കർക്കിടക സംക്രാന്തി
പുതിയ തലമുറയ്ക്ക് പരിചിതമല്ലാത്ത ചില സമ്പ്രദായങ്ങൾ ഇന്നും ചില നാട്ടിൻപുറങ്ങളിൽ അവശേഷിക്കുന്നുണ്ട്. ഗതകാലസംസ്കൃതിയുടെ ശേഷിപ്പുകളാണവ. അവയെക്കുറിച്ചു അറിയുന്നത് ഉന്മേഷപ്രദമായ ഒരു അനുഭവമായിരിക്കും.
കർക്കിടകത്തിലെ തോരാത്ത മഴയും ജോലിയൊന്നും ഇല്ലാത്തതുകൊണ്ടുള്ള പഞ്ഞവും (ക്ഷാമം) കാരണം കർക്കിടകം ദുര്ഘടമാണെന്നു പറയാറുണ്ട്. എന്നാൽ ഇത് ഒരു പുണ്യമാസമാണെന്നതാണ് വാസ്തവം.
കർക്കിടകം പിറക്കുന്നതിന്റെ തലേന്ന് സന്ധ്യയ്ക്കു ചേട്ടയെ കളയുക എന്നൊരു ആചാരമുണ്ട്. വീടിന്റെ പരിസരങ്ങളിലെ കാടും പടലും വെട്ടിക്കളഞ്ഞു വൃത്തിയാക്കുന്നു. വീടിന്റെ അകവും സാധാരണത്തെക്കാൾ ശ്രദ്ധയോടെ അടിച്ചു തളിക്കുന്നു. വാതിലുകളും ജനലുകളും തുടച്ചു ചളികളയുന്നു. പണ്ട് പാറകം (പാറോത്തില) എന്ന ചെടിയുടെ ഇലകളാണ് ഇതിനു ഉപയോഗിക്കുക. ചളി നീക്കാൻ പറ്റിയ രീതിയിൽ പരുപരുത്ത ഇലകളാണിവ.
അടിച്ചുകൂട്ടിയ വൃത്തികേടുകളും ഒരു കുറ്റിച്ചൂലും ഉപയോഗശൂന്യമായ ഒരു വട്ടിയിലോ മുറത്തിലോ നിറയ്ക്കുന്നു. പിന്നെ വട്ടി എടുത്തു വീടിനെ പ്രദക്ഷിണം വെച്ച് ദൂരെ കൊണ്ടുപോയികളഞ്ഞു കുളിച്ചുവരുന്നു. "ചേട്ടെ പോ, ശീവോതി വാ" എന്ന വായ്ത്താരിയുമായി വീട്ടിലുള്ളവരെല്ലാം ചേട്ട മുറത്തിന്റെ പിന്നാലെ നടക്കും. ചേട്ട ദാരിദ്ര്യത്തിന്റെ പ്രതീകമാണ്. അതിനെ ആട്ടിപ്പുറത്താക്കി ഐശ്വര്യത്തെ സാഗതം ചെയ്യുന്ന ആചാരമാണ് ഇത്. ഒരു സമഗ്രശുചീകരണ പരിപാടിയാണിത്.
വീടും പരിസരവും മാത്രമല്ല മനുഷ്യമനസ്സും ശുദ്ധീകരിക്കപ്പെടുന്നു എന്ന ഒരു വലിയ തത്വവും ഇതിൽ അന്തർലീനമായിട്ടുണ്ട്. എല്ലാ മാലിന്യങ്ങളും അലിഞ്ഞില്ലാതായി അനസ് ഈശ്വരനിലേയ്ക്ക്, നന്മകളിലേയ്ക്ക് നയിയ്ക്കപ്പെടുന്നു.
(Cleanliness is next to Godliness) എന്ന് പറയാറുണ്ടല്ലോ.
മനസ്സിന്റെ വിശുദ്ധിക്കുമാത്രമല്ല, ചിട്ടയായ ദിനചര്യക്കും ഔഷധസേവക്കും ഈ കർക്കിടകക്കുളിരു അനുയോജ്യമാണ്. വരാനിരിക്കുന്ന ഒരു വർഷത്തെ ആരോഗ്യസംരക്ഷണം കണക്കിലെടുത്തു ഔഷധക്കഞ്ഞിയും മരുന്നുകളും സേവിയ്ക്കേണ്ടത് ഈ സമയത്താണ് എന്ന് നമ്മുടെ കാരണവന്മാർ ഉപദേശിക്കുകയും ചെയ്യുന്നു.
ഈ ദിവസം മൈലാഞ്ചിയില അരച്ച് സ്ത്രീകളും കുട്ടികളും കൈകാലുകളിലിടുക എന്ന സമ്പ്രദായവും ഉണ്ടായിരുന്നു. മഴക്കാലത്തെ ചേറിലും ചെളിയിലും പകരാവുന്ന അസുഖങ്ങൾക്കു പ്രതിവിധിയാണിത്. ഇന്ന് മൈലാഞ്ചി അരച്ചെടുക്കേണ്ട ആവശ്യമില്ല. ഭംഗിയുള്ള പായ്ക്കറ്റുകളിൽ അങ്ങാടിയിൽ ലഭിക്കുമല്ലോ.
വെളികുത്തൽ
കർക്കിടകം ഒന്നിന് പുലർച്ചെ വെളികുത്തൽ എന്നൊരു ചടങ്ങുണ്ട്. ദശപുഷ്പങ്ങളും മഞ്ഞൾതൈയും താളും ഒരു മണ്ണുരുളയിൽ കുത്തിനിർത്തി പുരപ്പുറത്തേക്കു എറിയുന്നു. വെളികുത്തുമ്പോൾ പൂ വിളിയ്ക്കണം - അതായത് 'പൂവേ പൊലി പൂവേ പൊലി" എന്ന് ഉച്ചത്തിൽ ഉരുവിട്ടുകൊണ്ടിരിയ്ക്കണം. പൂ വിളിയ്ക്കാൻ കുട്ടികൾക്ക് വലിയ ഉത്സാഹമാണ്. ഐശ്വര്യത്തെ വരവേൽക്കുന്ന ആശംസയാണിത്.
വെളി ഉണങ്ങിയാൽ ചിറി (വായ) ഉണങ്ങും എന്നൊരു ചൊല്ലുണ്ട് - അതായത് മഴ പെയ്തില്ലെങ്കിൽ പുരപ്പുറത്തിട്ട വെളി ഉണങ്ങും - മഴ ഇല്ലെങ്കിൽ കൃഷി പിഴയ്ക്കും - കൃഷി പിഴച്ചാൽ വിളവ് കുറയും - ആഹാരം ഇല്ലാതാവും - അങ്ങനെ ചിറി ഉണങ്ങും.
ശീവോതി വെക്കൽ
വെളികുത്തിക്കഴിഞ്ഞാൽ ശീവോതിയെ (ശ്രീഭഗവതിയെ) കുടിവെയ്ക്കുക എന്നൊരു ചടങ്ങുണ്ട്. പഴയ കാലത്തു മച്ചിലാണ് ദേവിയെ കുടിവെയ്ക്കുക. എണ്ണയും സാംബ്രാണിയും മണക്കുന്ന മച്ചു മണ്മറഞ്ഞ കാരണവന്മാരുടെ സാന്നിധ്യമുള്ളതുമാണെന്ന ഒരു സങ്കല്പവുമുണ്ട്.
No comments:
Post a Comment