനം തന്നിലേക്ക് സ്വാംശീകരിക്കുന്നു)
ശരീരാംഗമായി (മൂന്നാം തൃക്കണ്ണ്) സ്വീകരിച്ചിട്ടുള്ളതും പരമേശ്വരന്‍ മാത്രമാണ്.

 ഇതില്‍നിന്നും സത്താമാത്രമായ-നിഷ്പന്ദ, നിരാകാര, നിര്‍ഗുണ അവസ്ഥയില്‍ നിന്നും ആദ്യത്തെ പ്രകടിത ദ്വന്ദ്വമായ, ശിവ-ശക്തിയെ തന്നെയാണ് രാമമന്ത്രത്തിലൂടെ സ്വാംശീകരിക്കുന്നതെന്നു കാണാം. 

ചിലര്‍ 'രാമ' മന്ത്രം, നാരായണനിലെ 'ര'യും മഹാദേവനിലെ 'മ'യും ചേര്‍ന്നുണ്ടായിട്ടുള്ളതാണെന്നും വ്യാഖ്യാനിക്കുന്നുണ്ട്. രണ്ടായാലും രാമമന്ത്രം മഹാശക്തി ദ്യോതകമാണെന്നതില്‍ സംശയമില്ല.

രാമമന്ത്രം, മനുഷ്യ സൂക്ഷ്മശരീരത്തിലെ, നട്ടെല്ലിനുള്ളിലുള്ള-സുപ്രധാനനാഡിയായ 'സുഷുമ്ന'യിലെ നാഡീകേന്ദ്രമായ, മൂലാധാര-സ്വാധിഷ്ഠാന പത്യന്തമുള്ള, നെഞ്ചുകുഴിയില്‍ സ്ഥിതിചെയ്യുന്ന 'മണിപൂരക' ആധാരചക്രത്തെ (ഷഡാധാരചക്രങ്ങളില്‍ മൂന്നാമത്തേത്)യാണ് സ്വാധീനിക്കുന്നത്.

പഞ്ചഭൂതങ്ങളില്‍ അഗ്നിയെയാണ് മണിപൂരകചക്രം പ്രതിനിധീകരിക്കുന്നത്. ശരീരത്തിന്റെ ഊഷ്മാവ്, ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം എന്നിവയെ ഈ ചക്രം നിയന്ത്രിക്കുന്നു. അതിനാല്‍ 'രാമ' മന്ത്രത്തിലെ 'രം' (അഗ്നിബീജം) ശരീരത്തെ ഏറെ സ്വാധീനിക്കുന്നു. 

ഇനി 'മ'കാരം, മാതാവിനെ (പരാശക്തി) പ്രതിനിധാനം ചെയ്യുന്നു. നമ്മുടെ സൂക്ഷ്മശരീരത്തിലെ ഷഡാധാരങ്ങളില്‍ ആദ്യത്തേതായ മൂലാധാരത്തില്‍ (നട്ടെല്ലിന്റെ ഏറ്റവും താഴത്തെ ഭാഗത്ത്, ഗുദത്തിനും ലിംഗമൂല്യത്തിനും മദ്ധ്യേ സര്‍പ്പാകൃതിയില്‍ (കുണ്ഡിലിനി) സ്ഥിതി ചെയ്യുന്നു. 

ഈ കുണ്ഡിലിനിയുടെ ഉണര്‍വ്വാണ് സര്‍വ്വ അനുഗ്രഹങ്ങള്‍ക്കും സിദ്ധികള്‍ക്കും അടിസ്ഥാനം. രാമമന്ത്ര ജപത്തിലൂടെ ഈ രണ്ടു ചക്രങ്ങള്‍ക്കും ഉണര്‍വ്വുണ്ടാക്കുകയും 'ഫലസിദ്ധി' ഉറപ്പാക്കുകയും ചെയ്യുന്നു.

രാമമന്ത്രത്തിന്റെ അതിപ്രാധാന്യം അനുഭവവേദ്യമായ പരമാചാര്യന്മാര്‍, അതുകൊണ്ടാണ് പ്രാധാന്യമേറിയ സന്ധ്യാവേളയില്‍, ബ്രഹ്മപ്രതീകമായ അഗ്നിയെ ജ്വലിപ്പിച്ച നിലവിളക്കിനു മുന്നിലിരുന്ന് (അഗ്നി മീളേ പുരോഹിതം) 'രാമ' നാമം ജപിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 സാധാരണഗതിയില്‍, ഭജനകീര്‍ത്തനങ്ങള്‍, ഗണപതി-സരസ്വതി-ഗുരു-ശിവന്‍ എന്നീ ക്രമത്തില്‍ ജപിക്കുവാനാണ് ആചാര്യനിര്‍ദ്ദേശവും അനുഷ്ഠാനവും. രാമമന്ത്രത്തിന് 'ഓം'കാരംപോലെ ഈ ക്രമമൊന്നും ബാധകമല്ല.

 എല്ലാക്കാലവും പ്രത്യേകിച്ച്‌ കര്‍ക്കടകമാസത്തിന്റെ പ്രത്യേക സാഹചര്യം ഉള്‍ക്കൊണ്ട് രാമമന്ത്ര ജപവും രാമായണ പാരായണവും ഏറെ ഗുണപ്രദമാണ്.

ജ്യോതിശാസ്ത്രപ്രകാരം കര്‍ക്കടകത്തിന്റെ പ്രതീകം ഞണ്ടാണ്. സര്‍വ്വ പ്രകാരേണയും സാമാന്യ ജീവികളില്‍നിന്നും വ്യത്യസ്തമാണ് ഞണ്ട്. അതിന്റെ ഗമനം പിന്നോട്ടാണ്. സ്പര്‍ശനമാത്രയില്‍ ഇറുക്കുകയും (കുത്തുകയും) മണ്ണില്‍ പൂഴ്ന്ന് കളിക്കുകയും ചെയ്യുന്ന സ്വഭാവം ഞണ്ടിന് പ്രത്യേകമാണ്. ഏതുവിധേനയും അഭികാമ്യമല്ലാത്ത സ്വഭാവമാണ് ഞണ്ടിനുള്ളത്. ഈ പിന്നാക്ക ഗമനത്തില്‍ നിന്നും മുന്നോട്ടുഗമിക്കുവാനും ഉപദ്രവ സ്വഭാവത്തില്‍ നിന്നും അനുഗ്രഹഭാവത്തിലേക്കും അന്തര്‍മുഖത്വത്തില്‍ നിന്നും ബഹിര്‍മുഖത്വത്തിലേക്കും പ്രയാണം ചെയ്യുവാന്‍ രാമനാമജപവും രാമായണ പാരായണവും പ്രചോദനാത്മകമാകും.

മര്യാദാ പുരുഷോത്തമനായ ശ്രീരാമനും രാമരാജ്യവും രാമായണവും (രാവ് ആകുന്ന അജ്ഞാനത്തെ അകറ്റുന്ന പ്രകാശമാകുന്ന ജ്ഞാനസ്വരൂപമാകുന്ന രാമായണം) എന്നെന്നും ലോകജനതയ്ക്കു തന്നെ മാര്‍ഗ്ഗദര്‍ശകമാകട്ടെ!

**ലോകത്ത് ഇത്രയേറെ ഗവേഷണവിധേയമായിട്ടുള്ള മറ്റൊരു ഗ്രന്ഥവും ഇല്ലായെന്ന വസ്തുതയും നമുക്ക് പാരായണത്തിനും പ്രചോദനമാകട്ടെ!*

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...