പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റർ വടക്കായാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ, വളപട്ടണം നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ തനതായ ദ്രാവിഡ ആരാധനാരീതികളുള്ള ഒരു ക്ഷേത്രമാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം. ശൈവ- വൈഷ്ണവ സങ്കൽപ്പമായ ഭഗവാൻ മുത്തപ്പൻ പരബ്രഹ്മസ്വരൂപനാണെന്നാണ് സങ്കൽപ്പം. തങ്ങളുടെ പ്രശ്നങ്ങൾ മുത്തപ്പന്റെ തെയ്യക്കോലത്തിനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്ന വിശ്വാസമാണ് ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.
മറ്റ് തെയ്യക്കോലങളിൽ നിന്നും വ്യത്യസ്തമായി പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വർഷത്തിൽ എല്ലാ ദിവസവും (ചില പ്രത്യേക ദിവസങ്ങൾ ഒഴികെ) തെയ്യം കെട്ടിയാടുന്നു.മുത്തപ്പൻ കെട്ടിയാടുന്നതിന്ന് മുന്നേ മലയിറക്കൽ എന്നൊരു ചടങ്ങുണ്ട്. സാധാരണയായി എല്ലായിടങ്ങളിലും മുത്തപ്പനെ മലയിറക്കുന്നത് കുന്നത്തൂർ പാടിയിൽ നിന്നാണ്. എന്നാൽ മുത്തപ്പന്റെ ആരൂഢ സ്ഥാനമായി കണക്കാക്കപ്പെടുന്ന കുന്നത്തൂർ പാടിയിൽ പുരളി മലയിൽ നിന്നുമാണ് മലയിറക്കുന്നത്. മുത്തപ്പൻ പരമാത്മാവിന്റെ രണ്ട് പ്രധാന ദൈവിക ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വച്ച് പരമശിവനെയും, മത്സ്യരൂപമുള്ള കിരീടം വച്ച് മഹാവിഷ്ണുവിനേയും. ഇവയെ പ്രതിനിധാനം ചെയ്യുന്ന രണ്ട് തെയ്യങ്ങളായ വെള്ളാട്ടവും തിരുവപ്പനയും ആണ് ഇവിടെ കെട്ടിയാടുന്നത്.
ഈ തെയ്യത്തിന്റെ വെള്ളാട്ടം ഏതു സ്ഥലങ്ങളിലും കെട്ടിയാടിക്കാം.പക്ഷെ തെയ്യം ആരൂഢ സ്ഥാനങ്ങളിലും മടപ്പുരകളിലും പൊടിക്കളങ്ങളിലും മാത്രം കെട്ടിയാടിക്കും. ഇതു കെട്ടാനുള്ള അവകാശം പെരുവണ്ണാൻ സമുദായക്കാർക്ക് മാത്രം. എന്നാൽ തിരുവപ്പന എന്ന വലിയ മുടിയും പൊയ്ക്കണ്ണുമുള്ള തെയ്യക്കോലം കെട്ടുന്നത് അഞ്ഞൂറ്റാൻ എന്ന സമുദായക്കാരാണ്. മുത്തപ്പൻ ഈ കോലത്തെ നായനാർ എന്നാണ് സംബോധന ചെയ്യുക. തിരുവപ്പന് ഇരുന്നു വാഴ്ചയും മുത്തപ്പന് നടന്നു വാഴ്ചയുമാണ് പഥ്യം.
മുത്തപ്പന്റെ ക്ഷേത്രങ്ങൾ മടപ്പുര എന്നാണ് അറിയപ്പെടുന്നത്. മുത്തപ്പനെ എപ്പോഴും ഒരു നായ അനുഗമിക്കുന്നു. ഈ ക്ഷേത്രത്തിൽ നായയെ പാവനമായി കരുതുന്നു. ക്ഷേത്ര പരിസരത്ത് ധാരാളം നായ്കളെ കാണാം. പറശ്ശിനിക്കടവ് മടപ്പുരയുടെ പ്രവേശന കവാടത്തിൽ രണ്ട് നായ്ക്കളുടെ പിച്ചള പ്രതിമകളുണ്ട്. മുത്തപ്പന്റെ അംഗരക്ഷകരായ നായ്ക്കളുടെ വിശ്വാസ്യത ഈ പ്രതിമകൾ കാണിക്കുന്നു.
ഐതിഹ്യം അനുസരിച്ച് കണ്ണൂർ ജില്ലയിലെ തന്നെ ഏരുവേശ്ശി എന്ന ഗ്രാമത്തിലെ അയ്യങ്കര ഇല്ലാതാണ് മുത്തപ്പന്റെ ബാല്യകാലം. അവിടത്തെ തികഞ്ഞ ശിവഭക്തയായ പാടിക്കുറ്റി അന്തർജനത്തിനും നമ്പൂതിരിക്കും മക്കളില്ലാത്ത ദുഃഖം കൊണ്ട് വഴിപാടുകൾ പലതു നടത്തി പ്രാർഥിച്ചു. ഒടുവിൽ ഒരു ദിവസം തന്റെ പ്രിയ ഭക്തയായ പാടിക്കുറ്റിയമ്മയ്ക്ക് മഹാദേവൻ സ്വപ്നദർശനം നൽകി. പിറ്റേ ദിവസം പാടിക്കുറ്റിയമ്മ കൊട്ടിയൂരിലെ തിരുവഞ്ചിറയിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ ശിവാനുഗ്രഹത്താൽ അവിടെ നിന്നും ലഭിച്ച കുഞ്ഞാണ്, ഒടുവിൽ തന്റെ അവതാര ഉദ്ദേശ്യം വ്യക്തമാക്കി നാട് നീളെ നടന്നു, ഭക്തർക്ക് അനുഗ്രഹം നൽകുന്നതിനു വേണ്ടി ശിവ-വിഷ്‌ണു സങ്കൽപ്പത്തിൽ ഭഗവാൻ മുത്തപ്പനായി മടപ്പുരകളിൽ കുടികൊള്ളുന്നത്.
ബാല്യം മുതൽക്കു തന്നെ വിചിത്രമായ രീതികളായിരുന്നു മുത്തപ്പന്റേത്. ഇല്ലത്തെ രീതികൾക്കനുസരിച്ചുള്ള ജീവിതം ആയിരുന്നില്ല മുത്തപ്പന്റെത്. സാധാരണക്കാരായ ആളുകളുടെ കൂടെ നടന്നും നായാടികളുടെ കൂടെ നടന്നു നായാടിയും ഇല്ലത്തിനു പേരുദോഷം കേൾപ്പിച്ചു. കാട്ടുമൃഗങ്ങളെ വേട്ടയാടിപിടിച്ചും മത്സ്യമാംസാദികൾ കഴിച്ചും നടന്നിരുന്ന മുത്തപ്പൻ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു. ഇല്ലത്തെ നമ്പൂതിരിക്ക് ഇതിലെല്ലാം എതിർപ്പായിരുന്നെങ്കിലും പുത്രസ്നേഹം കാരണം അന്തർജ്ജനം എല്ലാം പൊറുത്തു മകനെ സ്നേഹിച്ചു. ഒടുവിൽ നിവൃത്തി ഇല്ലാതായപ്പോൾ വീടുവിട്ടിറങ്ങാൻ ആവശ്യപ്പെട്ടു. അപ്പോൾ മുത്തപ്പൻ കാലഭൈരവന്റെ രൂപത്തിലുള്ള തന്റെ ഉഗ്രമായ വിശ്വരൂപം കാട്ടിക്കൊടുക്കുകയും അവതാര ഉദ്ദേശ്യം വെളിപെടുത്തുകയും ചെയ്തു. ആ കണ്ണുകളിൽ നിന്ന് ഉള്ള അഗ്നി കണ്ടു ഭയപ്പെട്ടു ആ അമ്മ മകനോട് ഇനി എന്നും പൊയ്ക്കണ്ണ് ധരിക്കണം എന്നാവശ്യപെടുകയും ചെയ്തു . മുത്തപ്പ ഭഗവാൻ്റെ മടപ്പുരകളിൽ വെച്ച് ആദ്യത്തെമടപ്പുരയാണ് പുരളി മല രണ്ടാമത് കണ്ണപുരം ശ്രീ മുത്തപ്പൻ മടപ്പുര.
അയ്യങ്കര ഇല്ലം വിട്ട മുത്തപ്പൻ മുഴക്കവളളി മലയിലെ കോട്ടയിൽ നിന്ന് പടിഞ്ഞാറ് ദിക്ക് നോക്കിയപ്പോൾ കടല് കാണുകയും,
അങ്ങനെ കടൽ കണ്ട് ആസ്വദിക്കുവാൻ കണ്ണപുരത്തേക്ക് വന്നു എന്നാണ് ഐതിഹ്യം. മുത്തപ്പൻ സ്ഥലത്ത് ആദ്യമായി വന്ന് സാന്നിദ്ധ്യം കൊണ്ട് കടല് കണ്ട് ആസ്വദിച്ച പാറയും മടയും മറ്റും ഇന്നും മടപ്പുരയുടെ സങ്കേതത്തിലുണ്ട്. പിന്നീട് കുന്നത്തൂർ പാടിയിലേക്കും അവിടെ നിന്ന് പറശ്ശിനിയിലേക്കും മറ്റ് മടപ്പുരകളിലേക്കും സാന്നിദ്ധ്യം കുടികൊണ്ടു എന്നാണ് ഐതിഹ്യം.
മറ്റ് മടപ്പുരകളിൽ നിന്ന് വ്യത്യസ്തമായി ഭഗവാൻ മുത്തപ്പൻ ബാല ഭാവത്തിലാണ് കണ്ണപുരത്ത് കുടികൊള്ളുന്നത്. ആയതിനാൽ ഭക്തന്മാർ സന്താനങ്ങളുടെ ക്ഷേമത്തിനായും ആയുരാരോഗ്യ സൗഖ്യത്തിനായും ,സന്താന ലബ്ധിക്കായും മറ്റും പയങ്കുറ്റി, വെള്ളാട്ടം. രോഗശാന്തിക്കും സന്താന തടസ്ഥം പരിഹരിക്കുവാനും ഇളനീർ നിവേദ്യം മുതലായ വിശേഷ വഴിപാടുകൾ നടത്തി വരുന്നു.
ഒരു പേരില്‍ രണ്ടുമൂര്‍ത്തികള്‍. അതാണ് മുത്തപ്പന്റെ ഏറ്റവും വലിയ പ്രത്യേകത. മത്സ്യാവതാര രൂപമണിഞ്ഞ വൈഷ്ണവാംശമൂര്‍ത്തിയായ തിരുവപ്പനെന്ന മുത്തപ്പനും ശിരസ്സില്‍ ചന്ദ്രക്കലചൂടിയ ശ്രീ മഹാദേവന്‍ വെള്ളാട്ടമുത്തപ്പനെന്ന മുത്തപ്പനും. രണ്ടു മൂര്‍ത്തികളെയും ഒരുമിച്ചു പറയുന്ന പേരാണ് മുത്തപ്പന്.🙏
No comments:
Post a Comment