Tuesday, April 6, 2021

വ്യാഴമാറ്റം

വ്യാഴം രാശി മാറുന്ന ഫലം

ഭൂമിയിലെ ജീവജാലങ്ങളെ എല്ലാ രീതിയിലും സ്വാധീനിക്കുന്ന സർവേശ്വരകാരകനായ വ്യാഴം രാശി മാറുന്നു. മകരത്തിൽ നിന്നും കുംഭത്തിലേക്കുള്ള ഈ രാശി മാറ്റം സംഭവിക്കുന്നത് 2021 ഏപ്രിൽ 6 പുലരുന്ന രാത്രി 1: 08 മണിക്കാണ്. 1196 മീനമാസം 22 തിങ്കളാഴ്ച ക്യഷ്ണപക്ഷ നവമിയും ആനക്കരണവും സിദ്ധനാമ നിത്യ യോഗവവും ചേർന്നു വരുന്ന ശുഭദിനത്തിൽ ഉത്രാടം നക്ഷത്രം നാലാം പാദത്തിലാണ് രാശി മാറ്റം നടക്കുക. തുടർന്ന് 2021 സെപ്റ്റംബർ 15 വരെ വ്യാഴം കുംഭം രാശിയിലായിരിക്കും. അതിനു ശേഷം വക്രഗതിയില്‍ വീണ്ടും മകരം രാശിയിൽ വരും. ഇതിനിടയിലുള്ള അഞ്ചു മാസവും ഒൻപതു ദിവസവും കുംഭത്തിൽ നിന്ന് വ്യാഴം നമുക്ക് നൽകുന്ന ശുഭാശുഭങ്ങൾ വിചിന്തനം ചെയ്യുമ്പോൾ മേടം, മിഥുനം, ചിങ്ങം, തുലാം, മകരം കൂറുകാർക്ക് പ്രായേണ നല്ല ഫലങ്ങൾ കൂടുതലായി അനുഭവത്തിൽ വരും. ഇടവം, വൃശ്ചികം, കുംഭം രാശിക്കാർക്ക് ഗുണദോഷസമ്മിശ്രമായ ഫലമാണ് ലഭിക്കുക. കർക്കടകം, കന്നി, ധനു, മീനം രാശിക്കാർ ദോഷപരിഹാരത്തിന് ഈശ്വരോപാസന ശക്തമാക്കണം.
വ്യാഴം മകരത്തിലും ധനുവിലുമായി നിന്ന് കഴിഞ്ഞ ഒരു വർഷം ലോകത്തിന് നൽകിയ ദുരിത ദോഷങ്ങൾക്ക് ഈ മാറ്റത്തോടെ കാര്യമായ ശമനം ലഭിക്കും. സെപ്റ്റംബറിലെ വ്യാഴമാറ്റത്തോടെ കാര്യങ്ങൾ ഒന്നുകൂടി ഉഷാറാകും. ഇപ്പോഴത്തെ കുംഭത്തിലേക്കുള്ള രാശി മാറ്റം ഒരോ കൂറുകാരെയും എങ്ങനെ ബാധിക്കുമെന്നും എന്തെല്ലാം ദോഷപരിഹാരം ചെയ്യണമെന്നും നോക്കാം.

*മേടക്കൂറ്*
(അശ്വതി, ഭരണി, കാർത്തിക1/4)

മേടക്കൂറുകാർക്ക് വ്യാഴം പതിനൊന്നിലേക്ക് വരുന്നു. എപ്പോഴും വിഷമങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരുന്ന കഷ്ടകാലം തീരുകയും ലാഭസ്ഥാനത്തേക്ക് വ്യാഴം വരികയും ചെയ്യുന്നതോടെ എല്ലാ പ്രവൃത്തികളിൽ നിന്നും ധനലാഭം പ്രതീക്ഷിക്കാം. കിട്ടാതിരുന്ന ധനം, വസ്തുക്കൾ എന്നിവ തിരികെ ലഭിക്കും. അഭിലാഷങ്ങൾ പലതും നിറവേറ്റും. ഭാഗ്യം പിന്തുണയ്ക്കും. അധികാരമുള്ള പദവികൾ ലഭിക്കും. അതിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യസുഖഹാനിക്ക് സാദ്ധ്യതയുണ്ട്. സന്താനങ്ങൾക്ക് പഠനത്തിൽ തടസമുണ്ടാകാം. രാഷ്ട്രീയക്കാർക്കും കലാരംഗത്തുള്ളവർക്കും നല്ല സമയമാണ്. വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കണം. കരാറുകളിൽ ഏർപ്പെടുമ്പോൾ ശ്രദ്ധിക്കണം. വീട് വാങ്ങുന്നതിനും നിർമ്മിക്കുന്നതിനും പറ്റിയ കാലമാണ്. 2021 സെപ്തംബർ 15 ന് വ്യാഴം വീണ്ടും മകരം രാശിയിലാകും വരെ പേടിക്കേണ്ട. കൂടുതൽ നല്ല ഫലങ്ങൾക്കായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പതിവായി അഷ്‌ടോത്തരാർച്ചന, തൃക്കൈവെണ്ണ, കദളിപ്പഴ നിവേദ്യം, പാൽപ്പായസം എന്നിവ നടത്തണം. ദേവിക്ഷേത്രത്തിൽ വെള്ളിയാഴ്ചകളിൽ സഹസ്രനാമാർച്ചന വഴിപാട് നടത്തുന്നതും നല്ലതാണ്.

*ഇടവക്കൂറ്*
(കാർത്തിക 3/4, രോഹിണി,
മകയിരം 1/2)

ഇടവക്കൂറുകാർക്ക് വ്യാഴം ഭാഗ്യസ്ഥാനത്തു നിന്നും കർമ്മസ്ഥാനത്തേക്ക് മാറുന്നു. കർമ്മ രംഗത്ത് അപ്രതീക്ഷിതമായി ധാരാളം പ്രയാസങ്ങൾ ഉണ്ടാകും. മേലധികാരികൾ വളരെയേറെ ശല്യം ചെയ്യും. രാഷ്ട്രീയ മേലാളന്മാരുടെ അനധികൃതമായ ഇടപെടലുകൾ ഉണ്ടാകും. സ്വന്തം വിശ്വാസ പ്രമാണങ്ങൾക്ക് വിരുദ്ധമായ രീതിയിൽ പ്രവർത്തിക്കാൻ ആജ്ഞ ലഭിക്കുകയും അത് ചെയ്ത് വൈഷ്യമങ്ങൾ നേരിടേണ്ടി വരികയും ചെയ്യും. അങ്ങനെ പ്രവർത്തിക്കാതിരുന്നാൽ വിരോധവും പകയും സഹിക്കേണ്ടി വരും. എന്തു വന്നാലും നിയമം വിട്ട് പ്രവർത്തിക്കരുത്. കുടുംബ ജീവിതത്തിൽ സമയം അനുകൂലമായിരിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും കൈവരും. സാമ്പത്തിക കാര്യങ്ങൾ അത്ര തൃപ്തികരമായിരിക്കില്ല. കഠിനാദ്ധ്വാനം ആവശ്യമാണ്. 2021 സെപ്തംബർ 15 ന് വ്യാഴം മകരം രാശിയിലാകും വരെ ദോഷങ്ങൾ കുറയ്ക്കാൻ എല്ലാമാസവും ജന്മനക്ഷത്ര ദിവസം ഗണപതിഹോമവും ഹനുമാൻ സ്വാമിക്ക് വെണ്ണ നിവേദ്യവും ശ്രീരാമസ്വാമിക്ക് അഷ്‌ടോത്തരാർച്ചനയും നടത്തണം. ശിവന് ധാരയും ശാസ്താവിന് നീരാജനവും നടത്തുന്നതും നല്ലതാണ്.

*മിഥുനക്കൂറ്*
(മകയിരം1/2, തിരുവാതിര, പുണർതം 3/4)

ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ വ്യാഴത്തിന്റെ കുംഭം രാശി സ്ഥിതി ഭാഗ്യം വർദ്ധിപ്പിക്കും. എല്ലാവിധ സംരംഭങ്ങളിലും വിജയം കൈവരിക്കും. ദാമ്പത്യ ജീവിതം മെച്ചപ്പെടും. പരസ്പര ധാരണയും ബഹുമാനവും വർദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരാം. സന്താന തട‌സം നേരിടുന്നവർക്ക് ചികിത്സകളിലൂടെ ഫലപ്രാപ്തി ലഭിക്കാം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അതിന് അവസരം കിട്ടും. നല്ല ജോലി ലഭിക്കുന്നതിനും വിദ്യാവിജയത്തിനും പ്രവേശന പരീക്ഷകളിലെ വിജയത്തിനും സാദ്ധ്യതയുണ്ട്. വ്യാഴം ഒൻപതിലേക്കു മാറുന്നതുകൊണ്ടുള്ള ഗുണഫലം വർദ്ധിക്കുന്നതിന് ജന്മനക്ഷത്രം തോറും ശിവന് വില്വപത്രാർച്ചന, ധാര, മാസം തോറും ഹനുമാൻ സ്വാമിക്ക് അവൽ നിവേദ്യം, വിഷ്ണുവിന് പാൽപ്പായസം, ശാസ്താവിന് നീല ശംഖുപുഷ്പം കൊണ്ട് അർച്ചന, നീരാജനം, എള്ള്പായസം എന്നിവ നടത്തുന്നത് നല്ലത്.

*കർക്കടകക്കൂറ്*
(പുണർതം 1/4, പൂയം, ആയില്യം)

എട്ടിലേക്ക് വരുന്ന വ്യാഴം ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ പ്രതികൂല ഫലങ്ങൾ നൽകും. മനസ്‌ ആത്മീയ പ്രവർത്തനങ്ങളിൽ അഭയം തേടും. പിതാവിന് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ കാണുന്നു. ധനനഷ്ടത്തിന് സാദ്ധ്യതയുണ്ട് . അനാവശ്യമായി യാത്ര ചെയ്യേണ്ടി വരാം. ബാങ്ക് വായ്പ ലഭിക്കും. സമയം പലവിധത്തിലും എതിരാകും. സ്വന്തം നിലനിൽപ്പ് തന്നെ വിസ്മരിച്ച് ഭാവിയിൽ എതിരാകാവുന്ന കാര്യങ്ങൾ ചെയ്യും. അനാവശ്യമായി വ്യക്തിവിരോധത്തിന് ഇടവരുത്തും. അറിഞ്ഞുകൊണ്ട് ചില തെറ്റുകൾ ചെയ്യും. തെറ്റായി മരുന്ന് കഴിക്കാൻ ഇടവരാം. ഹോർമോൺ ചികിത്സകൾ നടത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. അഷ്ടമത്തിലെ വ്യാഴം കഷ്ടതയുടെ പര്യായമാണ്. കടബാദ്ധ്യതകൾ വരുത്തി വയ്ക്കാനിടവരുന്ന സമയമാണ്. കർക്കടകം വ്യാഴത്തിന്റെ ഉച്ചരാശിയായതിനാൽ ദോഷ തീവ്രത കുറയാം. ദോഷാവസ്ഥ തരണം ചെയ്യാൻ ജന്മനക്ഷത്രം തോറും ശിവക്ഷേത്രത്തിൽ ധാര, മൃത്യുജ്ഞയാർച്ചന എന്നിവ നടത്തണം. വ്യാഴാഴ്ചകളിൽ വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി സഹസ്രനാമാർച്ചന, നാരായണ സൂക്താർച്ചന, പാൽപ്പായസം, പുരുഷ സൂക്താർച്ചന എന്നിവ നടത്തുക. ഈ രാശിക്കാർ ഒരു വർഷത്തേക്ക് മാസം തോറും ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം നടത്തുന്നതും നല്ലതാണ്.

*ചിങ്ങക്കൂറ്*
(മകം, പൂരം, ഉത്രം 1/4)

ശത്രുസ്ഥാനത്തു നിന്നും ഏപ്രിൽ 6 ന് വ്യാഴം മാറുന്നത് ഉത്തമമായ സ്ഥാനത്തേക്കാണ്. ശത്രുക്കളുടെ ഉപദ്രവം, രോഗങ്ങൾ, കള്ളന്മാരുടെ ഉപദ്രവം, പരീക്ഷകളിലെ വൈഷമ്യം ഇവ അനുഭവിച്ച് വിഷമിച്ച ഇവർക്ക് എല്ലാം അനുകൂലമാകുന്ന സ്ഥിതിയുണ്ടാകും. അപ്രതീക്ഷിത പ്രണയത്തിന് സാദ്ധ്യതയുണ്ട്. ദാമ്പത്യ ജീവിതം വളരെ നല്ലതായിരിക്കും. അകന്നു താമസിക്കുന്ന ദമ്പതികൾ തമ്മിൽ പുന:സമാഗമത്തിന് യോഗം. ജീവിത പങ്കാളി ജോലിയിൽ വലിയ നേട്ടങ്ങളും ആദരവും കരസ്ഥമാക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ഈ സമയത്ത് വിവാഹം നടക്കാൻ സാദ്ധ്യത കാണുന്നു. ആരോഗ്യ സംബന്ധമായും അനുകൂലമായ സമയം. നല്ല സൗഹൃദബന്ധം, പങ്കുകച്ചവടത്തിലും കൂട്ടായ പ്രവൃത്തികളിലും നേട്ടം എന്നിവയാണ് മറ്റ് പ്രധാന ഫലങ്ങൾ. ദേവിക്ക് രക്തപുഷ്പാഞ്ജലി, അഷ്‌ടോത്തര അർച്ചന, ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം തൃക്കൈ വെണ്ണ, തുളസി മാല, വിഷ്ണുവിന് ശ്രീസൂക്താർച്ചന എന്നിവ നടത്തുന്നത് കൂടുതൽ സദ്ഫലങ്ങൾ നൽകും.

*കന്നിക്കൂറ്*
(ഉത്രം3/4,അത്തം, ചിത്തിര 1/2)

വ്യാഴം ആറിലേക്ക് വരുന്നു. സെപ്റ്റംബർ 15 വരെ വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായിരിക്കും. മത്സരപരീക്ഷകളിൽ വിജയം കൈവരിക്കും. ഭക്ഷണം നിയന്ത്രി ച്ചില്ലെങ്കിൽ ആരോഗ്യ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരാം. ജോലികളിൽ തടസം നേരിടുന്നത് വിഷാദം സൃഷ്ടിക്കും. ജീവിത പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യത കാണുന്നു. ശത്രുക്കൾ കൊടുങ്കാറ്റായി ആഞ്ഞടിക്കും; എല്ലാവിധത്തിലും ഉപദ്രവിക്കാൻ ശ്രമിക്കും. എങ്കിലും ഈശ്വരാധീനം കൂട്ടിയാൽ പിടിച്ചുനിൽക്കാം. വ്യാഴം സന്താനകാരകനും കൂടി ആകയാൽ സന്താനങ്ങൾ ധനപരമായ ആഗ്രഹത്താൽ വിവിധ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ശരീരത്തിൽ കൊഴുപ്പിന്റെ അംശം കൂടും. പ്രമേഹം വർദ്ധിക്കും. കോടതി, പൊലീസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാദ്ധ്യത. നരസിംഹസ്വാമിക്ഷേത്രത്തിൽ അർച്ചന, പാനകം, ശിവക്ഷേത്രത്തിൽ വില്വപത്രാർച്ചന അഘോരാർച്ചന ശാസ്താവിന് നീരാജനം വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിൽ ശത്രുസംഹാരാർച്ചന വിഷ്ണുക്ഷേത്രത്തിൽ ഭാഗ്യസൂക്താർച്ചന എന്നിവ നടത്തുക. ഇവർ ഒരു വർഷത്തേക്ക് ഭദ്രകാളീ ക്ഷേത്രത്തിലോ നരസിംഹക്ഷേത്ര ത്തിലോ ദർശനം നടത്തുന്നത് ദോഷങ്ങൾ കുറയ്ക്കും.

*തുലാക്കൂറ്*
(ചിത്തിര 1/2, ചോതി, വിശാഖം 3/4 )

ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ വ്യാഴം അഞ്ചിലേക്ക് മാറുന്നത് പൊതുവായ ഭാഗ്യവർദ്ധന
നൽകും. നാലിലെ വ്യാഴത്തിന്റെ സമയത്ത് നടത്തിയ നിക്ഷേപങ്ങൾക്ക് അഞ്ചിലെ വ്യാഴം സദ്ഫലങ്ങൾ നൽകും. സന്താനങ്ങളില്ലാത്തവർക്ക് അത് ലഭിക്കുന്ന സമയമാണ്. അതുപോലെ ആൺസന്താനങ്ങളെ ആഗ്രഹിക്കുന്നവർക്ക് അതിന് ഭാഗ്യം കാണുന്നു. അമിതമായി ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ അടുത്ത വ്യാഴമാറ്റം രോഗ സ്ഥാനത്തേക്ക് ആകാനും അത് പ്രശ്‌നങ്ങൾ സൃഷ്ടിക്കാനും സാദ്ധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും പഠനത്തിൽ വിജയം നേടാനും കഴിയും. ദാമ്പത്യ ജീവിതം ഹൃദ്യമായി തുടരും. സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം ഇല്ലാതാകും. വരുമാനം വർദ്ധിക്കും. അവിവാഹിതർക്ക് വിവാഹ യോഗമുണ്ട്. സുഹൃത്തുക്കളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. ശാരീരികമായും മാനസികമായും ചില വിഷമങ്ങൾ അനുഭവപ്പെടാം. അതിന് പരിഹാരമായി ശനിയാഴ്ച ശാസ്താവിന് നീരാജനം, ജന്മനക്ഷത്രം തോറും ശിവക്ഷേത്രത്തിൽ ധാര, മൃത്യുഞ്ജയാർച്ചന, വിഷ്ണുക്ഷേത്രത്തിൽ വ്യാഴാഴ്ചകളിൽ പാൽപ്പായസം സഹസ്രനാമാർച്ചന എന്നിവ നടത്തുക.

*വൃശ്ചികക്കൂറ്*
(വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ നാലിലെ വ്യാഴ സമയത്ത് ധനം നല്ല കാര്യങ്ങൾക്ക് ചെലവിടണം. ഓഹരി , ഭൂമി, സ്വർണ്ണാഭരണങ്ങൾ എന്നിവ വാങ്ങുന്നതിനും ദീർഘകാല നിക്ഷേപത്തിനും പണം ഉപയോഗിക്കേണ്ട നേരമാണിത്. വീട്, പുതിയ വാഹനം എന്നിവ വാങ്ങാം. വിദേശത്ത് ജോലിക്ക് ശ്രമിക്കാം. കുട്ടികൾക്ക് സമയം അത്ര അനുകൂലം ആയിരിക്കില്ല. ആത്മീയമായ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മന:ശാന്തി ലഭിക്കുന്ന സമയമാണ്. ചില സന്ദർഭങ്ങളിൽ ചെറിയ സാമ്പത്തിക പ്രതിസന്ധികൾക്കും സാദ്ധ്യത കാണുന്നു. മാതാവിന്റെ ആരോഗ്യം മോശമാകാൻ ഇടയുണ്ട്. ചില കുടുംബ പ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ട്. കുടുംബാംഗങ്ങൾ തമ്മിൽ തർക്കവും കലഹവും ഉണ്ടാകാം. ചില ബന്ധുക്കൾ ശത്രുതയോടെ പെരുമാറും. ആശുപത്രിയുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കേണ്ടി വരും. കുടുംബച്ചെലവ് വർദ്ധിക്കും. ജന്മനക്ഷത്രം തോറും ദേവീക്ഷേത്രത്തിൽ നെയ്‌വിളക്ക് നെയ്പായസം രക്തപുഷ്പാഞ്ജലി വിഷ്ണുവിന് പാൽപ്പായസം പുരുഷസൂക്താർച്ചന, തിങ്കളാഴ്ചകളിൽ ശിവക്ഷേത്രത്തിൽ നിർമ്മാല്യ ദർശനം എന്നിവ നടത്തുന്നത് സദ്ഫലങ്ങൾ വർദ്ധിക്കാൻ നല്ലതാണ്.

*ധനുക്കൂറ്*
(മൂലം, പൂരാടം, ഉത്രാടം 1/4)

ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ നിരവധി ഹ്രസ്വദൂര യാത്രകൾ നടത്താൻ അവസരം ലഭിക്കും. സഹോദരങ്ങളുടെ സ്‌നേഹവും സഹായവും കാണുന്നു. എങ്കിലും ചതിവിൽ പെട്ടേക്കാം എന്നതിനാൽ വളരെയേറെ ശ്രദ്ധിക്കേണ്ട സമയമാണ്. മറ്റുള്ളവരുടെ വാക്കുകൾ വിശ്വസിച്ച് അവർക്കായി ധനം ചെലവ് ചെയ്യാനിടവരാം. കടം കൊടുത്ത പണം തിരികെ കിട്ടാതിരിക്കാനാണ് സാദ്ധ്യത. ജാമ്യം നിന്നാൽ ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കേണ്ട സ്ഥിതി സംജാതമാകാം. മാതാവിന്റെ ആരോഗ്യസ്ഥിതി ദുർബലമാകാം. മിക്ക കാര്യങ്ങളിലും തടസങ്ങൾ നേരിടാം. പ്രാർത്ഥനയിലൂടെ ഈശ്വരാധീനം വർദ്ധിപ്പിച്ച് വിഘ്നങ്ങളും ദുരിതങ്ങളും അകറ്റാം. മത്സരങ്ങളിൽ വിജയിക്കാൻ വളരെ കഠിനാദ്ധ്വാനം വേണ്ടി വരും. സ്ഥലം മാറ്റം ലഭിക്കും. പറ്റിപ്പോയ അബദ്ധങ്ങൾ കാരണം മന:സ്ഥാപം തോന്നും. സ്വജനങ്ങൾ സഹായിക്കും.
ദോഷപരിഹാരമായി മാസം തോറും സുബ്രഹ്മണ്യന് കുമാരസൂക്താർച്ചനയും പാലഭിഷേകവും ഭദ്രകാളിക്ക് ശത്രുസംഹാരാർച്ചനയും നരസിംഹക്ഷേത്രത്തിൽ ലക്ഷ്മീനരസിംഹപൂജയും നടത്തുക.

*മകരക്കൂറ്*
(ഉത്രാടം3/4, തിരുവേണം, അവിട്ടം 1/2)

ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ വളരെ നല്ല സമയമാണ്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ബിസിനസുകാർക്ക് വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭ്യമാകും. ധനപരമായ പുരോഗതിയുണ്ടാകും. നല്ല വാക്കുകളാൽ ഏവരെയും സ്വാധീനിക്കാൻ കഴിയും. വളരെ ഹൃദ്യമായ സുഖാനുഭവങ്ങൾ അപ്രതീക്ഷിതമായി ലഭിക്കും. സ്ത്രീ പുരുഷ ബന്ധങ്ങൾ പുഷ്ടിപ്പെടും. കമിതാക്കളെ സംബന്ധിച്ചിടത്തോളം അനുഭൂതികരമായ സമയമാണിത്. സ്വാദിഷ്ടമായ ആഹാരം ആസ്വദിക്കും. ആഹാരത്തിനുള്ള അമിതമായ താത്പര്യം നിയന്ത്രിക്കണം. ജോലിയിൽ ഉയർച്ചയും വിദേശത്തു നിന്നും ധനലബ്ധിയും പ്രതീക്ഷിക്കാം. വിഷ്ണുവിന്‌ നാരായണ സൂക്താർച്ചന ശ്രീകൃഷ്ണന് തൃക്കൈവെണ്ണ തൃമധുരം, പാൽപ്പായസം വഴിപാടുകൾ കൂടുതൽ മെച്ചപ്പെട്ട ഫലം നൽകും.

*കുംഭക്കൂറ്*
(അവിട്ടം 1/2, ചതയം, പൂരുരൂട്ടാതി 3/4)

ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ മാനസികമായി മരവിപ്പ് അനുഭവപ്പെടും. എന്നാൽ ഈ സമയത്ത് ചില സുപ്രധാന തീരുമാനങ്ങളെടുക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ജന്മത്തിലെ വ്യാഴം സ്ഥാന ഭ്രംശം ഉണ്ടാക്കുന്നതാണ്. ബന്ധുക്കൾ അനാവശ്യമായി കലഹത്തിന് വരും. ഉദ്യോസ്ഥർക്ക് സ്ഥലമാറ്റം വരും. അത് ദൂരദേശത്തേക്ക് ആകാം. ചുരുങ്ങിയത് ഇരിപ്പിടത്തിന് സ്ഥാനമാറ്റം എങ്കിലും സംഭവിക്കും. വിദേശ യാത്രയ്ക്ക് സാദ്ധ്യത കാണുന്നു. യാത്രാ സാദ്ധ്യത മുന്നിൽ കണ്ട് തയ്യാറെടുക്കണം. സാമ്പത്തിമായി വിഷമതകൾ ഉണ്ടാകില്ലെങ്കിലും പല തരത്തിൽ ധനനാശം കാണുന്നു. ദോഷപരിഹാരമായി വിഷ്ണുവിന് തുലാഭാരം, കദളിപ്പഴനിവേദ്യം പുരുഷസൂക്താർച്ചന ശിവക്ഷേത്രത്തിൽ വില്വപത്രാർച്ചന, ഇളനീർ അഭിഷേകം ധാര, ഹനുമാൻ സ്വാമിക്ക് വടമാല, അവൽ നിവേദ്യം എന്നിവ നടത്തണം.

*മീനക്കൂറ്*
(പൂരുരൂട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ വ്യാഴം പന്ത്രണ്ടിലേക്ക് വരുമ്പോൾ അപ്രതീക്ഷിതമായി അധിക ചെലവുകൾ ഉണ്ടാകും. ഇത് ഒഴിവാക്കാൻ സാധിക്കാത്ത തരത്തിലുള്ളതായിരിക്കും അതായത് മക്കളുടെ വിവാഹം, വീടുപണി അല്ലെങ്കിൽ വീടു മാറേണ്ടി വരിക, ആശുപത്രിച്ചെലവ് തുടങ്ങിയവ. കടം കൊടുത്ത് നഷ്ടം വരിക, സർക്കാർ കാര്യങ്ങൾ സാധിച്ചെടുക്കാൻ ചില ചെലവുകൾ വരിക, ധനനഷ്ടം സംഭവിക്കുകയോ, മനപ്പൂർവ്വം മോഹിപ്പിച്ച് ധനനഷ്ടം വരുത്തുകയോ ആകാം. ആരോഗ്യപരമായി സമയം അത്ര അനുകൂലമല്ല. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയമാണ്. ചെലവുകൾ വർദ്ധിക്കും. മതപരമായ പ്രവർത്തനങ്ങളിൽ കൂടുതൽ ശക്തമായി പങ്കെടുക്കും. ജോലിയുമായി ബന്ധപ്പെട്ട ദൂരയാത്ര ചെയ്യേണ്ടി വരും. കൂടുതൽ കഠിനാദ്ധ്വാനം ചെയ്യുകയും സാമ്പത്തിക നേട്ടങ്ങൾക്കായി ശ്രമിക്കുകയും ചെയ്യണം. ദോഷമുള്ള സമയം അതിജീവിക്കാൻ ശിവന് ധാര വില്വപത്രാർച്ചന, വിഷ്ണുവിന് പുരുഷ സൂക്താർച്ചന, തുലാഭാരം, ദേവീക്ഷേത്രത്തിൽ ശത്രു സംഹാരാർച്ചന, വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിൽ പായസം എന്നിവ മാസ തോറും നടത്തണം.

🙏🙏🙏🌹🙏🙏🙏

No comments:

Post a Comment

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...