Tuesday, April 20, 2021

കേമദ്രുമയോഗം കാല സർപ്പയോഗം

ജാതകത്തിലെ ചില ദരിദ്ര യോഗങ്ങൾ (Poverty Yogas) -:-

കേമദ്രുമയോഗം (Kemadruma Yoga)-:-

ജാതകത്തിൽ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ 2–ാം ഭാവത്തിലും 12–ാം ഭാവത്തിലും  ഒരു ഗ്രഹവും നിൽക്കാത്ത സമയം ജനിക്കുന്നവരുടെ ജാതകത്തിൽ കേമദ്രുമം ഭവിക്കുന്നു. കേമദ്രുമയോഗത്തില്‍ ജനിച്ചവൻ ഉയർന്ന കുലത്തിലോ രാജ വംശത്തിലോ ജനിച്ചാലും എപ്പോഴും ധനമില്ലാതെ  ദുഃഖിച്ച് നടക്കുന്നവനായും, ചീത്തവാക്കുകൾ ഉപയോഗിച്ച് സഹായിക്കുന്നവരെപ്പോലും വെറുപ്പിക്കുന്നവനായും ദാസ്യപ്രവൃത്തിയിലൂടെ ഉപജീവനം കണ്ടെത്തുന്നവനായും ഭവിക്കും.  ചന്ദ്രന്റെ 1,4,7,10 രാശികളിൽ സൂര്യൻ ഒഴിച്ചുളള മറ്റേതെങ്കിലും ഒരു ഗ്രഹം ഉണ്ടെങ്കിൽ കേമദ്രുമയോഗം മാരകമാവില്ല എന്നും പറയുന്നു. രാഹുകേതുക്കളെ ഇവിടെ പരിഗണിക്കാറില്ല.ചന്ദ്രൻ ദുർബ്ബലനാണെങ്കിൽ ഫലം പരിപൂർണ്ണമായിരിക്കും.

മഹാദാരിദ്ര്യ യോഗം (Severe Poverty Yoga) -:-

ജാതകത്തില്‍ പതിനൊന്നാം ഭാവാധിപന്‍ 6, 8, 12, ഭാവത്തില്‍ നില്‍ക്കുകയും, ആയതു പ്രസ്തുത ഗ്രഹത്തിന്റെ ശത്രുരാശിയോ  നീച രാശിയോ  ആവുകയും ചെയ്‌താല്‍ ദാരിദ്ര്യ യോഗം  ഭവിക്കും. ഇവർക്ക് ജീവിതത്തില്‍ ഒരു കാലത്തും സ്ഥിരമായ ഉയര്‍ച്ച ഉണ്ടാവുകയില്ല എന്ന് പറയപ്പെടുന്നു. 

ശകട യോഗം (Sakada Yoga) -:-

ചന്ദ്രൻ നിൽക്കുന്ന രാശിയുടെ ആറാം ഭാവം, എട്ടാം ഭാവം, പന്ത്രണ്ട് എന്നിവിടങ്ങളിൽ വ്യാഴം നിന്നാൽ ശകയോഗം അനുഭവിക്കും.ഇത് ഒരു ദാരിദ്ര്യ യോഗമാണ്. ശകടം എന്നാൽ വണ്ടിച്ചക്രം എന്നാണു അർഥം. ഈ യോഗമുള്ളവൻ അതുപോലെ ഭാരവും പേറി അലയേണ്ടി വരും എന്ന് അർഥം.

 ഋണയോഗം (Persistent Poverty Yoga) -:-

ലഗ്നത്തിന്റെ 1,4,7,10 രാശികളിൽ ചന്ദ്രൻ, ശനി, ശുക്രൻ എന്നീ ഗ്രഹങ്ങളും, ചൊവ്വ 8 ലും സൂര്യൻ 12 ലും നിന്നാൽ കടങ്ങൾ ഒന്നിന് പിന്നാലെ ഒന്നൊന്നായി വന്നു ചേരും. പലപ്പോഴും ഇതുകാരണമായി  സ്വദേശം വിട്ടു പോകേണ്ടതായി വരും. 

ഗുരു ചണ്ഡാല യോഗം (Guru Chandal Yoga) -:-

വ്യാഴവും രാഹുവും തമ്മിൽ യോഗം ചെയ്ത് ജാതകത്തിൽ നിൽക്കുന്നവർക്ക് ദരിദ്രത അനുഭവിക്കേണ്ടി വരും. ഇതാണ് പൊതു ഫലം. അലസതയായിരിക്കും മുഖമുദ്ര. ഗുരുവും കേതുവും തമ്മിൽ ചേർന്ന് നിന്നാൽ അതീവ ദുരിതം നേരിടേണ്ടിവരും. ഈ ഗ്രഹങ്ങൾ നിൽക്കുന്ന രാശി, രാശ്യാധിപന്റെ സ്ഥിതി, ലഗ്നാധിപന്റെ അവസ്ഥ എന്നിവ അനുസരിച്ച് ഫലാനുഭവത്തിൽ ചെറിയ മാറ്റം ഉണ്ടാകും. വ്യാഴത്തിന്റെ സ്ഥിതി വളരെ പ്രധാനമായി ചിന്തിക്കണം. 

ഗ്രഹണയോഗം (Grahan Yoga) -:

സൂര്യനോ ചന്ദ്രനോ രാഹുകേതുക്കളിലൊന്നുമായി ചേർന്ന് നിൽക്കുമ്പോൾ ഗ്രഹണയോഗം ഭവിക്കുന്നു. ഇത് ധനത്തെ ഇല്ലാതാക്കുന്ന യോഗങ്ങളിലൊന്നാണ്. എന്നാൽ കേതു സ്ഥാനം കൊണ്ട്  ദോഷകാരകൻ അല്ലെങ്കിൽ വലിയ ദോഷം ഉണ്ടാക്കുകയില്ല എന്നും പറയപ്പെടുന്നു. 

12 -ആം വ്യാഴം (നിരാലംബയോഗം) -:-

12 -ആം വ്യാഴക്കാരൻ  എന്നത് ഒരു പ്രാദേശിക പ്രയോഗമാണ്. പന്ത്രണ്ടാം വ്യാഴക്കാരൻ എന്ന് പറഞ്ഞാൽ പാരമ്പര്യമായി ലഭിച്ച സ്വത്തുവകകൾ  ഉൾപ്പടെ ധനം  മുഴുവൻ അന്യാധീനപ്പെട്ട നിർഭാഗ്യവാൻ എന്നർത്ഥം. കൂടാതെ സ്വന്തം ഭാര്യ, മക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവർ ചതിയിൽ പെടുത്തുന്ന അവസ്ഥയും ഉണ്ടാകാം.പൊതുവെ ഈ ദോഷം ഉള്ളവർ പലപ്പോഴും സ്വാഭാവികമായിത്തന്നെ തട്ടിപ്പു ഇടപാടുകൾ, നോട്ടിരട്ടിപ്പ്, കള്ളനോട്ട്, നികുതിവെട്ടിപ്പ്   തുടങ്ങിയവയോടു ആഭിമുഖ്യമുള്ളവർ ആയിരിക്കും. ഒടുവിൽ അവർ തന്നെ ചതിക്കപ്പെടും. വ്യാഴം ശുഭ രാശിയിൽ ആയാൽ പുറമെയുള്ള പെരുമാറ്റം സൗമ്യമായിരിക്കും. പന്ത്രണ്ടിൽ വ്യാഴം മോക്ഷം നൽകും എന്നും പറയപ്പെടുന്നു. അതായത്, ഇനി അനുഭവിക്കാൻ ഒന്നും ഇല്ലാത്ത രീതിയിൽ ഈ ജന്മം ദുരിതമയമായിത്തീരും എന്നർത്ഥം. ഇവിടെയും ലഗ്നം, ലഗ്നാധിപൻ എന്നിവയുടെ സ്ഥിതി അനുസരിച്ച് ഫലം മാറും. 

തക്ഷക കാലസർപ്പ യോഗം (Thakshak Kal Sarpa Yoga) -:-
  
സൂര്യാദി സപ്ത ഗ്രഹങ്ങൾ രാഹുകേതുക്കളുടെ അർത്ഥവൃത്തത്തിനുള്ളിൽ വരുന്നതാണ് 'കാലസർപ്പ യോഗം'. ഇതിനെ 'കാളസർപ്പയോഗം' എന്നാണ് പല ജ്യോതിഷ മാസികകളിലും എഴുതിക്കാണുന്നത്. ഏഴിൽ  രാഹു,  ലഗ്നത്തിൽ   കേതു ഇപ്രകാരം നിന്ന് മറ്റു ഗ്രഹങ്ങൾ അതിനുള്ളിൽ വരുന്നത് തക്ഷക കാല സർപ്പ യോഗമാകുന്നു. മദ്യം, നിന്ദ്യമായ രീതിയിലുള്ള മാംസഭക്ഷണം, മദിര(സ്ത്രീ), ചൂത്, അധമക്രിയകൾ എന്നിവയ്ക്ക് അടിമപ്പെടുകയും അതിലൂടെ ഉള്ള സ്വത്തു മുഴുവൻ നഷ്ടമാകുന്നതും ഇതിന്റെ ഫലമാകുന്നു. 

കൃത്യമായ ഈശ്വര ഭജനത്തിലൂടെയും ദാനപുണ്യ കർമ്മങ്ങളിലൂടെയും ഒരു പരിധി വരെ ഇത്തരം ദാരിദ്ര്യ യോഗങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. എന്നാൽ ജാതകയോഗങ്ങൾ എപ്പോഴും മുജ്ജന്മകർമ്മ കാണ്ഡവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കുറെയെങ്കിലും ഫലം അനുഭവിച്ചേ തീരൂ.

No comments:

Post a Comment

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...