Saturday, September 18, 2021

ഭൂമിദേവി

*ഭൂമിദേവി*

 
🌍🌎🌏🌎🌍🌎

ഒരിയ്ക്കൽ ഹിരണ്യാക്ഷൻ  സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു.
 ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു .
മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. 

മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂമിയെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.

‘കഷ്ടം! കഷ്ടം! ഭഗവാനേ! ഞാൻ  മുമ്പേതന്നെ പ്രളയജലത്തെ മുഴുവനും പാനംചെയ്തിട്ടും ഇപ്പോൾ ഭൂമി വെള്ളത്തിൽ മുങ്ങി. ഞാൻ ഇനി എന്തുചെയ്യും ?” എന്നിങ്ങിനെ ശരണംപ്രാപിച്ച ബ്രഹ്മാവിന്റെ നാസാരന്ധ്രത്തിൽ നിന്ന് നിന്തിരുവടി ബാലസൂകരൂപം ധരിച്ചവതരിച്ചു.
ആദ്യം പെരുവിരലോളം വലിപ്പമായിരുന്നു. 
പിന്നെ ആനയ്ക്കുതുല്യം വളർന്നു. ബ്രഹ്മാവ് ആലോചിച്ചു നില്‍ക്കെ പൊടുന്നനവെ മലയോളം വലിപ്പമുള്ളവനായിത്തീർന്ന് അതിഭയങ്കരമാവണ്ണം ഗർജ്ജിച്ചു.

അതു കേട്ട് ജനർലോകം, തപോലോകം ഇവയിൽ  സ്ഥിതിചെയ്യുന്നവരും സത്യലോകത്തിൽ  സ്ഥിതിചെയ്യുന്നവരുമായ മഹർഷികൾ നിന്തിരുവടിയെ വാഴ്ത്തിസ്തുതിച്ചു. സന്തുഷ്ടനായി, ഭീമശരീരനായ നിന്തിരുവടി വീണ്ടും സിംഹനാദം ചെയ്ത് സമുദ്രത്തിൽ പ്രവേശിച്ചു.

ഉയർന്നു നില്ക്കുന്ന,കറുപ്പും ചുവപ്പും കൂടിക്കലർന്ന നിറത്തോടുകൂടിയ രോമങ്ങളോടുകൂടിയവനും മേലേക്കുയർത്തിയ വാലോടുകൂടിയവനും കീഴോട്ടു തൂങ്ങുന്ന ഭയങ്കരമായ നാസികയോടുകൂടിയവനും മേഘങ്ങളെ ക്ഷണത്തിൽ  പിളർന്നവനുമായ നിന്തിരുവടി ജലത്തിലേയ്ക്കിറങ്ങി.

അനന്തരം ഇളകിക്കൂടിയ മുതലക്കൂട്ടങ്ങളുള്ള, അങ്ങിങ്ങു പായുന്ന തിമിംഗലങ്ങളോടുകുടിയ, ഇളകിക്കലങ്ങിയ തിരമാലകളുള്ള ജലാന്തർ ഭാഗത്ത് കടന്ന് ഗർജ്ജനംകൊണ്ട് പാതാളവാസികളെ വിറകൊള്ളിച്ച് ഭൂദേവിയെ അന്വേഷിച്ചു.

 അസുരാധമനായ ഹിരണ്യാക്ഷനാൽ  പാതാളത്തിന്നടിയിൽ  കൊണ്ടുവയ്ക്കപ്പെട്ടിരുന്ന ഭൂമിയെ കണ്ട്, തേറ്റയുടെ അഗ്രംകൊണ്ട് പൊക്കിയെടുത്തു.

ദംഷ്ട്രയുടെ അറ്റത്ത് ഭൂമിയെ ഉയർത്തിപിടിച്ചുകൊണ്ട്, കലക്കിമറിക്കപ്പെട്ട ഭയങ്കരമായ ജലത്തോടുകൂടിയ സമുദ്രത്തിൽ നിന്നു പൊങ്ങിവന്നു .

ഭാരതം അനാദി കാലം മുതൽ  ഭൂമിയെ അമ്മയായി കണ്ട് ആരാധിക്കുന്നു. അഥർവ്വവേദത്തിലെ പൃഥ്വി സുക്തത്തിൽ "മാതാ ഭൂമി പുത്രോഹം പൃഥ്വിവ്യാം " എന്ന് പറഞ്ഞിരിക്കുന്നു  .
ഭൂമിദേവിയെ വിഷ്ണുവിന്റെ പത്‌നിയായി കണക്കാക്കുന്നു. നിത്യകര്‍മ്മാനുഷ്ഠാന പദ്ധതിയിൽ  നാം പ്രഭാതത്തിൽ ഉറക്കം ഉണർന്നാൽ കരദർശനത്തിന് ശേഷം "സമുദ്ര വസനേ ദേവി പര്‍വ്വതസ്തന മണ്ഡലേ, വിഷ്ണു പത്‌നി നമസ്തുഭ്യം പാദസ്പർശം ക്ഷമസ്വമേ ..."  എന്ന് ചൊല്ലി ഭൂമിയെ തൊട്ട് വന്ദിക്കുന്നു. 
ഭൂമി മാതാവാണ് എന്ന സങ്കല്പം മനസ്സിലുറച്ചാൽ ഭൂമിയെ മുറിവേല്‍പ്പിക്കുന്ന പ്രവൃത്തികളിൽ  നിന്ന് നാം സ്വയം പിന്‍വാങ്ങും.


🍀🔥🍀🔥🍀🔥🍀🔥🍀

No comments:

Post a Comment

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...