Wednesday, May 18, 2022

ഓടപ്പൂവ്

സതീദേവി ദക്ഷയാഗം നടന്ന യാഗാഗ്നിയിൽ ചാടി ദേഹം വെടിഞ്ഞ സ്ഥലമാണ് കണ്ണൂർ ജില്ലയിലെ തലശേരിക്കടുത്തുള്ള കൊട്ടിയൂർ. അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് കൊട്ടിയൂരുണ്ട്. അക്കരെയിലാണ് യാഗം നടന്നതും ശിവ ഭൂതഗണങ്ങൾ യാഗം മുടക്കുകയും വീരഭദ്രൻ ദക്ഷന്റെ തലയറുക്കുകയും ചെയ്തത്. ബ്രഹ്മാവിന്റെ മകനായ ദക്ഷന് പിന്നെ ആടിന്റെ തല വച്ചുകൊടുത്ത് ഭഗവാൻ ജീവന്‍ തിരിച്ചു നൽകിയതും ഐതീഹ്യം.

ഇക്കരെ കൊട്ടിയൂരിൽ സാധാരണ ക്ഷേത്രങ്ങളിലെപോലെ നിത്യപൂജയും മറ്റും നടക്കുന്നു. പരശുരാമനാണ് ഈ ക്ഷേത്രത്തിലും പ്രതിഷ്ഠ നടത്തിയത്. ജഗദ്ഗുരു ശങ്കരാചാര്യനും ഇവിടം സന്ദർശിച്ചതായി പറയപ്പെടുന്നു.
ഇടവമാസത്തിലെ ചോതി മുതൽ മിഥുനമാസത്തിലെ ചിത്തിര വരെ അക്കരെ കൊട്ടിയൂരിൽ വൈശാഖമാസ ഉത്സവത്തിനാണ് പൂജാകർമ്മങ്ങൾ നടക്കുന്നതും ആളുകൾക്ക് പ്രവേശനമുള്ളതും. വാവാലി പുഴ കടന്ന് ചെല്ലുമ്പോൾ സ്വയംഭൂവായ വിഗ്രഹം തിരുവഞ്ചിറ എന്നറിയപ്പെടുന്ന വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്തിന് നടുവിൽ ഉയർന്ന വട്ടത്തറയിലാണുള്ളത്. ഇവിടെ ക്ഷേത്രമില്ല.

നീരെഴുന്നള്ളത്ത്, നെയ്യാട്ടം, ഭണ്ഡാരം എഴുന്നള്ളത്ത്, തിരുവോണം ആരാധന, ഇളനീർവെപ്പ്, അഷ്ടമി ആരാധന, ഇളനീരാട്ടം, രേവതി ആരാധന, രോഹിണി ആരാധന, തിരുവാതിര ചതുശ്ശതം, പുണർതം ചതുശ്ശതം, ആയില്യം ചതുശ്ശതം, മകം – കലം വരവ്, അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, തൃക്കലശാട്ട് എന്നിങ്ങനെയാണ് ഇവിടത്തെ ചടങ്ങുകൾ.

ഭണ്ഡാരമെഴുന്നള്ളിപ്പിന് മുൻപും മകം നാൾ ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമില്ല. അക്കരെ കൊട്ടിയൂരിൽ ആയിരംകുടം അഭിഷേകം, തുമ്പമാല, കൂത്ത്, കൂവളമാല, തുളസിമാല, തിരുവപ്പം ആടിയ നെയ്യ്, കളഭം, ഇളനീരഭിഷേകം, വലിയ വട്ടളം പായസം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.
ആൾരൂപം സമർപ്പിച്ചാൽ സർവ്വരോഗങ്ങളും മാറും എന്നാണ് വിശ്വാസം. ഇവിടെ നിന്നും പ്രസാദമായി ലഭിക്കുന്ന അഷ്ടബന്ധം നെറ്റിയിൽ തൊട്ടാൽ രോഗങ്ങൾ മാറും എന്നും ഭക്തന്മാർ കരുതുന്നു. ശത്രുനാശം, സർവ്വൈശ്വര്യം, അകാലമരണമോചനം, സന്താനലബ്ധി, ദീർഘായുസ്സ്, രാജകീയ പദവികൾ എന്നിവ കൊട്ടിയൂരിൽ വഴിപാടുകൾ നടത്തിയാൽ ഉണ്ടാകുമത്രേ.

തലശ്ശേരി വഴിയും മാനന്തവാടി വഴിയും കൊട്ടിയൂരിലെത്താം. ദക്ഷന്റെ താടി എന്ന സങ്കൽപ്പത്തിൽ ഇവിടെ നിന്നും ആളുകൾ ഓടപ്പൂവ് വാങ്ങി വീട്ടിലും വാഹനത്തിലും തൂക്കുന്നു. ഈറ്റയുടെ തണ്ട് ചതച്ചാണ് ഓടപ്പൂവ് ഉണ്ടാക്കുന്നത്.

No comments:

Post a Comment

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...