Thursday, May 13, 2021

അക്ഷയ ത്രിതീയ

ഇന്ന് അക്ഷയതൃതീയ

*🌹അക്ഷയതൃതീയയുടെ മഹത്വം🌹*

അക്ഷയം എന്നാൽ ഒരിക്കലും നാശമില്ലാത്തത്. 
എത്ര എടുത്താലും തീരാത്തത് എന്നെല്ലാം അർത്ഥം.

സൂര്യൻ പാണ്ഡവർക്ക് അവരുടെ വനവാസകാലത്തു സമ്മാനിച്ച അക്ഷയപാത്രത്തെപ്പറ്റി കേട്ടിരിക്കുമല്ലോ.
 എത്ര എടുത്താലും നിറയുന്ന പാത്രം .  കൗരവരോടു ചൂതിൽ തോറ്റ് വനവാസത്തിനു പുറപ്പെട്ട പാണ്ഡവരെ നിരവധി ബ്രാഹ്മണർ അനുഗമിച്ചു. അവർക്കു ഭക്ഷണം നല്കാൻ വഴികാണാതെ വിഷമിച്ച ധർമപുത്രർ ധൗമ്യമഹർഷിയുടെ ഉപദേശപ്രകാരം സൂര്യനെ തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തി. 
സൂര്യൻ വരം നല്കി
“അഭീഷ്ടമെന്താണ് നിനക്കതൊക്കെ കെെവരും
ഞാനന്നം നല്കീടുമേഴുമഞ്ചു വർഷത്തിലേക്കുതേ
ഇച്ചെമ്പുപാത്രം കൈക്കൊൾക ഞാൻ തന്നതു നരാധിപ, 
പാഞ്ചാലിയിതിലെ ചോറുണ്ണും വരേയ്ക്കും ദൃഢവ്വത, 
ഫലമൂലം ശാകമാംസം മടപ്പള്ളിയിൽ വച്ചവചതുർ
വിധാന്നങ്ങളു മങ്ങൊടുങ്ങാതേന്തി വന്നിടും 
പതിന്നാലാമാണ്ടു പിന്നെ രാജ്യം നേടീടുമേ ഭവാൻ' ”

എന്ന് ആശീർവദിച്ച് ധർമ്മപുത്രർക്ക് പാത്രം ദാനം ചെയ്തു. പാഞ്ചാലിയുടെ ഭക്ഷണം കഴിയുന്നതുവരെ ദിവസവും അവർ ആഗ്രഹിക്കുന്ന ഭക്ഷണസാധനങ്ങൾ അതിൽനിന്നും ലഭിച്ചിരുന്നു. 

മേടമാസത്തിലെ കറുത്തവാവ് കഴിഞ്ഞാൽ വൈശാഖ മാസം ആരംഭിക്കുന്നു. വൈശാഖത്തിലെ വെളുത്ത പക്ഷത്തിലെ തൃതിയ ആണ് അക്ഷയതൃതീയ. ഏറ്റവും പുണ്യമേറിയതാണ് വൈശാഖ കാലം. കലിയുടെ പ്രഭാവത്താൽ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ കർമ്മപ്പിഴകൾ ഈ പുണ്യ മാസം ചെയ്യുന്ന സൽക്കർമ്മങ്ങൾ കൊണ്ട് ഇല്ലാതാവുന്നു. കലിക്ക് ശക്തി കുറയുന്ന കാലം. ഈ സമയത്ത് ചെയ്യുന്ന പുണ്യകർമ്മ ഫലത്താൽ കലിയുടെ ദോഷങ്ങൾ ബാധിക്കാതെ അത് ഒരു രക്ഷാകവചമായി തീരും എന്നൊരു ഗുണം കൂടി പറയുന്നുണ്ട്.

വൈശാഖ മാസത്തിലെ പ്രധാനപ്പെട്ട ഒരു ദിനമാണ് അക്ഷയ തൃതീയ. വേദവ്യാസൻ മഹാഭാരത കഥ എഴുതിത്തുടങ്ങിയതും ഈ പുണ്യ ദിനം തന്നെയാണ് എന്നുപറയപ്പെടുന്നു . കുചേലൻ കൃഷ്ണനെ കാണാൻ പോയതു അക്ഷയ തൃതീയ ദിവസമാണ്. അക്ഷയതൃതീയ ബലരാമജയന്തിയാണ്; പരശുരാമൻ ജനിച്ചത് ഈ നാളിലാണെന്നും , ഭഗീരഥൻ തപസ്സ് ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കിറക്കിയത് ഈ ദിനത്തിലാണെന്നുമൊക്കെ ഐതിഹ്യങ്ങൾ  വേറെയുമുണ്ട്. വൈശാഖമാസത്തിലാണ് നരസിംഹമൂർത്തിയുടെ ജനനം. അതൊക്കെ കൊണ്ടാണ് വൈശാഖ മാസം പുണ്യമായി തീർന്നത്. ഈ മാസത്തിൽ വിഷ്ണുപൂജയ്ക്കും ഭാഗവതപാരായണത്തിനും കൂടുതൽ പ്രാധാന്യം ഉണ്ട് .

ഈ പുണ്യ ദിനത്തിൽ ദാന ധർമ്മങ്ങൾ നടത്തുക പിതൃതർപ്പണം ചെയ്യുക, പുണ്യഗ്രന്ഥങ്ങൾ വായിക്കുക , ഭാഗവതശ്രവണം ചെയ്യുക ,സത്സംഗം, പൂജ , ജപം തുടങ്ങിയ സല്ക്കർമ്മങ്ങളാണ് ചെയ്യേണ്ടത് . അന്ന് ചെയ്യുന്ന കർമ്മങ്ങൾക്കെല്ലാം അക്ഷയഫലത്തെ (നശിക്കാത്തത്) പ്രദാനം ചെയ്യുന്നു എന്ന് വിഷ്ണു പുരാണത്തിലും നാരദ ധർമ്മസൂത്രത്തിലും ഉണ്ട്. ഈ ദിവസം പുണ്യകർമ്മങ്ങൾ  ചെയ്യുന്നവർക്ക്  വിഷ്ണുവിൻറെ  ദർശനം ലഭിക്കുമെന്നും, സർവ്വ  പാപങ്ങളിൽ  നിന്നും മുക്തി പ്രാപിക്കുമെന്നും അക്ഷയമായ പുണ്യം കൈവരുമെന്നും പുരാണങ്ങളിൽ പറയപ്പെടുന്നു. ദുഷ്ക്കർമ്മങ്ങളാണെങ്കിൽ അവയ്ക്കും അക്ഷയ ഫലങ്ങൾ ഉണ്ടാകും .

വിശന്നു വലഞ്ഞു വരുന്നവർക്ക്  ആഹാരം കൊടുക്കുക, ദാഹജലവും, വസ്ത്രദാനവും ചെയ്യുക, അതിഥികളെ ഉപചരിക്കുക, സജ്ജനങ്ങളെ ആദരിക്കുക , സ്നേഹവും ആത്മാർത്ഥതയും ഉള്ള വാക്കുകൾ കൊണ്ട് മറ്റുളവരെ ആശ്വസിപ്പിക്കുക തുടങ്ങിയ സല്ക്കര്മ്മങ്ങൾ അക്ഷയ തൃതീയയിൽ  അനുഷ്ഠിക്കുവാൻ വ്യാസഭഗവാൻ ഉപദേശിക്കുന്നുണ്ട്. ഈ സുദിനത്തിൽ  വ്രതാനഷ്ഠാനങ്ങളോടെ ശ്രീകൃഷ്ണ പരമാത്മാവിനെ ധ്യാനിച്ച് പാപമോചനം പ്രാപിച്ച പലരുടെയും കഥകൾ  പുരാണേതിഹാസങ്ങളിൽ  വിവരിക്കുന്നു. വിഷമഘട്ടത്തിലായിരുന്ന ദേവേന്ദ്രനോട്
ബൃഹസ്പതി ഉപദേശിക്കുന്നത് ഇപ്രകാരമാണ്:

“ഇന്ദ്രാ ഒട്ടും വിഷമിക്കേണ്ടതില്യ അക്ഷയ തൃതീയയിൽ യഥാവിധി സ്നാന, ദാന, വ്രത ശുദ്ധിയോടെ ഭഗവാനെ ഭജിച്ചാൽ എല്ലാ പാപങ്ങളും നശിക്കും ദേവദേവനായ പരമാത്മാവിന്റെ പ്രീതി ലഭിക്കും.”

എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ദാന ധർമ്മാദികൾക്ക് വളരെ പ്രാധാന്യം എടുത്തു പറയുന്നു. ആ ദാനം എങ്ങിനെ ഉള്ളതായിരിക്കണം എന്നും പറയുന്നുണ്ട്.നമുക്ക് ഏറ്റവും പ്രിയങ്കരമായ വസ്തുക്കൾ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതുപോലെ ദാനം ചെയ്താൽ അക്ഷയമായ ഫലം ലഭിക്കുമെന്ന് പുരാണങ്ങൾ ഉൽഘോഷിക്കുന്നു. ഇതെല്ലം ഉൾക്കൊണ്ടുകൊണ്ട് ഈ അക്ഷയ തൃതീയ പുണ്യ ഗ്രന്ഥങ്ങൾ വായിക്കുക , ഭാഗവത ശ്രവണം ചെയ്യുക ,സത്സംഗം , പൂജ , ജപം, ദാനം എന്നീ സൽക്കർമ്മങ്ങളാൽ മനസ്സ് കണ്ണനോട് ചേർത്ത് വച്ച് കൃഷ്ണപ്രേമത്തെ വളർത്താം . എല്ലാവർക്കും ഉള്ളിൽ ആത്മാവായി കുടികൊള്ളുന്ന ആ കണ്ണനുള്ള പ്രേമപൂജയായി എല്ലാവരെയും മനസ്സ് നിറയെ ആത്മാർഥമായി സ്നേഹിക്കാം.🙏

No comments:

Post a Comment

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...