🕉️ *സർപ്പങ്ങൾക്ക് മാത്രം എന്തുകൊണ്ടാണ് നുറും പാലും പ്രധാന വഴിപാടായി മാറിയത് ?*🕉️
കശ്യപ മഹർഷിയുടെ ഭാര്യമാർ ആയിരുന്നു ദക്ഷപുത്രികളായ കദ്രുവും (നാഗമാതാവ് ), വിനതയും ( ഗരുഡ മാതാവ് ).
ദേവേന്ദ്രന്റെ കുതിര ഉച്ചയ്ശ്രവസ് എന്ന പാൽ നിറമുള്ള കുതിരയുടെ വാലിൽ കറുപ്പ് നിറമുണ്ടെന്ന് പന്തയം വെച്ചു വിനത കദ്രുവിന്റെ ദാസി ആയി മാറി.
ഗരുഡൻ ജനിച്ചപ്പോൾ മാതാവിന്റെ ദാസ്യം മാറുവാൻ വേണ്ടി എന്ത് ചെയ്യണമെന്ന് കദ്രുവിനോട് ചോദിച്ചു.
ദേവലോകത്തു ചെന്ന് അമൃത് കൊണ്ട് വന്നാൽ വിനതയെ ദാസ്യത്തിൽ നിന്ന് മോചിപ്പിക്കാം എന്ന് കദ്രുപറഞ്ഞു.
മാതാവിന് വേണ്ടി ഗരുഡൻ ദേവലോകത്തു ചെന്ന് അമൃത് എടുത്തു തിരികെ പറക്കുമ്പോൾ ദേവേന്ദ്രനുമായി യുദ്ധം ഉണ്ടായി.
യുദ്ധത്തിൽ തോറ്റ ദേവേന്ദ്രനോട് മാതാവിനെ ദാസ്യത്തിൽ നിന്ന് മോചിപ്പിച്ചു കഴിഞ്ഞാൽ അമൃത് തിരികെ കൊണ്ട് പൊക്കോളാൻ ഗരുഡൻ പറഞ്ഞു.
ഗരുഡനെ ദേവേന്ദ്രൻ പിന്തുടർന്നു.
അമൃതുമായി ഗരുഡൻ ആശ്രമത്തിൽ കദ്രുവിനു സമീപം എത്തി.. നാഗമാതാവിനു സന്തോഷമായി.
അഗ്നിസാക്ഷിയായി പന്തം കൊളുത്തി വെച്ചു.
അതിനു മുന്നിൽ ഇലയിട്ട് അതിൽ ദർഭപ്പുല്ലു വിരിച്ചു.. അതിലേക്ക് ഗരുഡൻ അമൃത് കലശം വെച്ചു.
അമൃത് കലശം ഒന്ന് തുളുമ്പി അതിൽ നിന്ന് അമൃത് ഒഴുകി ദർഭപ്പുല്ലിൽ വീണു.. അന്ന് മുതൽ ദർഭ പവിത്രം എന്ന പേരിൽ അറിയപ്പെട്ടു.
സന്തോഷവതിയായ നാഗമാതാവ് ഗരുഡ മാതാവായ വിനതയെ ദാസ്യത്തിൽ നിന്ന് മോഹിപ്പിച്ചു.
കദ്രു മക്കളായ സർപ്പങ്ങളോട് അമൃത് കഴിക്കുവാൻ അരുവിയിൽ കുളിച്ചിട്ടു വരുവാൻ ആവശ്യപ്പെട്ടു.
സർപ്പങ്ങൾ കുളിക്കുവാൻ പുറപ്പെട്ടു.
പ്ലാവില കോട്ടി അതിൽ അമൃത് വിളമ്പി സർപ്പങ്ങൾക്ക് കൊടുക്കുവാൻ കദ്രു പോയ തക്കം നോക്കി ദേവേന്ദ്രൻ അമൃത് കലശം എടുത്തു ദേവലോകത്തേക്ക് പോയി.
പ്ലാവില എടുത്തു തിരികെ എത്തിയ കദ്രു അമൃത് കലശം കാണാതെ ബ്രഹ്മാവിനെ വിളിച്ചു വിലപിച്ചു.
കുളിച്ച് ശുദ്ധമായി അമൃത് കഴിക്കാൻ എത്തുന്ന സർപ്പസന്തതികളെ ഓർത്തു നാഗമാതാവ് കരഞ്ഞു.
കദ്രുവിനു മുന്നിൽ കൈയിൽ ഓട്ടുരുളിയുമായി ദേവശില്പി വിശ്വകർമ്മാവ് പ്രത്യക്ഷമായി..
ഓട്ടുരുളിയിൽ അരിപ്പൊടി, മഞ്ഞൾപ്പൊടി, ഇളനീർ, കദളിപ്പഴം, കവുങ്ങിൻ പൂക്കുല എന്നീ അഞ്ചു ദ്രവ്യങ്ങൾ പാലിൽ കലക്കി നുറും പാലും കൊടുത്തോളു, സർപ്പങ്ങൾ അത് അമൃത് പോലെ ഭക്ഷിച്ചു കൊള്ളുമെന്ന് വിശ്വകർമ്മാവ് അരുളിചയ്തു.
കത്തിച്ചു വെച്ച പന്തത്തിന് മുന്നിലുള്ള ഇലയിൽ പ്ലാവിന്റ ഇലയും, പച്ച പാളയും കോട്ടി നിരത്തി വെച്ചു നാഗമാതാവ് ഓട്ടുരുളിയിൽ നുറും പാലും വിളമ്പി.
ഏറ്റവും ഇളയ സർപ്പകുഞ്ഞാണ് ആദ്യം എത്തിയത്.. ദർഭയിൽ അമൃത് ഒഴുകിയ പാട് കണ്ട് ദർഭയിൽ ഒന്ന് നക്കി നോക്കി.
അമൃത് ഒഴുകിയ ദർഭ കൊണ്ട് നാവ് രണ്ടായി പിളർന്നു .. പിളർന്ന നാവു കൊണ്ട് സർപ്പം നുറും പാലും അമൃതായി ഭക്ഷിച്ചു.
പിന്നാലെ എത്തിയ എല്ലാ സർപ്പങ്ങളും ദർഭയിൽ നക്കി പിളർന്ന നാവ് കൊണ്ട് നുറും പാലും ഭക്ഷിച്ചു.
സന്തോഷവതിയായ നാഗമാതാവ് ഒരു നാഗത്തെ എടുത്തു വിശ്വകർമ്മാവിന് പൂണൂൽ ചാർത്തി കൊടുത്തു.
അന്ന് മുതൽ വിശ്വകർമ്മാവ് നാഗോപവീതനായി മാറി.
അവസാനം സ്വർണ്ണ വർണ്ണത്തോടെ ആയിരം ഫണവും വിരിച്ചു അമൃത് കഴിക്കുവാൻ കദ്രുവിന്റെ പ്രഥമ പുത്രൻ അനന്തൻ എത്തി.. ത്രിലോകവും നിറഞ്ഞു അമൃത് കഴിക്കുവാൻ എത്തിയ അനന്തനെ കണ്ട് നാഗമാതാവിന്റെ കണ്ണ് നിറഞ്ഞൊഴുകി..
രണ്ട് തുള്ളി കണ്ണീർ മുന്നിൽ ഓട്ടുരുളിയിൽ കലക്കി വെച്ച നുറും പാലിൽ വീണ് അശുദ്ധി ആയി.
അശുദ്ധിയായ നുറും പാലും കഴിക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ നാഗമാതാവ് ഉരുളി എടുത്തു അനന്തന്റെ മുന്നിൽ ഇലയിൽ കമഴ്ത്തി വെച്ചു കണ്ണീർ തുടച്ചു വിങ്ങിപ്പൊട്ടി.
മാതാവ് ഉരുളി മുന്നിൽ കമഴ്ത്തിയത് കണ്ട് അനന്തൻ ചെറിയ മണി നാഗരൂപം ധരിച്ചു ഭൂമിക്ക് അടിയിലൂടെ ഉരുളിയുടെ ഉള്ളിൽ പ്രവേശിച്ചു.
ഉരുളിക്കുള്ളിൽ എത്തിയ അനന്തൻ നാവ് നീട്ടി ഉരുളിയിൽ നക്കി..
നാവ് തൊട്ടത് മാതാവിന്റെ കണ്ണുനീരിൽ ആയിരിന്നു.
മാതാവ് മുന്നിൽ ഉരുളി കമഴ്ത്തിയ കാരണം അനന്തന് മനസ്സിലായി..
സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടി കരയുന്ന മാതാവിന്റെ ഉരുളിക്കടിയിൽ ഇരുന്നു കൊണ്ട് അനന്തൻ അനുഗ്രഹിച്ചു..
ഇനി മേലിൽ അരിപ്പൊടി, മഞ്ഞൾപൊടി, ഇളനീർ, കദളിപ്പഴം, കവുങ്ങിൻ പൂക്കുലയും പാലിൽ ചേർത്ത് സർപ്പങ്ങൾക്ക് നുറും പാലും നൽകിയാൽ അത് ഞാൻ അമൃതായി ഭക്ഷിച്ചു കൊള്ളാമേ.... എന്ന് നാഗമാതാവിനെ അനുഗ്രഹിച്ചു🙏 .. മാതാവിനെ മകൻ അനുഗ്രഹിക്കുന്ന അപൂർവ്വ ദൃശ്യം കണ്ട് ദേവകൾ പുഷ്പവൃഷ്ടി നടത്തി 🙏
നാഗരാജാവിന് മുന്നിൽ ആദ്യം നുറും പാലും വെച്ച് ഉരുളി കമഴ്ത്തിയത് കശ്യപ പത്നിയും, ദക്ഷപുത്രിയുമായ നാഗമാതാവ് കദ്രുവായിരുന്നു..
അങ്ങനെ സർപ്പങ്ങൾക്ക് മാത്രം ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം നുറും പാലും ആയി മാറി.. ഇതിനു പകരം വെക്കാൻ മറ്റൊരു വഴിപാടും സർപ്പത്തിനില്ല.
No comments:
Post a Comment