*പൂജവയ്പ്പും വിദ്യാരംഭവും എങ്ങനെ അനുഷ്ഠിക്കാം*
ദുർഗാഷ്ഠമി നാളിൽ പൂജവയ്പ്പ് നടത്തുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ക്ഷേത്രങ്ങളിലും വീടുകളിലും വ്യത്യസ്ത വിധി പ്രകാരമാണ് പൂജവയ്പ്പ് നടത്തുന്നത്. ദുർഗാഷ്ഠമി നാളിലെ പൂജവയ്പ്പിനെ കുറിച്ച് വിശദമായി അറിയാം.
ശക്തി സ്വരൂപിണിയായ ദേവി പത്തുനാളത്തെ ഘോരയുദ്ധത്തിനു ശേഷംമഹിഷാസുരനെ വധിച്ചതിന്‍റെ സ്മരണയിലാണ് നവരാത്രി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. നവഭാവങ്ങളിലായിരുന്നു ദേവി പോരാടിയത്. അതുകൊണ്ട് തന്നെ ഭാവ-രസ-വര്‍ണ്ണങ്ങളുടെ പൊലിമയാണ് നവരാത്രി. ദേവി അവതരിച്ച ഒന്‍പത് ഭാവങ്ങളിലും ഇന്ത്യയില്‍ ക്ഷേത്രങ്ങളുണ്ടെന്നതാകട്ടെ മറ്റൊരു പ്രത്യേകതയും.
സര്‍വ്വകലകളുടെ അധിപയായ ദേവിയെ നവരാത്രി നാളുകളില്‍ വൃതാനുഷ്ഠാനങ്ങളോടെ ആരാധിക്കുന്നത് ഏറെ ഉത്തമമാണ്. ദേവി ഭക്തന് സമ്പല്‍ സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. പ്രായ ലിംഗ ഭേദമന്യേ നവരാത്രി വ്രതം അനുഷ്ഠിക്കാം.
നവരാത്രിയുടെ എട്ടാം നാള്‍ അതായത് ദുര്‍ഗ്ഗാഷ്ടമി നാളില്‍ നടക്കുന്ന പൂജവെപ്പ് ഏറെ വിശേഷപ്പെട്ട ചടങ്ങാണ്. വൈകീട്ട് അഷ്ടമിതിഥി വരുന്ന ദിവസമാണ് പൂജവെക്കുക. ദുര്‍ഘാഷ്ടമി ദിനത്തില്‍ പൂജവെക്കുമ്പോഴും വിജയദശമി ദിനത്തില്‍ പൂജയെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്,
വൈവിധ്യങ്ങളുടെ നവരാത്രി കാലം; നവദുര്‍ഗ്ഗകളെ ആരാധിച്ചാൽ ഫലങ്ങൾ ഏറെ..
അഷ്ടമിനാളില്‍ ഗ്രന്ഥങ്ങള്‍, നൃത്ത-സംഗീത-വാദ്യോപകരണങ്ങള്‍ എന്നിവയാണ് പൂജവെക്കുക. സന്ധ്യാ സമയത്ത് പ്രത്യേക സ്ഥാനത്ത് പൂജ നടത്തിയാണ് ഗ്രന്ഥങ്ങള്‍ പൂജയ്ക്കായി സമര്‍പ്പിക്കേണ്ടത്. കേരളത്തില്‍ എല്ലാ ക്ഷേത്രങ്ങളിലും പൂജവയ്പ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കാറുണ്ട്. വീടുകളിലോ സ്ഥാപനങ്ങലിലോ ആണ് പൂജ ഒരുക്കുന്നതെങ്കില്‍ സരസ്വതി, ദുര്‍ഗ്ഗാ ദേവിമാരുടെ ചിത്രത്തിനു മുന്നില്‍ പൂജവെക്കാം.മറ്റ് ഉപാസനാ ദേവതകളുടെ ചിത്രവും ഉപയോഗിക്കാവുന്നതാണ്.
വിദ്യാര്‍ത്ഥികള്‍ അവരുടെ പുസ്തകങ്ങളും പധനോപകരണങ്ങളുമെല്ലാം പൂജക്കുവെക്കണമെന്നാണ് വിശ്വാസം. മുതിര്‍ന്നവര്‍ ഭഗവത്ഗീത, രാമായണം തുടങ്ങിയ പുണ്യഗ്രന്ഥങ്ങള്‍ പൂജയ്ക്ക് വെക്കാവുന്നതാണ്. കലാകാരന്മാര്‍ അവരുടെ കലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് പൂജയ്ക്ക് വെക്കുന്നത്. ഉപകരണങ്ങള്‍ വൃത്തിയാക്കിയതിനു ശേഷം വേണം പൂജവെക്കാന്‍
ആയുധങ്ങള്‍ പൂജയ്ക്ക് വെക്കുന്നത് നവമി നാളിലാണ്. അഷ്ടമി,നവമി നാളുകളില്‍ പൂജയ്ക്കുവെച്ച വസ്തുക്കള്‍ ദശമി നാളിലാണ് പൂജ കഴിഞ്ഞ് എടുക്കുക. ദശമി ദിവസം രാവിലെ വിദ്യാദേവതയായ സരസ്വതിയേയും വിഘ്നേശ്വരന്മാരായ ഗണപതിയേയും ദക്ഷിണാ മൂര്‍ത്തിയേയും, നവഗ്രഹങ്ങളേയും, ശ്രീകൃഷ്ണനേയും ഗ്രന്ഥപൂജയില്‍ പ്രാര്‍ത്ഥിക്കണം. കാരണം ബുദ്ധിയുടെ അധിപനായ ബുധനും ഗുരുവും കൃഷ്ണനാണ്.
സീതയെ വീണ്ടെടുക്കാനായി ശ്രീരാമചന്ദ്രനാണ് ആദ്യം നവരാത്രി വ്രതം നോറ്റത് എന്നാണ് ഐതീഹ്യം. ഒമ്ബത് ദിനം ദേവീ പൂജ നടത്തി വ്രതം നോറ്റ ശ്രീരാമന്‍ സീതാ ദേവിയെ വീണ്ടെടുത്തു. സര്‍വകാര്യ സിദ്ധിക്കും ഒപ്പം വിദ്യാ വിജയത്തിനുമാണ് നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്.
*നവരാത്രി ഒന്‍പതുദിവസവും ഈ മന്ത്രങ്ങള്‍ ജപിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങൾ എന്തെന്ന് നോക്കാം*
നവരാത്രി മന്ത്ര ജപത്തിനുത്തമമായ കാലമാണ്. ഒന്‍പതു ദിനങ്ങളും ഉപാസനകള്‍ക്കും മന്ത്രജപങ്ങള്‍ക്കും അത്യുത്തമമെന്നു പുരാണമതം. നവരാത്രി വ്രതത്തിനൊപ്പമുള്ള മന്ത്രജപം കൂടുതല്‍ ഫലദായകം. ഒന്‍പതു ദിവസം ജപിക്കേണ്ട മന്ത്രങ്ങളും ജപസംഖ്യയും ജപത്തിനൊപ്പം ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറങ്ങളും മന്ത്ര ഫലങ്ങളും ചുവടെ പറയുന്നു. ഈ മന്ത്രങ്ങള്‍ ‘ദശമഹാവിദ്യ’യില്‍ നിന്നും എടുത്തിട്ടുള്ളതാണ്.
*ഒന്നാം ദിവസം*
ഓം ഹ്രീം നമ:
108 പ്രാവശ്യം 2 നേരം, ചുവന്ന വസ്ത്രം.
ഫലം: പാപ ശാന്തി
*രണ്ടാം ദിവസം*
ഓം വേദാത്മികായെ നമ:
336 പ്രാവശ്യം, 2 നേരം. വെളുത്ത വസ്ത്രം.
ഫലം: മനശാന്തി.
*മൂന്നാം ദിവസം*
ഓം ത്രി ശക്ത്യെ നമ:
108 വീതം, 3 നേരം. വെളുത്തവസ്ത്രം. അരയാല്‍, തുളസിത്തയ്ക്കു സമീപമുള്ള ജപം കൂടുതല്‍ ഗുണദായകം.
ഫലം: ശാപ ദോഷ നിവാരണം.
*നാലാം ദിവസം*
ഓം സ്വസ്ഥായെ നമ:
241 വീതം, 2 നേരം. വടക്ക് തിരിഞ്ഞുള്ള ജപം ഗുണദായകം. വെള്ള വസ്ത്രം.
ഫലം: കുടുംബ സമാധാനം, ശാന്തി.
*അഞ്ചാം ദിവസം*
ഓം ഭുവനെശ്വര്യെ നമ:
108 വീതം, 3 നേരം. ചുവന്ന വസ്ത്രം.
ഫലം: ഇഷ്ടകാര്യ സിദ്ധി.
*ആറാം ദിവസം*
ഓം മഹായോഗിനൈ്യ നമ:
241 വീതം, 2 നേരം. കിഴക്കോട്ടു തിരിഞ്ഞുള്ള ജപം ഗുണദായകം. ചുവന്ന വസ്ത്രം.
ഫലം: ഉപാസനാ ശക്തി ഉണ്ടാകാന്‍, ദൈവാനുഗ്രഹം ഉണ്ടാകാന്‍.
*ഏഴാം ദിവസം*
ഓം സാമപ്രിയായെ നമ:
336 വീതം, രണ്ടു നേരം. ദീപം തെളിച്ചുകൊണ്ടുള്ള ജപം ഗുണദായകം. വെളുത്ത വസ്ത്രം.
ഫലം: ഐശ്വര്യം, ദാരിദ്ര്യം നീങ്ങി ധന സമൃദ്ധി.
*എട്ടാം ദിവസം*
ഓം ത്രികോണസ്ഥായെ നമ:
108 വീതം, 3 നേരം. ചുവന്ന വസ്ത്രം.
ഫലം: വശ്യ ശക്തി, സാമൂഹിക പ്രീതി, ജനഅംഗീകാരം.
*ഒന്‍പതാം ദിവസം*
ഓം ത്രിപുരാത്മികായെ നമ:
244 വീതം, 2 നേരം. വെളുത്ത വസ്ത്രം.
ഫലം: ദുരിതങ്ങള്‍, അലച്ചില്‍ മാറുവാന്‍, ഇഷ്ട കാര്യ ലാഭം.
*നവരാത്രി ഐതീഹ്യം*
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.
മധുകൈടഭവധാര്‍ത്ഥം വിഷ്ണുവിനെ യോഗനിദ്രയില്‍ നിന്നുണര്‍ത്താനായി ബ്രഹ്മദേവന്‍ സ്തുതിച്ചപ്പോഴാണ് ദേവി മഹാകാളിയായി അവതരിച്ചത്. ഇത് ദേവിയുടെ തമസോഭാവമാണ്. മഹിഷാസുര നിഗ്രഹത്തിനാണ് ദേവി മഹാലക്ഷ്മിയായി പ്രാദുര്‍ഭവിച്ചത്. ഇത് ദേവിയുടെ രാജസഭാവമാണ്. സുംഭനിസുംഭവധാര്‍ത്ഥം ദേവി മഹാസരസ്വതിയായി അവതരിച്ചു. ഇത് ദേവിയുടെ സാത്വികഭാവമാണ്. ഈ മൂന്നവതാരങ്ങളും അവയുടെ വൈശിഷ്ട്യങ്ങളും ദേവീമാഹാത്മ്യത്തില്‍ വിവരിക്കുന്നുണ്ട്.
*ദേവീമാഹാത്മ്യം*
ദുർഗാദേവി മഹിഷാസുരനെതിരെ നേടിയ വിജയം വർണ്ണിക്കുന്ന സംസ്കൃത രചനയാണ് ദേവീ മാഹാത്മ്യം. മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമാണിത്. അഞ്ചാം നൂറ്റാണ്ടിലാണ് ദേവീമാഹാത്മ്യം രചിച്ചത് എന്നാണ് വിശ്വസിച്ച് വരുന്നത്. ദുർഗ്ഗ സപ്തശക്തി എന്നാണ് ഈ രചനയുടെ മറ്റൊരു പേര്. ഇതിലെ 700 പദ്യങ്ങൾ 13 അദ്ധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ആൺദൈവത്തിന്റെ പ്രഭാവം കുറഞ്ഞ ഇണയെന്ന നിലയ്ക്കുള്ള പുരുഷ മേധാവിത്വപരമായ സ്ഥിതിയിൽ നിന്ന്, ശക്തിയുടെ തന്നെ പ്രതീകം എന്ന അവസ്ഥയിലേയ്ക്കുള്ള അമ്മ ദൈവത്തിന്റെ പരിവർത്തനമാണ് രചനയിൽ പ്രതിപാദിച്ചിരിക്കുന്നത്.
*മഹിഷാസുര മർദ്ദനം*
അസുരന്മാരുടെ രാജാവായിരുന്നു രംഭാസുരൻ. ഇദ്ദേഹത്തിനൊരു മകനുണ്ട്, മഹിഷാസുരൻ!. രംഭാസുരനു ശേഷം അസുരന്മാരുടെ രാജാവായി മഹിഷാസുരൻ വാഴുന്ന കാലം. ദേവന്മാരെ മുച്ചൂടും മുടുപ്പിക്കുക എന്നതായിരുന്നു മഹിഷാസുരന്റെ ലക്ഷ്യം. അതിനായി എപ്പോഴും യുദ്ധം നടത്തി വന്നിരുന്നു. വളരെ പെട്ടന്നായിരുന്നു മഹിഷാസുരൻ ശക്തി നേടിയത്. അസുരന്മാരുടെ എല്ലാ ലക്ഷണവും നിറഞ്ഞ് നിന്നിരുന്നു.
മഹിഷാസുരൻ ഒരിക്കൽ ബ്രഹ്മാവിനെ തപസ്സ് ചെയ്തു. കഠിനമായ പരീക്ഷണങ്ങൾക്ക് ഒടുവിൽ ബ്രഹ്മാവ് അവനിൽ പ്രസാദിച്ചു. എന്ത് വരമാണ് വേണ്ടത് എന്ന ഭഗവാന്റെ ചോദ്യത്തിന് അവൻ ഇങ്ങനെ മറുപടി പറഞ്ഞു.' ഭഗവാനെ, എനിക്ക് മരണമുണ്ടാകരുത്. മരണമില്ലാത്തവനാക്കണം'.
ഭഗവാൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു, 'മകനേ... മരണമില്ലാത്തവൻ ആരുമില്ല. ഒരിക്കൽ എല്ലാത്തിനും അവസാനമുണ്ടാകും. എനിക്ക് അങ്ങനെ വരം നൽകാൻ കഴിയില്ല. മറ്റെന്തെങ്കിലും ചോദിച്ചാൽ സാധിച്ച് തരാം.'
ആലോചിച്ച ശേഷം മഹിഷാസുരൻ വീണ്ടും പറഞ്ഞു,' അങ്ങനെയെങ്കിൽ, ഭൂമിയിൽ പിറന്ന ആർക്കും എന്നെ വധിക്കാൻ കഴിയരുത്. മനുഷ്യരുടെ കൈ കൊണ്ട് എനിക്ക് മരണമുണ്ടാകരുത്, ദേവന്മാർക്ക് എന്നെ കൊല്ലാൻ കഴിയരുത്. മരണം അനിവാര്യമാണെങ്കിൽ അത് ഒരു സ്ത്രീയിലൂടെ മാത്രമാകണം. സ്ത്രീകൾ അപലയാണ്, അവർക്ക് ഒരിക്കലും ശക്തിമാനായ എന്നോട് പൊരുതാൻ കഴിയില്ല. അപ്പോൾ എനിക്ക് മരണവും ഉണ്ടാകില്ല.' ബ്രഹ്മാവ് ആ വരം നൽകി അവനെ അനുഗ്രഹിച്ചു.
അങ്ങനെ അവന് മരണത്തോട് ഭയമില്ലാതായി. വലിയൊരു പട തന്നെ അവൻ സൃഷ്ടിച്ചു. വരബലത്തില്‍ അഹങ്കരിച്ച ഈ അസുരന്‍ ഭൂമിയിലും, ദേവലോകത്തും അക്രമം അഴിച്ചു വിട്ടു. ദേവന്‍മാര്‍ക്ക് ഇരിക്കപൊറുതി ഇല്ലാതെയായി. അവര്‍ രക്ഷക്കായി ത്രിമൂര്‍ത്തികളോട് അപേക്ഷിച്ചു. ദേവന്‍മാരുടെ അപേക്ഷപ്രകാരം ത്രിമൂര്‍ത്തികള്‍ തങ്ങളുടെ ശക്തി സമന്വയിപ്പിച്ച് ഒരു പുതിയ സൃഷ്ടി നടത്തി.
അതായിരുന്നു ദിവ്യപ്രഭയോട് ജനിച്ച മഹാലക്ഷ്മി. മൂന്ന് നിറങ്ങളോടും ഭാവങ്ങളോടും കൂടിയായിരുന്നു അവളുടെ ജനനം. എല്ലാ ദേവതകളുടെയും സംരക്ഷണമായിരുന്നു അവൾ. പല രൂപങ്ങൾ ഉണ്ടായിരുന്നു ദേവിക്ക്. അതിലൊന്നായിരുന്നു ചണ്ഡികാദേവി. സാക്ഷാല്‍ മഹിഷാസുരമര്‍ദ്ദിനി. തുടര്‍ന്ന് ദേവിയും മഹിഷാസുരനും തമ്മില്‍ യുദ്ധമാകുകയും, അസുരനെ ദേവി വധിക്കുകയും ചെയ്തു.
ദുര്‍ഗ്ഗാദേവി മഹിഷാസുരനെ നിഗ്രഹിച്ച ദിവസമാണ് വിജയദശമി.
ഈ വേളയിൽ വ്രതമനുഷ്ഠിച്ച് ഹംസസ്വരൂപികളായ ഭക്തന്മാർ കുമാരിമാരെയും ദമ്പതിമാരെയും ആചരിക്കണമെന്ന് പറയുന്നു. അതിന്റെ ഫലസിദ്ധിയും ദേവീഭാഗവതത്തിൽ സൂചിപ്പിക്കുന്നുണ്ട്. വർഷത്തിൽ 4 തവണ നവരാത്രി ആഘോഷിക്കാമെന്ന് പുരാണങ്ങളും പറയുന്നു. മേടം, കന്നി, കർക്കടകം, കുംഭം ഇവയാണ് നാലുമാസങ്ങൾ. കറുത്തവാവ് മുതൽ 10 ദിവസമാണ് വ്രതമനുഷ്ഠിച്ച് പൂജ നടത്തേണ്ടത്.
ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്.
നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.
No comments:
Post a Comment