Sunday, April 4, 2021

വിഷു നക്ഷത്ര ഫലം

ഒരു രാശിയിൽ ഒരുവർഷം നിൽക്കേണ്ട വ്യാഴത്തിന് ഈ വർഷം അതിചാരം ഉണ്ട്, ഇപ്പോൾ മകരത്തിൽ നിൽക്കുന്ന വ്യാഴഭഗവാൻ ഇതാ കുംഭത്തിലേക്ക് പോകുന്നു, 
*വ്യാഴം ഏപ്രിൽ 5 തിങ്കളാഴ്ച രാത്രിയിൽ രാശി മാറുന്നു! അതിചാരം ആണ്, സൂക്ഷിക്കേണ്ടതാണ്*

തിരിച്ചു സെപ്റ്റംബർ മധ്യത്തോടെ മകരത്തിൽ എത്തുകയും ചെയ്യും.. ഗുണകരമല്ല ഈ അതിചാരം, ലോകത്തിനും  ദേശത്തിനും ജനങ്ങൾക്കും. ഈശ്വരാരാധന വർധിപ്പിച്ചു, ക്ഷേത്ര ദർശനങ്ങൾ നടത്തിയും ദോഷഫലങ്ങൾ കുറക്കാനും സൽഫലങ്ങൾ അനുഭവിക്കാനും പരിശ്രമിക്കേണ്ടതാണ്. ഏപ്രിൽ 5 തിങ്കൾ രാത്രി 12 മണിക്ക്ശേഷം ആണ് ഈ രാശിമാറ്റം.. അതായത് 6 ന് ഉദയത്തിന് മുൻപ്.
സെപ്റ്റംബർ 14വരെ വ്യാഴം അവിടെനിൽക്കും.

ഈ വ്യാഴമാറ്റം ഓരോ രാശിക്കാരെ എങ്ങനെ ബാധിക്കും എന്ന് നോക്കാം.
ഒരു കാര്യം ഓർക്കുക, ഇത് പൊതുഫലമാണ്. എല്ലാവർക്കും ഒരേ ഫലം ഉണ്ടാവില്ല ഉറപ്പല്ലേ! ജാതകത്തിലെ ഗ്രഹസ്‌ഥിതിയാണ് പ്രധാനം. ജാതകത്തിൽ വ്യാഴം നല്ല സ്ഥാനത്ത് നിൽക്കുന്നവർക്ക് ദോഷഫലങ്ങൾ വരാനിടയില്ല , അതായത് ഇപ്പോൾ ഈ മാറ്റംകൊണ്ട് ഗുണം ഉണ്ടെന്ന് പറയുന്നവരുടെ ജാതകത്തിൽ വ്യാഴസ്ഥിതി ഒട്ടും അനുകൂലമല്ലെങ്കിൽ ഈ പറയുന്ന ഗുണഫലങ്ങൾ ഉണ്ടായിക്കോളണം എന്നില്ല 
ജാതകത്തിലെ ദശ, അപഹാരം എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്. എന്നാൽ ചെറിയ മാറ്റങ്ങൾ വരുത്താൻ ഈ ഗ്രഹമാറ്റത്തിന് കഴിഞ്ഞെന്നും വരാം.

*മേടക്കൂർ* - ( അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം )

മേടക്കൂറുകാർക്ക് വളരെ നല്ല സമയം വരുന്നു! എല്ലാ ഉയർച്ചയും പ്രതീക്ഷിക്കാം. വ്യാഴം പതിനൊന്നം ഭാവത്തിൽ എത്തുന്നു! സമ്പൽസമൃദ്ധി, ആരോഗ്യസൗഖ്യം, കുടുംബത്തിൽ വിവാഹകർമ്മം നടക്കുക, ആരംഭിച്ച വീട്പണി പൂർത്തീകരിക്കുക, വാഹനംലാഭം,കർമ്മലാഭം,  സൽ സന്താന ഭാഗ്യം സുഖകരമായ അന്തരീക്ഷം ഉണ്ടാവുക.. അങ്ങനെ പലതും അനുഭവിക്കാൻ ഇടയുണ്ട്.
സെപ്റ്റംബർ 14 വരെ ഇത് തുടരും. പിന്നീട് ഇത്തിരി മോശം ആയേക്കാം..

*ഇടവക്കൂർ* - ( കാർത്തിക അവസാനമുക്കാൽ ഭാഗം, രോഹിണി, മകയിരത്തിൽ ആദ്യ പകുതി )

ഭാഗ്യസ്ഥാനത്ത് നിന്നിരുന്ന വ്യാഴം കർമ്മസ്ഥാനത്തേക്ക് മാറുന്നത് അത്ര ഗുണകരമെന്ന് പറയാൻ വയ്യ. കർമ്മമാറ്റം ഉണ്ടായേക്കാം. ഉള്ള ജോലി നഷ്ടപ്പെടാതെ നോക്കണം. ജോലി മാറാൻ സാധ്യതയുണ്ടങ്കിൽ നൂറുശതമാനവും ഉറപ്പായ ശേഷമേ മാറാവൂ. ഒമ്പതിൽ ശനിയുണ്ട്, ഏഴിൽ കേതു, ജന്മത്തിൽ രാഹു... അപവാദം ഭർത്തൃ വിഷയത്തിൽ ദുഃഖം അങ്ങനെ പലതും പ്രശ്നങ്ങൾ ഉണ്ടാക്കാം. ഗുരുവായൂരപ്പനെ ഭജിക്കുക.. ശനിപ്രീതിയും വരുത്തുക എന്നാൽ വിഷമം ഒന്നും വരില്ല .

*മിഥുനക്കൂർ* - ( മകയിരത്തിലെ രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം )

മിഥുനക്കൂറുകാർക്ക് ഇത്തിരി ആശ്വസിക്കാൻ വകനൽകുന്നതാണ് ഈ മാറ്റം. ഒമ്പതിലെ വ്യാഴം ഗുണഫലംനൽകും. ആരോഗ്യസൗഖ്യം ഉണ്ടാവും. സാമ്പത്തികപ്രയാസങ്ങൾ നീങ്ങും. കുടുംബബന്ധങ്ങൾ ഊഷ്മളമാകും. പൂർവികസ്വത്ത് കിട്ടാനുണ്ടെങ്കിൽ കിട്ടാൻ സാധ്യതയുണ്ട്. പരദേവതാ  സങ്കേതങ്ങളിൽ ദർശനം നടത്താൻ ഭാഗ്യം ഉണ്ടാവും. സൽകർമങ്ങൾ, പുണ്യക്ഷേത്രദർശനം, ദാനം എന്നിവ നടത്താൻ ഇടവരും.. ചിലവ് വർദ്ധിക്കും 

*കർക്കടകക്കൂർ*  ( പുണർതം അവസാനകാൽഭാഗം, പൂയ്യം, ആയില്യം )

കർക്കടകക്കൂറുകാർക്ക് ഈ വ്യാഴമാറ്റം അത്ര ഗുണകരമല്ല എന്ന് പറയേണ്ടിവരുന്നു.. അഷ്ടമത്തിലേക്ക് ആണ് വ്യാഴം മാറുന്നത്! ഈശ്വരാധീനം കുറയുന്നു. എല്ലാറ്റിനും സഹായിയായി അനുഗ്രഹം ചൊരിയേണ്ട വ്യാഴം  ശുഭസ്ഥാനത്ത് അല്ലാതാവുന്നു. ജോലിനഷ്ടം, കുടുംബത്തിൽ അസ്വസ്ഥത, മക്കളെയും രക്ഷിതാക്കളെയും ആലോചിച്ചു മനോവിഷമം, വേണ്ടപ്പെട്ടവരുടെ വിരഹമോ പ്രയാസമോ ആലോചിച്ചു മനോവിഷമം, അങ്ങനെ ഒരുപാട് വിഷമങ്ങൾ മനസ്സിന് ഉണ്ടാവാം. ഗുരുവായൂരപ്പനെ വിടാതെ പിടിക്കണം. വിഷ്ണു സഹസ്രനാമം, നാരായണ കവചം എന്നിവ മുട്ടാതെ ജപിക്കുക.
സൽകർമങ്ങൾ - നാമജപംപോലും - വേണ്ട എന്ന് തോന്നും, അല്ലെങ്കിൽ മാറ്റിവെക്കും, മുടങ്ങും. മുടങ്ങാതെ ഇതൊക്കെ നടത്തുക.. രക്ഷകിട്ടും.

*ചിങ്ങക്കൂർ* - ( മകം, പൂരം, ഉത്രത്തിന്റെ ആദ്യകാൽ ഭാഗം )

ചിങ്ങക്കൂറുകാർക്ക് ഈ വ്യാഴമാറ്റം കുറെ ഗുണകരമാണ്. ഭാര്യാഭർതൃബന്ധം സുദൃഢമാകും. ദാമ്പത്യരംഗത്ത് ഉണ്ടായിരുന്ന പ്രശ്നങ്ങൾ നീങ്ങും. വിവാഹം കഴിയാത്തവർക്ക് നല്ല വിവാഹആലോചനകൾ വരും. വിവാഹം ഉറപ്പിക്കാനോ നടക്കാനോ സാധ്യതയുണ്ട്. ശത്രുക്കൾ ദുർബലരായി മാറും. കുടുംബത്തിൽ ആരുടേയെങ്കിലുമൊക്കെ വിവാഹം നടക്കാനും നടത്താനും യോഗം ഉണ്ടാവും. പൊതുവെ ഗുണഫലങ്ങൾ അനുഭവിക്കും.

*കന്നിക്കൂർ* - ( ഉത്രത്തിന്റെ അവസാന മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി )

കന്നിക്കൂറുകാർക്ക് വ്യാഴം പിഴക്കുന്നു! അപവാദങ്ങൾ കേൾക്കാൻ ഇടവരും. ശത്രുക്കൾ കൂടും. എല്ലാ മേഖലയിലും ഒരു മുൻപോട്ട്പോക്കിന് പ്രയാസം വന്നേക്കാം. കുടുംബകലഹം, ദാമ്പത്യ കലഹം എന്നിവവരാതെ ശ്രദ്ധിക്കണം.. ചെയ്യുന്ന പ്രവൃത്തികൾ ഭാര്യ/ഭർത്താവ് പോലും തെറ്റിദ്ധരിക്കപ്പെട്ടേക്കാം.. ശ്രദ്ധയോടെ നീങ്ങേണ്ട ഒരു കാലം ആണ്. കർമ്മത്തിൽ താൽപ്പര്യം കുറയും ഈശ്വരപ്രാർത്ഥന നിർബന്ധം. മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തി യഥാശക്തി വഴിപാട് ചെയ്താൽ ദോഷം കുറയും. വാക്കിലും പ്രവൃത്തിയിലും നിയന്ത്രണം വേണം..

*തുലാക്കൂർ* - ( ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽ ഭാഗം )

വ്യാഴമാറ്റം കുറച്ച് ഗുണകരം എന്ന് പറയാം. നാലാംഭാവത്തിൽ നിൽക്കുന്നതിനേക്കാൾ നല്ലതാണ് അഞ്ചിലെ വ്യാഴം എന്ന് പറയുന്നു. മക്കളെക്കൊണ്ടും മക്കൾക്കും ഗുണാനുഭവങ്ങൾ ഉണ്ടാവാം. അതുപോലെ മക്കളുടെ ഉയർച്ച, മത്സരപരീക്ഷകളിലെ വിജയം തുടങ്ങിയവ മനസ്സുഖം നൽകും. ഗുരുവായൂരപ്പന് വഴിപാട്, നിത്യനാമജപം എന്നിവ സൽഫലങ്ങൾ പലതും അനുഭവിക്കാൻ ഇടനൽകും.. ഗുരുതുല്യരായവരെയും തന്നെക്കാൾ പ്രായംകൂടിയവരെയും ബഹുമാനിക്കുക, ആദരിക്കുക എന്നിവ നല്ലതാണ്. അവരുടെ അനുഗ്രഹം വാങ്ങുക വസത്രദാനം ചെയ്യുക

*വൃശ്ചികക്കൂർ* ( വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട )

ഇത്തിരി ഭേദം... അത്രയേ പറയാൻപറ്റൂ. മൂന്നിലെ വ്യാഴം വളരെ മോശം ആയിരുന്നു, ദോഷാനുഭങ്ങൾ ചിലത് അനുഭവിച്ചിട്ടുണ്ടാവും, അതിൽനിന്നും ഒരു ചെറിയ മോചനം.. അത്രയേ പറയാൻ പറ്റൂ. അവനവന്റെ സ്വന്തം ആൾ എന്ന് കരുതിയവരിൽനിന്ന് ചതി പറ്റാതെ നോക്കണം. വിശ്വസിച്ചആൾ ചതിക്കും എന്നൊരു കരുതൽ നല്ലതാണ് എപ്പോഴും. വാക്കുകൾ പ്രയോഗിക്കുമ്പോഴും ശ്രദ്ധിക്കണം.. അതുമൂലം ശത്രുക്കൾ ഉണ്ടാവാം. കുടുംബബന്ധം ശക്തമാക്കാൻ ശ്രദ്ധിക്കണം. (കുടുംബപ്രശ്നങ്ങൾ തീരാൻ സാധ്യതയുണ്ട് ജാതകത്തിൽ വ്യാഴം നല്ല സ്ഥാനത്ത് ആണെങ്കിൽ ദോഷഫലങ്ങൾ കുറയും)
ഗുരുഭജനം, നാമജപം ഇവ സൽഫലം നൽകും.

*ധനുക്കൂർ* - ( മൂലം, പൂരാടം, ഉത്രാടം ആദ്യകാൽ ഭാഗം )

ധനുക്കൂറുകാർക്ക് കുറച്ച് ഈശ്വരാധീനക്കുറവ് വരുമോ എന്ന് ശങ്കിക്കണം വ്യാഴം മൂന്നിലേക്ക് പോകുന്നു.. പോരാത്തതിന് ഏഴരശ്ശനി അവസാന ഭാഗം..ഈശ്വരചിന്ത അതൊന്നെ രക്ഷയുള്ളൂ.. ശനീശ്വരനാമം ജപിക്കുന്നവർക്ക് പേടിക്കാൻ ഒന്നുമില്ല. വിഷ്ണുസഹസ്രനാമം, അഷ്ടോത്തരം, വ്യാഴത്തിന്റെ പീഡാഹരണമന്ത്രം എന്നിവ ജപിച്ചാൽ ഫലം ഉറപ്പാണ്. നാരായണ മന്ത്രം യാതൊരു മടിയുംകൂടാതെ എന്നും എപ്പോഴും ജപിക്കുക.. ഒന്നും പേടിക്കാനില്ല എന്നല്ല, മറിച്ച് നല്ല ഫലങ്ങൾ ഉണ്ടാവും..എല്ലാവരുടെയും ശത്രുത വരുത്താതെ  ശ്രദ്ധയോടെ പെരുമാറുക

*മകരക്കൂർ* - ( ഉത്രാടം അവസാനമുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതിഭാഗം )

ജന്മവ്യാഴത്തിന്റെ കഷ്ടത തല്ക്കാലംമാറി ഒരു ചെറിയ ആശ്വാസംവരുന്നകാലം തുടങ്ങുന്നു! സ്വല്പം ആശ്വാസം എന്നെ പറയാൻ കഴിയൂ, കാരണം സെപ്റ്റംബർ മധ്യത്തോടെ വ്യാഴം തിരിച്ചു മകരത്തിൽത്തന്നെ എത്തും. എങ്കിലും ഒരു ആശ്വാസം. ജോലി നഷ്ടമായവർക്ക് ജോലി കിട്ടാം..ഏഴരശ്ശനിയിൽ ജന്മശ്ശനിയാണ്! മധ്യവയസ്സ് ആയവർക്ക് നടക്കാൻ, ഇരിക്കാൻ ഒക്കെ പ്രയാസം ഉള്ള കാലം! കാൽവേദനമൂലം ക്ഷേത്രദർശനംപോലും മുടങ്ങിയിരിക്കും! അതൊക്കെ ഒന്ന് തുടങ്ങാം.. ചെറിയ ചെറിയ ആശ്വാസങ്ങൾ. തടസ്സങ്ങൾ എല്ലാം നീങ്ങാൻ തുടങ്ങും. സാമ്പത്തിക പ്രശ്നങ്ങളിൽഒരു അയവ് വരും. ഭൂമി ലാഭവും കാണുന്നു

*കുംഭക്കൂർ* - ( അവിട്ടം രണ്ടാംപകുതി, ചതയം, പൂരോരുട്ടാതി ആദ്യമുക്കാൽ ഭാഗം )

പന്ത്രണ്ടിൽ നിൽക്കുന്ന വ്യാഴം ജന്മത്തിലേക്ക് വരുന്നു, ഏഴരശ്ശനി തുടരുന്നു, നാലിൽ രാഹു ഉണ്ട്, കർമസ്ഥാനത്ത് കേതുവും... എന്നാലും എല്ലാം നശിക്കേണ്ട പന്ത്രണ്ടിലെ വ്യാഴം മാറുകയാണ് എന്നത് ഒരു ചെറിയ - വളരെ ചെറിയ - ആശ്വാസമാകാം. എന്നാലും രക്ഷപെട്ടു എന്ന് ധരിക്കരുത്. ഈശ്വര പ്രാർത്ഥന നിർബന്ധം. ഗുരുവായൂരപ്പൻ, ഗണപതി, ശാസ്താവ്, ശിവൻ, നാഗങ്ങൾ.. എല്ലാവരെയും ജപിച്ചും ഭജിച്ചും വഴിപാട് ചെയ്‌തും സന്തോഷിപ്പിക്കണം.. ചിലവ് കൂടം ഈശ്വര പ്രാർത്ഥന വർദ്ധിപ്പിക്കുക ഏത് പ്രയാസങ്ങളും നീക്കും..

*മീനക്കൂർ* - ( പൂരോരുട്ടാതി അവസാനകാൽ ഭാഗം, ഉത്രട്ടാതി, രേവതി )

മീനക്കൂറുക്കാർക്ക് വ്യാഴമാറ്റം ഗുണകരമല്ല. ഇതുവരെ കുറച്ചു ദിവസമായി വ്യാഴം നല്ല സ്ഥാനത്ത് - പതിനൊന്നാംഭാവത്തിൽ - നിന്നിരുന്ന വ്യാഴം ഇതാ പന്ത്രണ്ടിലേക്ക് മാറുന്നു. നഷ്ടകഷ്ടങ്ങൾ വരാതെ ശ്രദ്ധിക്കണം. പുതുതായി ഇൻവെസ്റ്റ്‌ ചെയ്യരുത്. ഇറക്കിയ പണം തിരിച്ചുകിട്ടാൻ പ്രയാസം ആയതുകൊണ്ട് പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയമല്ല വിദേശ യാത്രക്ക് തടസ്സം മാറും. ഈശ്വരഭജനം നടത്തിയാൽ എല്ലാം ശരിയാക്കാം.. പറ്റുമെങ്കിൽ ഗുരുവായൂർ ദർശനം നടത്തുക. തൊട്ടടുത്ത വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാട് ചെയ്യണം..

ഈ പറഞ്ഞതൊക്കെ പൊതുഫലങ്ങൾ ആണ് എന്ന് ഒരിക്കൽകൂടി ഓർമ്മപ്പെടുത്തുന്നു. എല്ലാവരെയും ഒരേപോലെ എല്ലാ ദോഷവും ബാധിക്കില്ലല്ലോ.
ജാതകത്തിലെ വ്യാഴസ്ഥിതി, നിലവിലെ ദശ, അപഹാരം തുടങ്ങി പലതും ബാധിക്കും ഓരോരുത്തരെയും ജാതകം അനുസരിച്ച് മാറ്റം കാണും. പക്ഷേ, മോശസ്ഥിതി ആണ് മേല്പറഞ്ഞതൊക്കെ എങ്കിൽ ഈ ദോഷംകൂടി ആവുമ്പോൾ പ്രശ്നം കൂടില്ലേ.. അതുകൊണ്ട് ഈശ്വരഭജനം കൂടുതൽ ആക്കണം. ഒട്ടും പ്രയാസം ഇല്ലാതാക്കുവാൻ ഭഗവൽ പ്രീതി വർദ്ധിപ്പിക്കുക
വ്യാഴം പിഴച്ചു എന്നാൽ ദുരിതം അല്ല, മറിച്ചു നല്ലത് അനുഭവിക്കാൻ നമുക്ക് യോഗം ഉണ്ടാവില്ല എന്നതാണ്. അപ്പോൾ ആണ് ഈശ്വരപ്രാർത്ഥന വേണ്ടത്.

എല്ലാവർക്കും നല്ലത് വരട്ടെ.. 🙏

No comments:

Post a Comment

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...