Thursday, May 26, 2022

ഐതിഹ്യം കൊട്ടിയൂർ

*“പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം"* എന്ന് നിബന്ധനയുള്ള ഏകക്ഷേത്രം.

കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ  ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടിയൂർ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് നടക്കുന്നത്. കൊട്ടിയൂരിൽ പുണ്യനദിയായ ബാവലിപ്പുഴയുടെ  അക്കരെയും ഇക്കരെയുമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുഴയുടെ തെക്കു ഭാഗത്തുള്ള  ഇക്കരെ കൊട്ടിയൂരിൽ  സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്തുള്ള അക്കരെ  കൊട്ടിയൂരിൽ വൈശാഖ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവസമയത്തു ഇക്കരെ കൊട്ടിയൂരിൽ പൂജകൾ ഉണ്ടാവില്ല. 
അക്കരെകൊട്ടിയൂരാണ് മൂലക്ഷേത്രം. ഇവിടെ ജലാശയത്തിന് നടുവിൽ സ്വയംഭൂവായി മണിത്തറയിൽ മഹാദേവനും ശക്തിചൈതന്യമായ പാർവതീദേവി അമ്മാറക്കൽത്തറയിലും സ്ഥിതി ചെയ്യുന്നു. വൈശാഖോത്സവ സമയത്ത്  മാത്രമേ ഇവിടെ പൂജയുള്ളൂ. ബാക്കി കാലത്ത് ഇക്കരെകൊട്ടിയൂരിലാണ് ഭഗവാൻ സന്നിഹിതനായിരിക്കുക. ഈ കാലത്തു അക്കരെകൊട്ടിയൂരിലേക്കു ആർക്കും പ്രവേശനമുണ്ടാവുകയില്ല. ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. അതിനാൽ ഇവിടെ എത്താൻ കഴിയുന്നത് പോലും അതീവ പുണ്യമാണ്. സതീദേവിയുടെ പിതാവായ ദക്ഷൻ, ഭഗവാൻ ശിവനൊഴികെ എല്ലാവരെയും ക്ഷണിച്ച് സർവൈശ്വര്യം നേടാൻ യാഗം നടത്തി. ക്ഷണിക്കാതെ അവിടെ എത്തിയ സതീദേവി തന്റെ ഭർത്താവായ പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ വിഷമിച്ച് യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. ഇതറിഞ്ഞ ഭഗവാൻ കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും ജനിച്ച വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ ശിരസറുത്തു. പരിഭ്രാന്തരായ വിഷ്ണുവും ബ്രഹ്‌മാവും മറ്റു ദേവഗണങ്ങളും കൈലാസത്തിലെത്തി ഭഗവാനെ ശാന്തനാക്കി യാഗഭംഗത്തിന്റെ ഭവിഷ്യത്ത് അറിയിച്ചു. ഭഗവാന്റെ അനുവാദപ്രകാരം ബ്രഹ്മാവ് ദക്ഷനെ പുനർജീവിപ്പിച്ച് യാഗം മുഴുമിപ്പിച്ചു.
വൈശാഖോത്സവം മഴക്കാലത്തായിരിക്കും. ഇല്ലെങ്കിൽ ഉത്സവമായാൽ മഴയെത്തിയിരിക്കും. പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം എന്ന ആചാരപരമായ നിബന്ധനയുള്ള ഏക ക്ഷേത്രവും ഇതു മാത്രമാണ്. നിത്യപൂജകൾ എന്ന് വിളിക്കപ്പെടുകയെന്നതിനേക്കാൾ യാഗമെന്ന് വിളിക്കപ്പെടുന്നതാണ് ഇവിടുത്തെ ആചാരങ്ങളും കർമങ്ങളുമെല്ലാം. പരശുരാമനും ശങ്കരാചാര്യരും വ്യത്യസ്ത ഘട്ടങ്ങളിലായി ചിട്ടപ്പെടുത്തിയ ഉത്സവചടങ്ങുകൾക്ക് പ്രധാനമായും ഏഴ് അംഗങ്ങളും നാല് ഉപാംഗങ്ങളുമാണുള്ളത്. കൂടാതെ  ചില സവിശേഷ ചടങ്ങുകളുമുണ്ട്. പ്രക്കൂഴം, നീരെഴുന്നെള്ളത്ത്, നെയ്യാട്ടം, ഭണ്ഡാരമെഴുന്നെള്ളത്ത്, ഇളനീരാട്ടം, കലം വരവ്, കലശാട്ടം എന്നിവയാണ് അംഗങ്ങൾ. തിരുവോണം, രേവതി, അഷ്ടമി, രോഹിണി എന്നീ നാളുകളിൽ വിശേഷപൂജകളോടുകൂടിയ ആരാധനകളാണ് നടക്കുന്നത്. ഈ ആരാധനകളാണ് ഉപാംഗങ്ങൾ എന്നറിയപ്പെടുന്നത്. വിശാഖം നാളിലെ ഭണ്ഡാരം എഴുന്നെള്ളത്തിനുമുമ്പും മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും സ്‌ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
വൈശാഖ മഹോത്സവവേളയിൽ കൊട്ടിയൂരിൽ ദർശനം നടത്തി മടങ്ങുന്നവര്‍ ഭക്ത്യാദരപൂർവ്വം പ്രസാദമായി കൊണ്ടുപോകുന്ന ഓടപ്പൂവിനും ദക്ഷയാഗചരിതവുമായി ബന്ധമുണ്ട്. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി (ദീക്ഷ) പറിച്ചെറിഞ്ഞ ശേഷമാണ് തലയറുത്തത്‌. ദീക്ഷ  വീരഭദ്രൻ കാറ്റിൽ പറത്തി.  ഈ ദീക്ഷയത്രെ ഓടപ്പൂക്കൾ പ്രതിനിധാനം ചെയ്യുന്നത്. പൂമുഖത്തും  പൂജാമുറിയിലും വാഹനങ്ങളിലുമെല്ലാം ഈ ഓടപ്പൂക്കൾ   തൂക്കിയിടുന്നത് സർവ്വൈശ്വര്യം പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.
*ശംഭോ മഹാദേവ!!*

Wednesday, May 25, 2022

dashaavatharam

🪔🛕ദശാവതാര ക്ഷേത്രങ്ങളുള്ള മണ്ണ്🛕🪔
🎀●🎀


വെറും 6 കിലോമീറ്ററിനുള്ളിൽ ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാര പ്രതിഷ്ടയുള്ള 10 ക്ഷേത്രങ്ങൾ, അതും  കേരളത്തിൽ തന്നെ. വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ, പക്ഷെ ഇത് സത്യം തന്നെ. വായിക്കൂ.....

ദശാവതാര കഥകൾ പറഞ്ഞും കേട്ടും മതിവരാത്തവരായ് ആരുമുണ്ടാവില്ല,  എന്നാൽ ദശാവതാര ക്ഷേത്രങ്ങളെല്ലാം ഒരു ദേശത്ത് വെറും 6 കിലോമീറ്റർ ചുറ്റളവിനുള്ളിൽ എന്നത് ആശ്ചര്യവും അതിലുപരി അറിവുമായിരിക്കും.

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ എന്ന സ്ഥലത്താണ് മഹാവിഷ്ണുവിന്റെ പത്ത്  അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവരുടെ ഐതിഹ്യവും പവിത്രതയും നിറഞ്ഞു നിൽക്കുന്ന ദശാവതാര ക്ഷേത്രങ്ങളുള്ള മണ്ണ്.

ജലസമൃദ്ധവും വറ്റാത്ത നീരുറവകളുമുള്ള പൊൻകുന്ന് മലയുടെ താഴ്വാരങ്ങളിലാണ്  ഈ ദശാവതാര ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. ഇതിൽ മത്സ്യം, കൽക്കി പ്രതിഷ്ടകൾ മറ്റെവിടെയുമില്ല. ഒരു ശ്രീചക്രം വരച്ചു കഴിഞ്ഞാൽ ഈ പത്ത് ക്ഷേത്രങ്ങളും അതിൽ ഉൾപ്പെടും. കാക്കൂർ എന്ന സ്ഥലപേരിനു പോലും വിഷ്ണുവിന്റെ അവതാരമായ് ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്, കൽക്കി വാഴുന്ന ഊര് എന്ന അർത്ഥത്തിൽ കൽക്കിയൂർ എന്നറിയപ്പെടുകയും പിന്നീട് അത് കാക്കൂർ എന്നായി മാറിയതുമാണത്രെ. ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടർന്നുണ്ടായ ആക്രമണത്തിന്റെയും ഭാഗമായി മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടിരുന്നു, എന്നാൽ ഇന്ന് ഇവയിൽ മിക്കവയും തദ്ദേശീയ നാട്ടുകാരുടേയും ഹൈന്ദവ ഭക്തരുടേയും അശ്രാന്തശ്രമഫലമായി ക്ഷേത്രപുനരുദ്ധാരണ പ്രവൃത്തികൾ നടത്തി വരികയാണ്.ഒരു ദേവസ്വം ബോർഡിന്റെയും സഹായഹസ്തങ്ങളില്ലാതെ തന്നെ.

1. മത്സ്യം :- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
പെരുമീൻപുറം ശ്രീ വിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ ഒമ്പതേ അഞ്ചിൽ (9/5) നിന്ന് 500 മീറ്റർ അകലെ പൊൻകുന്ന് മലയുടെ താഴ്വരയിൽ മത്സ്യാവതാര ക്ഷേത്രം. മത്സ്യാവതാര രൂപിയായ ഭഗവാന്റെ അവതാര പ്രതിഷ്ഠക്കു പുറമെ ഗണപതിയും പത്നീ സമേതനായ ശാസ്താവുമുണ്ട്‌. ഇവിടെ വൈശാഖ മാസത്തിൽ മീനൂട്ട് ഉത്സവം നടക്കുന്നു. കേരളത്തിലെ ദശാവതാര ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനം ഈ ക്ഷേത്രത്തിനാണ്.

2. കൂർമ്മം:- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ആമമംഗലം വിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നേ നാലിൽ (11/4) റോഡരികിലാണ് കൂർമ്മാവതാര പ്രതിഷ്ഠയുള്ള ആമമംഗലം മഹാവിഷ്ണു ക്ഷേത്രം. പ്രധാന ശ്രീകോവിലിന്റെ വശങ്ങളിലായി ഭദ്രകാളി, അയ്യപ്പൻ, ഗണപതി, ദക്ഷിണാമൂർത്തി, ദുർഗാഭഗവതി എന്നീ പ്രതിഷ്ഠകളുണ്ട്. മിഥുന മാസത്തിലെ രോഹിണി നക്ഷത്രത്തിൽ പ്രത്യേക പൂജകൾ നടന്നുവരുന്നു. ആമവാതം പിടിപെട്ട പലരും ദൂരെ ദിക്കിൽ നിന്നും വിശേഷാൽ പൂജകൾക്കും മറ്റുമായി വരാറുണ്ട്.

3. വരാഹം :- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
പന്ന്യംവള്ളി വാര്യംമഠം മഹാവിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ നന്മണ്ടയിൽ നിന്ന് കുറച്ച്  മാറി പൊൻകുന്ന് മലയുടെ കിഴക്കൻ ചെരുവിലാണ് കേരളത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന വരാഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വട്ടത്തിലുള്ള ശ്രീകോവിലിൽ ഭഗവാന്റെ പ്രധാന പ്രതിഷ്ഠയും ചുറ്റമ്പലത്തിന് പുറത്തായ് ഗണപതിയുെടേയും ഭഗവതിയുടേയും അയ്യപ്പന്റെയും ഉപപ്രതിഷ്ഠകളുമുണ്ട്. മീനമാസത്തിലെ കറുത്ത പഞ്ചമി നാളിലാണ് വരാഹമൂർത്തി അവതരിച്ചത്, അതുകൊണ്ട് തന്നെ എല്ലാ വർഷവും ഈ ദിവസമാണ് ക്ഷേത്രോത്സവം.

4. നരസിംഹം :- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
നടുവല്ലുർ തൃക്കോയിക്കൽ ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നാം മൈലിൽ നിന്ന് കുറച്ച് അകലെയായി നടുവല്ലൂരിലാണ് നരസിംഹ ക്ഷേത്രം. ശ്രീകോവിലിനു സമീപത്തായി ഗണപതി, ശിവൻ എന്നീ ദേവന്മാരുടെ പ്രതിഷ്ഠയുണ്ട്.

5. വാമനൻ :- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
തീർഥങ്കര വാമന ക്ഷേത്രം
  നരസിംഹ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരെ തീർഥങ്കരയിലാണ് വാമനാവതാരം കുടികൊള്ളുന്നത്.ഗൗതമ മുനിയുടെ ശംഖതീർഥത്തിന്റെ കരയിലായിരുന്നത്രെ പരശുരാമൻ വാമന ക്ഷേത്രം സ്ഥാപിച്ചത് അതുകൊണ്ടാണ് ഈ ക്ഷേത്രം തീർഥങ്കര വാമന ക്ഷേത്രം എന്നറിയപ്പെട്ടത് എന്നാണ് വിശ്വാസം. ഈ ക്ഷേത്രം ഇപ്പോഴും തകർന്നു കിടക്കുകയാണ് ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും ഇവിടെ കാണാനില്ല. പൊൻകുന്നം മലയുടെ ഒരു ഭാഗത്തുള്ള പാലമരത്തിന്റെ ചുവട്ടിൽ ഒരു ഗുഹ മാത്രം അവശേഷിക്കുന്നു. ഗുഹയ്ക്ക് കുറച്ച് അപ്പുറം ചെറിയൊരു വെള്ളച്ചാട്ടമുണ്ട് അതിനു താഴെ വാമനമൂർത്തിയുടെ ചെറിയ ഒരു വിഗ്രഹം ഉണ്ടായിരുന്നു.

6. പരശുരാമൻ:- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ടിപ്പുവിന്റെ പടയോട്ടത്തിൽ പൂർണ്ണമായും തകർക്കപ്പെട്ട ക്ഷേത്രമാണിത്, ഈ ക്ഷേത്രവും ഇപ്പോഴും തകർന്ന് കിടക്കുകയാണ്. ഇന്നും പുനരുദ്ധാരണം നടക്കാതെ കിടക്കുന്ന ഏക ദശാവതാരക്ഷേത്രം ഇതാണ്. ഇപ്പോൾ കാക്കൂർ പോലീസ് സ്റ്റേഷൻ നില നിൽക്കുന്ന പറമ്പിലാണ് പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ക്ഷേത്രത്തിന്റെത് എന്ന് കരുതുന്ന ഒരു തറയും ചതുരക്കിണറും ഇപ്പോഴും സ്റ്റേഷൻ കോമ്പൗണ്ടിലുണ്ട്.

7. ശ്രീരാമൻ :- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
രാമല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം
രാമല്ലൂർ എന്ന സ്ഥലത്താണ് ശ്രീരാമസ്വാമി ക്ഷേത്രമുള്ളത്. രാമല്ലുരിന്റ ദേശക്ഷേത്രമായ് കണക്കാക്കുന്നത് ഈ ശ്രീരാമ ക്ഷേത്രത്തെയാണ്. ചുറ്റമ്പലത്തോടും ബലിക്കൽ പുരയോടും കൂടി പഴയ രീതിയിൽ തന്നെയാണ് ഇന്നും ക്ഷേത്രം നിലനിൽക്കുന്നത്. എല്ലാ വർഷവും കർക്കിട മാസത്തിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും രാമായണ പാരായണവും നടത്തി വരുന്നു, കൂടാതെ നാട്ടുകാരുടെ ശ്രീരാമനവമി  ആഘോഷവുമുണ്ട്. പ്രധാന പ്രതിഷ്ഠക്കു പുറമെ ഗണപതി, ശാസ്താവ് എന്നീ ഉപദേവൻമാരേയും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.

8. ബലരാമൻ :- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
കാവിൽ ബലരാമ ക്ഷേത്രം
രണ്ടായിരം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കാലാന്തരത്തിൽ ക്ഷേത്രം ക്ഷയിക്കുകയും വിഗ്രഹം ഉടയുകയും ചെയ്തിരുന്നു. ഇപ്പോൾ ക്ഷേത്രം പുരോഗതിയിലേക്കു മടങ്ങി വന്നു കഴിഞ്ഞു.നിത്യ പൂജയും തുടങ്ങി. ഏറ്റവും ഒടുവിൽ നിർമ്മിച്ച ക്ഷേത്രമാണിത് ഇനി പുന: പ്രതിഷ്ഠ നടത്തണം.

9. ശ്രീകൃഷ്‌ണൻ :- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം
കാവിൽ ബലരാമക്ഷേത്രത്തിൽ നിന്നും കുറച്ച് മാറി ഈന്താട് എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രമുള്ളത്. വയലിന്റെ നടുവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബലരാമനും ശ്രീകൃഷ്ണനും സഹോദരൻമാരായതിനാൽ രണ്ടു ക്ഷേത്രവും ഒരേ ദിശയിലാണ് ഉള്ളത്, പരസ്പരം മുഖം നോക്കി നിൽക്കുന്ന ഘടനയിലാണു രണ്ടു പ്രതിഷ്ഠകളും.

10. കൽക്കി :-
💢▀▀▀▀▀▀▀▀▀▀▀▀▀💢
വിഷ്ണുഭഗവാന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ക്ഷേത്രത്തെക്കുറിച്ച് നാട്ടുകാർക്ക് രണ്ടഭിപ്രായമാണ്. അതിൽ ഒന്ന് പെരുമീൻപുറത്തു നിന്ന് കുറച്ചകലെ അമ്പലപ്പറമ്പ് എന്ന സ്ഥലത്ത് ഒരു ചതുരക്കിണർ ഉണ്ടായിരുന്നു, അവിടെയാവാം കൽക്കിയുടെ ക്ഷേത്രമെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റൊന്ന് കലിയുഗത്തിനൊടുവിൽ മാത്രമെ കൽക്കിയുടെ ക്ഷേത്രം സ്ഥാപിതമാവു എന്നു ചിലർ വിശ്വസിക്കുന്നു.

രാമായണമാസത്തിൽ ഈ ദശാവതാര ക്ഷേത്രങ്ങളിൽ എല്ലാം ഒരേ ദിവസം ദർശനം ലഭിക്കുക എന്നത് പുണ്യമായി കരുതുന്നു. 

♟️                  🧘‍♀️ 🧘‍♂️                  ♟️

Wednesday, May 18, 2022

ഓടപ്പൂവ്

സതീദേവി ദക്ഷയാഗം നടന്ന യാഗാഗ്നിയിൽ ചാടി ദേഹം വെടിഞ്ഞ സ്ഥലമാണ് കണ്ണൂർ ജില്ലയിലെ തലശേരിക്കടുത്തുള്ള കൊട്ടിയൂർ. അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് കൊട്ടിയൂരുണ്ട്. അക്കരെയിലാണ് യാഗം നടന്നതും ശിവ ഭൂതഗണങ്ങൾ യാഗം മുടക്കുകയും വീരഭദ്രൻ ദക്ഷന്റെ തലയറുക്കുകയും ചെയ്തത്. ബ്രഹ്മാവിന്റെ മകനായ ദക്ഷന് പിന്നെ ആടിന്റെ തല വച്ചുകൊടുത്ത് ഭഗവാൻ ജീവന്‍ തിരിച്ചു നൽകിയതും ഐതീഹ്യം.

ഇക്കരെ കൊട്ടിയൂരിൽ സാധാരണ ക്ഷേത്രങ്ങളിലെപോലെ നിത്യപൂജയും മറ്റും നടക്കുന്നു. പരശുരാമനാണ് ഈ ക്ഷേത്രത്തിലും പ്രതിഷ്ഠ നടത്തിയത്. ജഗദ്ഗുരു ശങ്കരാചാര്യനും ഇവിടം സന്ദർശിച്ചതായി പറയപ്പെടുന്നു.
ഇടവമാസത്തിലെ ചോതി മുതൽ മിഥുനമാസത്തിലെ ചിത്തിര വരെ അക്കരെ കൊട്ടിയൂരിൽ വൈശാഖമാസ ഉത്സവത്തിനാണ് പൂജാകർമ്മങ്ങൾ നടക്കുന്നതും ആളുകൾക്ക് പ്രവേശനമുള്ളതും. വാവാലി പുഴ കടന്ന് ചെല്ലുമ്പോൾ സ്വയംഭൂവായ വിഗ്രഹം തിരുവഞ്ചിറ എന്നറിയപ്പെടുന്ന വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്തിന് നടുവിൽ ഉയർന്ന വട്ടത്തറയിലാണുള്ളത്. ഇവിടെ ക്ഷേത്രമില്ല.

നീരെഴുന്നള്ളത്ത്, നെയ്യാട്ടം, ഭണ്ഡാരം എഴുന്നള്ളത്ത്, തിരുവോണം ആരാധന, ഇളനീർവെപ്പ്, അഷ്ടമി ആരാധന, ഇളനീരാട്ടം, രേവതി ആരാധന, രോഹിണി ആരാധന, തിരുവാതിര ചതുശ്ശതം, പുണർതം ചതുശ്ശതം, ആയില്യം ചതുശ്ശതം, മകം – കലം വരവ്, അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, തൃക്കലശാട്ട് എന്നിങ്ങനെയാണ് ഇവിടത്തെ ചടങ്ങുകൾ.

ഭണ്ഡാരമെഴുന്നള്ളിപ്പിന് മുൻപും മകം നാൾ ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമില്ല. അക്കരെ കൊട്ടിയൂരിൽ ആയിരംകുടം അഭിഷേകം, തുമ്പമാല, കൂത്ത്, കൂവളമാല, തുളസിമാല, തിരുവപ്പം ആടിയ നെയ്യ്, കളഭം, ഇളനീരഭിഷേകം, വലിയ വട്ടളം പായസം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.
ആൾരൂപം സമർപ്പിച്ചാൽ സർവ്വരോഗങ്ങളും മാറും എന്നാണ് വിശ്വാസം. ഇവിടെ നിന്നും പ്രസാദമായി ലഭിക്കുന്ന അഷ്ടബന്ധം നെറ്റിയിൽ തൊട്ടാൽ രോഗങ്ങൾ മാറും എന്നും ഭക്തന്മാർ കരുതുന്നു. ശത്രുനാശം, സർവ്വൈശ്വര്യം, അകാലമരണമോചനം, സന്താനലബ്ധി, ദീർഘായുസ്സ്, രാജകീയ പദവികൾ എന്നിവ കൊട്ടിയൂരിൽ വഴിപാടുകൾ നടത്തിയാൽ ഉണ്ടാകുമത്രേ.

തലശ്ശേരി വഴിയും മാനന്തവാടി വഴിയും കൊട്ടിയൂരിലെത്താം. ദക്ഷന്റെ താടി എന്ന സങ്കൽപ്പത്തിൽ ഇവിടെ നിന്നും ആളുകൾ ഓടപ്പൂവ് വാങ്ങി വീട്ടിലും വാഹനത്തിലും തൂക്കുന്നു. ഈറ്റയുടെ തണ്ട് ചതച്ചാണ് ഓടപ്പൂവ് ഉണ്ടാക്കുന്നത്.

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...