കണ്ണൂർ, തളാപ്പിലെ " മഖാനി " , യെപ്പററി കേട്ടിട്ടുണ്ടോ ?
💥💥💥💥💥💥💥💥💥💥
കണ്ണൂർ, മഖാനിയെ കുറിച്ചു അറിയായോ? മഖാനി എന്നത് , കണ്ണൂർ, തളാപ്പിനടുത്തുള്ള ഒരു പ്രധാന ബസ് സ്റ്റോപ്പാണ്. (എ കെ ജി ഹോസ്പ്പിറ്റലിനടുത്ത്). എന്തുകൊണ്ടാണ് , ഈ സ്റ്റോപ്പിന് , " മഖാനി " , എന്ന പേരുവന്നത്. ഞാൻ വർഷങ്ങൾക്ക് മുമ്പേ, മനസ്സിൽ കരുതി വെച്ചിരുന്ന ഒരു ചോദ്യമായിരുന്നു അത്. ഞാൻ , അതിന്റെ ഉത്തരത്തിന്, ചോദിച്ചവരാരും , ശരിയായ മറുപടി , നൽകിയിരുന്നില്ല. പയ്യന്നൂർ കണ്ണൂർ റൂട്ടിൽ തളാപ്പിനടുത്ത് , റോഡരികിൽ സ്ഥിതി ചെയ്യുന്ന, (പ്രശസ്തമായ J J S ആശുപ്പത്രിയുടെ , എതൃ വശത്ത് സ്ഥിതിചെയ്യന്ന )ബസ് സ്റ്റോപ്പാണ് "മഖാനി". ആ സ്റ്റോപ്പിന് മുട്ടി റോഡരികിൽ , ഒരു കബറിസ്ഥാൻ കാണാം. ഒരു പ്രധാന കബറിന്റെ ചുറ്റും ചുമർ ഡിസൈൻ കെട്ടി തിരിച്ച്, അത് മുഴുവൻ പച്ച വർണ്ണമുള്ള പെയിന്റടിച്ച് അതി മനോഹരമാക്കിയത് കാണാം. എല്ലാ ബസുകളും നിർത്തുന്ന ആ സ്റ്റോപ്പ്, കുഞ്ഞും നാളിലേ ഞാൻ കേട്ടുതുടങ്ങിയിരുന്നു , അത് "മഖാനി " സ്റ്റോപ്പാണെന്ന് . ആ സ്റ്റോപ്പിൽ റോഡരികിൽ , പച്ച വർണ്ണം കൊണ്ടു് അലംകൃതമാക്കിയ , ആ ഖബറിസ്താൻ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റും. കഴിഞ്ഞ ഞായറാഴ്ച്ച, 07/08/2022 ന് രാവിലെ, മഖാനിയെപ്പറ്റി അറിവു ശേഖരിക്കാൻ , സുഹൃത്ത്, സത്യൻ ചാലാടിനേയും ഒന്നിച്ചു കൂട്ടി , ആ സ്ഥലത്ത് എത്തി ചേർന്നു ,ആ കബർ,അനേകം വർഷങ്ങൾക്ക് മുമ്പ് അറേബ്യയിൽ നിന്ന് (മെക്ക - മദീന)വന്നിരുന്ന ഒരു മുസ്ലീം വര്യന്റെതാണെന്ന, അറിവ്, ശേഖരിക്കാൻ സാധിച്ചു.. ആ മുസ്ലീം വര്യന്റെ , നാമം "സഹദ് ഷാ " എന്നായിരുന്നു. അതേ അവസരം, മറെറാരു , സൂഫി വര്യൻ അദ്ദേഹത്തിന്റെ ഒന്നിച്ച്, അറേബ്യയിൽ നിന്ന് അവിടെ എത്തി ചേർന്നിരുന്നുവെന്നുo, അദ്ദേഹത്തിന്റെ നാമം സഹദുള്ള ഷാ ഹജ്ജുൽ ഹറമൈൻ എന്നതായിരുന്നുവെന്നും അറിയാൻ കഴിഞ്ഞു. ആദ്യം സൂചിപ്പിച്ച , സൂഫി വര്യന്റെ (സഹദ് ഷാ ) ഖബറാണ് , റോഡരികിൽ , ചുറ്റും ഡിസൈൻ ഗെഡങ്ങു കെട്ടി കൊണ്ട് നിർമ്മിച്ചു ,പച്ച വർണ്ണം പൂശി , സംരക്ഷിപോരുന്നത് ( ചിത്രത്തിൽ A എന്നെഴുതി താഴോട്ട് ). സഹദ് ഷായുടെ ആഗ്രഹമായിരുന്നു , അദ്ദേഹത്തിന്റെ ഖബർ, തുറന്ന സ്ഥലത്ത് മഴയും വെയിലും കൊള്ളുന്ന വിധത്തിൽ, നിർമ്മിച്ചു വെക്കണമെന്നു. സഹദ് ഷാ യുടെ ഖബറിസ്ഥാനിൽ ,ഒരുപാട് വിശ്വാസികൾ , പ്രാർത്ഥന നടത്താൻ വരാറുണ്ട്. അവിടെ വിശ്വാസികൾ , നേർച്ച നേരുന്ന സമ്പ്രദായമുണ്ട്. മനസ്സിൽ വല്ലതും പ്രാർത്ഥിച്ചാൽ, അതു ഫലിച്ചാൽ , ആ ഖബറിസ്ഥാനിൽ ചെറുമൺ വിളക്കിൽ (ചിരാഗ് ) എണ്ണ ഒഴിച്ച് തിരി കത്തിച്ച്, ആ ഖബറിന്റെ തലഭാഗത്ത് വെക്കാറുണ്ട്. അത് ഇന്നും തുടരുന്നു.🌹🌹🌹എന്നാൽ സഹദ് ഷായുടെ ഒന്നിച്ച്, അവിടെ എത്തി ചേർന്ന , രണ്ടാമത് പറഞ്ഞ സൂഫി വര്യനായ സഹദുള്ള ഷ ഹജ്ജുൽ ഹറമൈന്റെ , കബർ, ആദ്യം സൂചിപ്പിച്ച ഖബറിസ്ഥാന്റെ പിറകിലൂടെ പോകുന്ന റോഡ് വഴി ഏകദേശം 25 മീറ്റർ അകലത്ത് കിടക്കുന്ന സ്ഥലത്താണ് കിടക്കുന്നത്. ആ ഖബർ ഒരു മക്ബരക്കുള്ളിലാണ് കെട്ടിയിട്ടുള്ളത് (ചിത്രത്തിൽ B എന്നെഴുതി താഴോട്ട് ) ആ മക്ബര വളരെ കമനീയമായ പച്ച വർണ്ണാലംകൃതമായി, ചുറ്റും വനവൃക്ഷാദികളാൽ ചുററപ്പെട്ട വിധത്തിലാണ്. ആ മഖ്ബരയുടെ ഇറയത്ത് എത്തുമ്പോൾ തന്നെ, നമ്മുടെ മനസ്സ് ശാന്തമാകും , ഏർ കണ്ടീഷൻ ചെയ്ത മുറിയിൽ എത്തിയതുപോലെ പ്രകൃതിയിൽ നിന്ന് തണുപ്പനുഭവപ്പെടും. അതിനുള്ളിൽ സഹദുള്ള ഷാ ഹജ്ജുൽ ഹറമൈൻ,എന്ന സൂഫി വര്യന്റെ ഖബർ കാണാം. ആ ഖബറിന്റെ തല ഭാഗത്ത് ഓട്ട് തൂക്ക് വിളക്കിൽ, എരിയുന്ന ദീപം കാണാം , ആ ദീപത്തിന്റെ സമീപം, പല നേർച്ചക്കാരും , നേർച്ച നേർന്ന്, അർപ്പിച്ച , നല്ലെണ്ണയും വെളിച്ചെണ്ണയും നിറച്ച ബോട്ടിലുകൾ അടുക്കി വെച്ചതായി കാണാം. വിശ്വാസികൾ , തങ്ങളുടെ മനോവിഷമ ഘട്ടത്തിൽ, മഖാനി സൂഫി വര്യന്മാരെ മനസ്സിൽ സങ്കൽപ്പിച്ച് തങ്ങളുടെ വിഷമം ദൂരീകരിക്കണമെന്ന് പ്രാർത്ഥിച്ച്, അനുകൂല ഫലം കാണുന്ന മുറക്ക് , അവിടേക്ക് എള്ളെണ്ണയോ വെളിച്ചെണ്ണയോ പശുവിൻ നെയ്യോ (പ്രാർത്ഥന അനുസരിച്ച് ) മഖ്ബരയിലെ വിളക്ക് കത്തിക്കാൻ എത്തിക്കുന്നു. ചിലർ പണമായും നേർച്ചപ്പെട്ടിയിൽ ഇടാറുണ്ട്. ആ മഖ്ബരയിൽ, രണ്ട് മുസ്ലീം പുരോഹിതർ, ഇടവിട്ട് ഇടവിട്ട് , കാര്യനിർവ്വഹണങ്ങൾ നടത്താനായിട്ടുണ്ട്. പണ്ട് , ഈ രണ്ടു സൂഫി വര്യന്മാർക്കും ചിറക്കൽ തമ്പുരാൻ, ഈ പറഞ്ഞ സ്ഥലങ്ങളക്കം അനേകം ഏക്കർ സ്ഥലം പതിച്ചു നൽകിയിരുന്നുവെന്നു , അതിൽ പെടുന്ന സ്ഥലത്താണ് മഖ്ബരയും ഖബറിസ്താനും പണി കഴിപ്പിച്ചതെന്നും മനസ്സിലാക്കാൻ പറ്റി🌸🌸🌸 ഇവിടെ മഖാമുള്ളതിനാലാണ് , മഖാനി എന്ന പേരിലറിയപ്പെടുന്നത് എന്നു മനസ്സിലാക്കുന്നു. ഹിന്ദുക്കളും, കൃസ്ത്യാനികളും , മുസൽമാൻമാരും ഈ രണ്ടു സ്ഥലത്തും കാര്യസാദ്ധ്യത്തിന് നേർച്ച നേരാറുണ്ട്.🌻🌻🌻 എനിക്ക് കൊച്ചുന്നാൾ മുതൽ മഖാനിയെ പറ്റി അറിവുണ്ടായിരുന്നു. പണ്ടൊക്കെ നമ്മുടെ തറവാട്ടിൽ . ഒട്ടുറുമ്മ (ഒരു തരം വണ്ട് ) തീരാശല്ല്യമുണ്ടാക്കാറുണ്ടായിരുന്നു , ആദ്യം ഒരു ഓട്ടുറുമ്മയെ കാണാം , പിന്നെ മിനുട്ടുകൾക്കകം, അനേകം ഓട്ടുറുമ്മകൾ അവിടെ പ്രത്യക്ഷപ്പെടുമായിരുന്നു , വല്ലാത്ത ശല്യം ചെയ്തു കൊണ്ട്. ചിലപ്പോൾ ഒരു മുറം ഉപയോഗിച്ച് കോരി കടത്തേണ്ടുന്നത്ര ഓട്ടുറുമകളെ കാണാം, അതിനെ ഒരു സ്ഥലത്ത് കൂട്ടിയിട്ട് ചുട്ടെരിച്ചാലും വീണ്ടും അത് പ്രത്യക്ഷപ്പെട്ടു ശല്യം തുടരുമായിരുന്നു. പണ്ട് ആ സമയത്ത് , എന്റെ അമ്മമ്മ (അമ്മയുടെ അമ്മ) മഖാനിയെ വിളിച്ച് നേർച്ച വിളിക്കാറുണ്ടായിരുന്നു , ഈ ഓട്ടുറുമശല്യം പോയാൽ ഞാൻ ഒരു കൂപ്പി പശുവിൻ നെയ്യുമായി മക്കാനിയിലെത്തും (ആ വിളിയിൽ ഫലം കണ്ട ഉടനെ , എന്റെ അമ്മമ്മ നെയ് കൊടുത്തയക്കുന്നത് ഞാൻ പണ്ട് അമ്മ പറഞ്ഞിരുന്നത് കേട്ടറിഞ്ഞിട്ടുണ്ട് )
ഇന്നും എന്റെ സുഹൃത്തുക്കളായ പലരും ചില കാര്യങ്ങൾക്കു മഖാനിയിൽ നേർച്ച നേരുന്നതും എണ്ണ കൊടുത്തയക്കുന്നതും എനിക്ക് നേരിട്ടുള്ള അറിവാണ്.🌹🌹🌹 ഈ വിശ്വാസങ്ങൾ, മറ്റു ചില നിരീശ്വരവാദികൾക്കും , ശാസ്ത്രീയമായി മാത്രം ജീവിക്കുന്നവർക്കും അന്ധവിശ്വാസമായിരിക്കാം.
No comments:
Post a Comment